25 January Monday

പിഎസ്‌സിയുടെ സ്വീകാര്യത തകര്‍ക്കാനുള്ള ശ്രമം ഗൗരവതരം; അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട ആരെയും സംരക്ഷിക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

തിരുവനന്തപുരം> സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മൂന്ന് മാസക്കാലം തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കാലപ്പഴക്കമനുസരിച്ച് ജൂലൈ 31 നുള്ളില്‍ തന്നെ തിട്ടപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ പരാതികളില്‍ നടപടി എടുക്കുക എന്നത് പരമപ്രധാനമാണ്. അത്തരം കാര്യങ്ങളില്‍, അതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പരാതികള്‍ ബാക്കിയുണ്ടെങ്കില്‍ മന്ത്രിമാര്‍ നേരിട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും. പിഎസ്‌സി യുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി പാലിക്കാനും നടപ്പാക്കാനുമാണ് ശ്രമിച്ചുവരുന്നത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സി പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. 1, 100,00 പിഎസ് സി നിയമനമാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്നത്.

 22,000 തസ്തികകളും സൃഷ്ടിച്ചു. പിഎസ്‌സി യില്‍ നിയമനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. ശക്തമായ ഇടപെടല്‍ ഇത്തരത്തില്‍ നടത്തുന്നതിനിടെയാണ് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തിയുണ്ടാക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് പിഎസ്‌സി നേരിട്ടാണ് പരീക്ഷ നടത്തുന്നത്. പുറത്തുനിന്ന് യാതൊരു ഇടപെടലുമില്ല. മറ്റ് സംസ്ഥാനങ്ങളില്‍ അത്തരത്തില്‍ ഇല്ല.

അതിനാല്‍ പിഎസ്‌സി ക്ക് വലിയ സ്വീകാര്യതയാണുള്ളത്. അവരുടെ വിശ്വാസ്യത വര്‍ധിച്ചു. സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കുന്നത്‌ ഗൗരവതരമായി കാണേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ പ്രചരണം നടന്നു. എന്നാല്‍ വസ്തുത അതായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി.

  ഇപ്പോഴും പിഎസ്‌സിക്കെതിരെ വ്യാപക പ്രചരണമാണ് നടക്കുന്നത്. എന്തെങ്കിലും വിഷയം തിരുത്തേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തടസവും അതിനില്ല. ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കാന്‍ രാജ്യത്ത് നടക്കുന്ന ശ്രമത്തിന്റെ ഭാഗമായി, എല്ലാ പൊതുസംവിധാനങ്ങളെയും തകര്‍ക്കുക എന്നത് വിവിധ മേഖലയില്‍ നടന്നുവരുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായിട്ട് കൂടി പിഎസ് സിക്കെതിരായ നീക്കങ്ങളെ കാണണം.

 അക്കാദമിക് മികവെടുത്താല്‍ കേരളത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് ഒന്നാമതാണെന്ന് കാണാനാകും. പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 70 ശതമാനം പേരും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കുന്നു. 32 റാങ്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചു. എന്നാല്‍ നിര്‍ഭാഗ്യകരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട ആരെയും സംരക്ഷിക്കില്ല. കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

കോളേജില്‍ ഒരു അക്രമവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കോളേജിനെ പൂര്‍ണമായി തകര്‍ത്ത് ഇല്ലാതാക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്നും ഉയരുന്നത് സമൂഹം ഗൗരവമായി കാണണം. പോരായ്മകള്‍ തുടര്‍ന്നുണ്ടാകാതിരിക്കാന്‍ ആവശ്യമായ ചര്‍ച്ച നടത്തി ഉതകുന്ന സമീപനം സ്വീകരിക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top