25 August Sunday

കേരള പുനർനിർമാണത്തിൽ ഉറച്ചകാൽവെപ്പോടെ മുന്നോട്ട്; രാജ്യാന്തര വികസന പങ്കാളി സംഗമം വൻവിജയം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

തിരുവനന്തപുരം> കേരളത്തിന്റെ പുനർനിർമാണം ലക്ഷ്യമിട്ടു നടത്തുന്ന പ്രവർത്തനങ്ങളിൽ സുപ്രധാന ചുവടുവെപ്പാണ് കോവളത്ത് നടന്ന രാജ്യാന്തര വികസന പങ്കാളിസംഗമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന സംഗമത്തിനു പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഉണ്ടായത് . പ്രളയനാന്തര പുനർനിർമാണത്തിനു ലോകബാങ്ക് പങ്കാളികളാകുമെന്ന് അറിയിച്ചിട്ടുണ്ട്. കോൺക്ലേവിൽ ലോകബാങ്ക് പ്രതിനിധി ജുനൈദ് അഹമ്മദാണ് ഈ പ്രഖ്യാപനം നടത്തിയത്. ലോകബാങ്ക് വികസന പങ്കാളിത്വം നൽകുന്ന രാജ്യാന്തര സംസ്ഥാനം എന്ന നിലയിൽ കേരള ഉയരുകയാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പൂർണതോതിലുള്ള ഡിസാസ്റ്റർ റിസ്ക് മാനേജ്‌മന്റ് സംവിധാനം സ്ഥാപിക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രളയനാന്തര പ്രവർത്തനങ്ങൾ എല്ലാം യോഗത്തിൽ പറഞ്ഞിട്ടുണ്ട്. ഇനിയെന്ത് ചെയ്യാൻ കഴിയുമെന്നത് ചർച്ചയിൽ തീരുമാനിച്ചു. ദുരന്ത സാധ്യതകളെ അറിയാനും അവയെ നേരിടാനും സംസ്ഥാനത്തെ തയ്യാറാക്കുക എന്നതാണ് വികസന സംഗമം മുന്നോട്ടുവെച്ചത്.

സാധാരണയുള്ള പദ്ധതി പങ്കാളികൾ എന്നതിലുപരി വികസന പങ്കാളി എന്ന നിലയിലാണ് ലോകബാങ്ക് കേരളത്തിന്റെ പുനർനിർമാണത്തിനു സഹായിക്കാമെന്ന് അറിയിച്ചിട്ടുള്ളത്. അടുത്ത കാലത്തൊന്നും ലോകബാങ്ക് സ്വീകരിക്കാത്ത രീതിയാണിത്. എഡിബി, ജെഐസിഎ,  കേഎഫ്ഡബ്ല്യു, ന്യൂ ഡവലപ്പ്മെന്റ് ബാങ്ക് ഉൾപ്പെടെയുള്ളവരും പുനർനിർമാണത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

നഗരങ്ങളിലെ ജലവിതരണത്തിനും  റോഡുകൾക്കും അടക്കം സഹായം നൽകാമെന്ന് നബാർഡ്, ഹഡ്കോ എന്നീ ഏജൻസികൾ അറിയിച്ചു. ടാറ്റ ട്രസ്റ്റ് , ബില് ആൻഡ്മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ,  ഐഎഫ്ഡിസി ഫൗണ്ടേഷൻ എന്നിവയും പ്രത്യേകം തീരുമാനിക്കുന്ന  പദ്ധതികൾക്ക് സഹായം നൽകാമെന്നും വിവിധ വകുപ്പുകളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന് പിന്തുണ നൽകാമെന്നും അറിയിച്ചു. 

സർക്കാർതലത്തിൽ നേതൃപരമായി കൈക്കൊള്ളുന്ന നടപടികളും റീബിൽഡ് കേരള പദ്ധതി വഴി നടത്താനുദ്ദേശിക്കുന്ന വികസന ഇടപെടലുകളും സംബന്ധിചാണ് മുഖ്യമന്ത്രി  എന്ന നിലയിൽ സംസാരിച്ചത്. ദീർഘകാല വികസന പദ്ധതിയായ 'റീബിൽഡ് കേരള' വഴി അടിസ്ഥാനപരമായ പരിഷ്‌കാരങ്ങളും നൂതനമായ സമീപനവും ഉൾച്ചേർന്ന വികസന കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺക്ലേവിൽ ചർച്ച ചെയ്ത മേഖലകളും പദ്ധതികളും

ജലവിതരണം

10 മുനിസിപ്പാലിറ്റികളിൽ പ്രവർത്തനമേഖലയുള്ള 10 വാട്ടർ ട്രീറ്റ്‌മെൻറ് പ്ലാൻറുകൾ വാട്ടർ അതോറിറ്റി മുഖേന സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഗ്രാമീണമേഖലകളിൽ ജലവിതരണത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉത്പാദനം, വിതരണം ഉൾപ്പെടെയുള്ളവ ശക്തിപ്പെടുത്താനാവുന്ന 12 പദ്ധതികൾ പരിഗണനയിലുണ്ട്.

 ജല അതോറിറ്റിയുടെ പൂർണമാകാത്ത പദ്ധതികളുടെ പൂർത്തീകരണം, സോളാർ ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ ഉപയോഗം, കാര്യക്ഷമതയില്ലാത്ത പമ്പുകൾ, ഇലക്ട്രിക്കൽ സംവിധാനം തുടങ്ങിയവ മാറ്റി സ്ഥാപിക്കൽ, തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്കായി സ്വീവറേജ്, സെപ്‌റ്റേജ് സംവിധാനം ഒരുക്കാൻ വിശദമായ പദ്ധതി രേഖ തയാറാക്കും.

സംയോജിത ജലവിഭവ മാനേജ്‌മെൻറ്

ഡാമുകളുടെയും റെഗുലേറ്ററുകളുടെയും കനാലുകളുടെയും പ്രളയാനന്തര അറ്റകുറ്റപ്പണി,  ഡാമുകളിലെയും റിസർവോയറുകളുടെയും മണൽനീക്കാൻ ആധുനിക സാങ്കേതിക സംവിധാനം തുടങ്ങിയവ  സംയോജിത ജലവിഭവ മാനേജ്‌മെൻറ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും.
 
ശുചിത്വം

സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാൻറുകൾ, ഇ-വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻറ് സംവിധാനം, ഗ്‌ളാസ് വേസ്റ്റ് പുനഃചംക്രമണത്തിനും തരംതിരിക്കലിനും സൗകര്യം, സർക്കാർ ഓഫീസുകളിൽ കളക്ഷൻ സെൻററുകൾ, അജൈവ മാലിന്യ ശേഖരിക്കാനും തരംതിരിക്കാനും ജില്ലാതല സൗകര്യങ്ങൾ തുടങ്ങിയവ ശുചിത്വത്തിന്റെ ഭാഗമായി ഒരുക്കും.

നഗരവികസനം

ജല വിതരണ പദ്ധതികൾ, സീവറേജ്, സെപ്‌റ്റേജ് മാനേജ്‌മെൻറ് സൗകര്യം, സ്‌റ്റേം വാട്ടർ ഡ്രെയിനേജ്, നഗര ഗതാഗത പദ്ധതികൾ, നഗര തദ്ദേശസ്ഥാപനങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയവ നഗര വികസന പദ്ധതികളിൽ പ്രാമുഖ്യം നേടിയിട്ടുണ്ട്.

ഉപജീവനം

ഉപജീവന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് നയപരമായ ഇടപെടലുണ്ടാകും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് അധിക തൊഴിൽ ദിനങ്ങൾ. യുവാക്കൾക്ക് വിവിധ തൊഴിലുകൾക്ക് ഉതകുംവിധമുള്ള നൈപുണ്യപരിശീലനം, കുടുംബശ്രീകൾക്ക് കമ്യൂണിറ്റി എൻറർപ്രൈസ് ഫണ്ട്, എല്ലാ വാർഡുകളിലും കമ്യൂണിറ്റി ഡിസാസ്റ്റർ മാനേജ്‌മെൻറ് ഫോഴ്‌സ് എന്നിവ പദ്ധതിയിലുണ്ട്.

വനം

സ്വാഭാവിക വനങ്ങളെ സംരക്ഷിക്കുന്നതിനും നാട്ടിലെ ചെറിയ വനങ്ങളും കാവുകളും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾക്ക് പിന്തുണ നൽകും. തദ്ദേശീയമായ സസ്യജാലങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള സംവിധാനത്തിന് മുൻഗണന നൽകും. തണ്ണീർത്തടങ്ങളും നദികളും സംരക്ഷിക്കുന്നതിനും അവയുടെ പരിസരത്തുള്ള കാടുകളെ സംരക്ഷിക്കുന്നതിനും വനവകുപ്പ് ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പിലാക്കുകയും അതിനെ ഉപജീവനവുമായി ബന്ധപ്പെടുത്തുകയും ചെയ്യും.

മത്സ്യമേഖല

ജലസംഭരണികളിൽ മത്സ്യകൃഷി നടത്തുന്നതിനും മുത്ത് പോലെയുള്ളവ കൃഷി ചെയ്യുന്നതിനുമുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കും. ഗ്രാമീണ മേഖലയിൽ തൊഴിൽ ഉണ്ടാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. തദ്ദേശീയമായുള്ള മത്സ്യങ്ങളെ പരിരക്ഷിക്കുന്നതിന് ഊന്നൽ നൽകും

കൃഷി

ഗ്രാമീണ മാർക്കറ്റുകളുടെ ശാക്തീകരണം, അട്ടപ്പാടിക്ക് സമഗ്രവും സുസ്ഥരവുമായ കാർഷിക വികസന പദ്ധതി, അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി, കുട്ടനാട്ടിലും കോൾ നിലങ്ങളിലും വെള്ളപ്പൊക്കനിയന്ത്രണത്തിന് പദ്ധതി തുടങ്ങിയവ കൃഷി വിഭാഗത്തിൽ മുൻഗണനയിലുണ്ട്.

മണ്ണ്, ജല സംരക്ഷണം

കുളങ്ങളുടെ സംരക്ഷണം, വാർഡ്തല സോയിൽ ഹെൽത്ത് മാപ്പിംഗ്, വാട്ടർഷെഡ് മാനേജ്‌മെൻറ്, മേഖലാടിസ്ഥാനത്തിലുള്ള സൂക്ഷ്മ ജലസേചനം എന്നിവ മണ്ണ് ജല സംരക്ഷണ പദ്ധതികളുടെ ഭാഗമായി  നടപ്പാക്കും.
 
മൃഗസംരക്ഷണം

പേവിഷ പ്രതിരോധ വാക്‌സിൻ നിർമാണം, കന്നുകാലികൾക്ക് സമഗ്ര ഇൻഷുറൻസ് പാക്കേജ്, മാർജിൻ ഫ്രീ വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ കൂടാതെ കാലിതീറ്റ ഉത്പാദനത്തിന് വിപുലമായ പദ്ധതി, ഡയറി സോണുകളുടെ രൂപീകരണം തുടങ്ങിയവ യാണ് ഈ വിഭാഗത്തിൽ ഉള്ളത്.

റോഡുകളും പാലങ്ങളും

റോഡുകളുടെ മാനേജ്‌മെൻറിന് പൊതുമരാമത്ത് വകുപ്പിന് ഇൻസ്റ്റിറ്റിയൂഷണൽ റോഡ് മാപ്പ് രൂപീകരിക്കും. ജിയോ-സ്‌പേഷ്യൽ മാപ്പുകൾ ഉൾപ്പെടെതുള്ള റോഡ് മെയിൻറനൻസ് മാനേജ്‌മെൻറ് സിസ്റ്റവും സൃഷ്ടിക്കും. റോഡുകൾക്ക് മൈക്രോ സർഫസിംഗ്, കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗം എന്നിവ പരിഗണിക്കും

ഗതാഗതം

ഗതാഗതമേഖലയുടെ നവീകരണത്തിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും മാനേജ്‌മെൻറിനുമായി 'ടെക്‌നിക്കൽ ഡയറക്ടറേറ്റ് ഓഫ് ട്രാൻസ്‌പോർട്ട്' സ്ഥാപിക്കും. കേരളമാകെ ഗ്രീൻ ബസ് കോറിഡോറുകളും സ്ഥാപിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top