23 August Friday

നെടുങ്കണ്ടം കസ്‌റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം; ആറ്‌ മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

തിരുവനന്തപുരം > നെടുങ്കണ്ടം കസ്‌റ്റഡി മരണക്കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ്‌ തീരുമാനം. ആറ്‌ മാസത്തിനകം അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ്‌ അന്വേഷണ കമീഷനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ജ നാരായണക്കുറുപ്പ്‌ കമീഷനായിരിക്കും സംഭവം അന്വേഷിക്കുക.

രാജ്‌കുമാറിന്റെ മരണത്തിൽ പൊലീസ്‌ അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും ഒരേസമയം കൃത്യമായി നടക്കും. പൊലീസിനകത്ത്‌ ഇത്തരം ആളുകളുണ്ട്‌. അത്‌ രുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ്‌. ഇടുക്കി എസ്‌പിക്കെതിരെയും നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്‌. അതും അന്വേഷണം നടക്കുന്നു. അന്വേഷിച്ചശേഷം അതിനനുസരിച്ചുള്ള നടപടികളുണ്ടാകും.

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അതീവ ഗുരുതരമായ ക്രമക്കേടുകളാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. 102 ൽ 97 ഗർഡറുകൾക്കും വിള്ളൽ വീണിട്ടുണ്ട്‌. തുടക്കം മുതൽ അപാകതയുണ്ട്‌. ഡിസൈനിൽത്തന്നെ ശാസ്‌ത്രീയമായ പ്രശ്‌നങ്ങളുള്ളതായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. നിർമാണത്തിന്‌ ആവശ്യമായ സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട്‌ കോൺക്രീറ്റിന്‌ ആവശ്യത്തിന്‌ ബലമില്ല.

18 പിയർ ക്യാപ്പുകളിൽ 16 ലും പ്രത്യക്ഷത്തിൽത്തന്നെ വിള്ളലുകളുണ്ട്‌. 3 എണ്ണം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലാണ്‌. 10 മാസംകൊണ്ട്‌ മാത്രമേ പാലം പൂർവ്വ സ്ഥിതിയിലാക്കാൻ കഴിയൂ. ഇ ശ്രീധരൻ, അളകാ സുന്ദരമൂർത്തി, മഹേഷ്‌ ഠണ്ടൻ, ഷൈൻ വർഗീസ്‌, എം അശോക്‌ കുമാർ, എസ്‌ മനോ മോഹൻ, അലക്‌സ്‌ പി ജോസഫ്‌ തുടങ്ങിയവരുള്ള സംഘമാണ്‌ പാലത്തിൽ പരിശോധന നടത്തിയതും തുടർ നടപടികൾ അറിയിച്ചതും.

എന്നാൽ പാലത്തിന്റെ അടിത്തറക്ക്‌ പ്രശ്‌നങ്ങളില്ല എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അപകടാവസ്ഥ കണ്ടെത്തിയ 17 കോൺക്രീറ്റ്‌ സ്‌പാനുകളും മാറ്റണം. 42 കോടി മുടക്കി നിർമിച്ച പാലം 18.5 കോടികൂടി മുടക്കിയാലേ പൂർവ്വസ്ഥിതിയിലാകുകയുള്ളൂ. 100 വർഷം എങ്കിലും ഉപയോഗിക്കേണ്ട പാലമാണ്‌ 2 വർഷംകൊണ്ട്‌ തകർന്നത്‌. കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്‌.

പാലം നിർമാണത്തിലെ അപാകത സംബന്ധിച്ച്‌ വിജിലൻസ്‌ അന്വേഷണം നടക്കുന്നുണ്ട്‌. മറ്റ്‌ അന്വേഷണത്തിനായി പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തിയശേഷം കുറ്റക്കാർക്കെതിരെ നടപടികളുമ ഉണ്ടാകും ‐ മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top