07 July Tuesday

തുളുനാടിനെ ഇളക്കിമറിച്ച്‌ ജനനായകൻ; മഞ്ചേശ്വരം ഇതുവരെ കാണാത്ത ജനസഞ്ചയം

മുഹമ്മദ‌് ഹാഷിംUpdated: Sunday Oct 13, 2019

കാസർകോട്‌ > തുളുനാടിനെ ഇളക്കി മറിച്ച്‌ ജനനായകന്റെ പടയോട്ടം. എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികൾ. പുത്തിഗെ ഖത്തീബ്‌ നഗറിലും  പൈവളിഗെ നഗറിലും മംഗൽപാടി പഞ്ചായത്തിലെ ഉപ്പളയിലുമായി പതിനായിരങ്ങളാണ്‌ മുഖ്യമന്ത്രിയുടെ പൊതുയോഗത്തിനെത്തിയത്‌. മഞ്ചേശ്വരത്തിന്റെ ചരിത്രത്തിൽ നാളിതുവരെ കാണാത്ത ജനസഞ്ചയമാണ്‌ മുഖ്യമന്ത്രിയെ കേൾക്കാനെത്തിയത്‌.

യുഡിഎഫിന്റെയും ബിജെപിയുടെയും വർഗീയരാഷ്‌ട്രീയത്തിനെതിരെ, മതനിരപേക്ഷതയുടെ പ്രതീകമായ എം ശങ്കർ റൈയെ വിജയിപ്പിക്കാൻ വോട്ടർമാർ തീരുമാനിച്ചുവെന്ന്‌ വ്യക്തമാക്കുന്നതായി പൊതുയോഗങ്ങളിലെ  പ്രതികരണം. എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന അപവാദപ്രചാരണങ്ങൾക്ക്‌ പിണറായി ശക്തമായി മറുപടി പറഞ്ഞപ്പോൾ വലിയ ആരവമാണ്‌ ജനങ്ങളുയർത്തിയത്‌. കർഷകസമരങ്ങളിലൂടെ  കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം ശക്തിപ്പെട്ട, എ കെ ജിയുടെ സമരപഥങ്ങളായ പുത്തിഗെയുടെയും പൈവളിഗെയുടെയും  ഹൃദയഭൂമിയിലൂടെയായിരുന്നു പിണറായിയുടെ ശനിയാഴ്‌ചത്തെ പര്യടനം.

എൽഡിഎഫ്‌ പ്രകടനപത്രികയിലെ 600 വാഗ്‌ദാനങ്ങളിൽ 53 എണ്ണംമാത്രമാണ്‌ ഇനി നടപ്പാക്കാനുള്ളതെന്നും നാലാം വർഷം പൂർത്തിയാകുമ്പോൾ അതും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ്‌ ഭരണകാലത്ത്‌ രാജ്യത്ത്‌ അഴിമതിയിൽ ഒന്നാമതായിരുന്നു കേരളം. രാഷ്‌ട്രീയജീർണതയാൽ കുട്ടികൾ കാണുമെന്നു ഭയന്ന്‌ വീട്ടിൽ ടിവി തുറക്കാൻ  ഭയന്ന കാലത്തിൽനിന്ന്‌ മാറി സംശുദ്ധ രാഷ്‌ട്രീയ സംസ്‌കാരം തിരികെ കൊണ്ടുവന്നു. കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നാലുമണിക്കൂർകൊണ്ടെത്തുന്ന സെമി സ്‌പീഡ്‌ റെയിൽപാത യാഥാർഥ്യമാകുമെന്ന്‌ വികസന നായകൻ ഉറപ്പിച്ച്‌ പറഞ്ഞപ്പോൾ വലിയ കരഘോഷമായിരുന്നു.

തുളു ഭാഷയെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ പി കരുണാകരൻ എംപിയായിരുന്നപ്പോൾ നടത്തിയ പ്രവർത്തനവും ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള എൽഡിഎഫിന്റെ  പ്രതിബദ്ധതയാണ്‌ കാട്ടുന്നതെന്നും പിണറായി പറഞ്ഞു. സർക്കാരിന്‌ കരുത്തുപകരാനും മുന്നേറ്റം തുടരാനും ശങ്കർ റൈയെ വിജയിപ്പിക്കണമെന്ന്‌ മുഖ്യമന്ത്രി അഭ്യർഥിച്ചപ്പോൾ  തുളുനാടൻ ജനത ഹർഷാരവത്തോടെ സ്വീകരിച്ചു. 
വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി എം ശങ്കർ റൈ,  മന്ത്രിമാരായ ഇ പി ജയരാജൻ, ഇ  ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി , സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, പി കെ ശ്രീമതി, സിപിഐ നേതാവ്‌ കെ ഇ ഇസ്‌മായിൽ, ഐഎൻഎൽ നേതാവ്‌ കാസിം ഇരിക്കൂർ എന്നിവർ സംസാരിച്ചു. ഖത്തീബ്‌ നഗറിൽ കൃഷ്‌ണ ആൽവ അധ്യക്ഷനായി. ശിവപ്പ റൈ സ്വാഗതം പറഞ്ഞു. പൈവളിഗെ നഗറിൽ എം സി അജിത്ത്‌ അധ്യക്ഷനായി.  അബ്ദുറസാഖ്‌ ചിപ്പാർ സ്വാഗതം പറഞ്ഞു.  ഉപ്പളയിൽ കെ എസ്‌ ഫക്രുദീൻ അധ്യക്ഷനായി. സാദിഖ്‌ ചെറുഗോളി സ്വാഗതം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top