Deshabhimani

വോട്ട് ഏതും വാങ്ങാമെന്നാണോ 
കോൺഗ്രസ് നിലപാട് : മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:18 AM | 0 min read


കൂത്തുപറമ്പ്
വോട്ട് ഏതും വാങ്ങാമെന്നാണോ കോൺഗ്രസ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് സ്ഥാനാർഥികൾക്ക് പരസ്യ പിന്തുണയുമായി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വന്നപ്പോൾ കോൺഗ്രസ് എന്തുപറഞ്ഞു. നാലു വോട്ടിനുവേണ്ടി ഏത് വർഗീയതയും കൂട്ടുപിടിക്കാം എന്നാണോ കോൺഗ്രസ് കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഹായമുണ്ടായെന്ന് കോൺഗ്രസ് നേതാവ് തുറന്നുപറഞ്ഞു. അഭിമാനത്തോടെയാണ് വർഗീയകക്ഷികളുടെ സഹായം സ്വീകരിച്ചെന്ന് പറയുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ഒരുഘട്ടത്തിലും ഇടതുപക്ഷം ധാരണ ഉണ്ടാക്കിയിട്ടില്ല. സ്ഥാനാർഥിയെ നോക്കി പിന്തുണ നൽകുന്ന രീതി അവർക്കുണ്ടായിരുന്നു. പൊന്നാനിയിൽ ടി കെ ഹംസയും എം പി ഗംഗാധരനും സ്ഥാനാർഥിയായപ്പോൾ എം പി ഗംഗാധരനെയാണ് അവർ പിന്തുണച്ചത്. ഇതിന്റെ മാനദണ്ഡം എന്തായിരുന്നുവെന്നതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല. വർഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്നുപറയാൻ ഇടതുപക്ഷം ആർജവം കാട്ടിയിട്ടുണ്ട്. ഒരുകാലത്തും ഇവരുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കിയിട്ടില്ല. എന്നാൽ, കോൺഗ്രസ് ഇപ്പോൾ അതിൽ അഭിമാനം കൊള്ളുകയാണ്. വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നിയമ ഭേദഗതിയിലൂടെ കേന്ദ്രം നടത്തുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ നിലപാടിന്റെ ഭാഗമാണിതും. ഇക്കാര്യത്തിൽ സഖ്യകക്ഷികളിൽനിന്നുതന്നെ ബിജെപിക്ക് എതിർപ്പ് നേരിടേണ്ടിവന്നു.

മുനമ്പം പ്രശ്നത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായാണ് ഇടപെട്ടത്. കാലങ്ങളായി അവിടെ താമസിക്കുന്നവർ തെറ്റുചെയ്തതായി സർക്കാർ കരുതുന്നില്ല. അവിടെ താമസിക്കുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തും. ആരെയും ഒഴിപ്പിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഇത് വഖഫ് ബോർഡും അംഗീകരിച്ചു. മുനമ്പം പ്രശ്നം യോജിപ്പോടെ പരിഹരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home