22 September Sunday

ജനങ്ങളെ ഒന്നിച്ചുനിർത്തി പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്നതാണ്‌ സർക്കാരിന്റെ ശക്‌തി; വാഗ്‌ദാനങ്ങൾ പാലിച്ചാണ്‌ മുന്നോട്ട്‌ പോകുന്നത്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

തിരുവനന്തപുരം> ജനത്തെ ഒന്നിച്ചുനിർത്തി പ്രതിസന്ധികളെ അതിജീവിക്കാൻ ആണ്‌  സർക്കാർ ശ്രമിച്ചിട്ടുള്ളതെന്നും  ഈ ഒരുമയാണ് സർക്കാരിന്റെ ശക്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ഓഖിയേയും നിപയേയും പ്രളയത്തേയും നേരിട്ടവരാണ് നമ്മളെന്നും  പ്രളയാനന്തരം ഒരു നവകേരളം കെട്ടിപ്പടുക്കാൻ ഒരുമയോടെ പരിശ്രമിക്കുകയാണ്‌ നമ്മളെന്നും സർക്കാരിന്റെ  മൂന്ന്‌ വർഷത്തെ പ്രവർത്തങ്ങൾ പരാമർശിച്ച്‌ മുഖ്യമന്ത്രി ഫേസ്‌‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.


മുഖ്യമന്ത്രിയുടെ ഫേസ്‌‌ബുക്ക്‌ പോസ്‌റ്റ്‌ ചുവടെ

സംസ്ഥാനത്ത് ഇടതു സർക്കാർ അധികാരമേറ്റിട്ട് മൂന്ന് വർഷം പൂർത്തിയാകുന്നു.തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ചാണ് സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുന്നത്. വാഗ്ദാനങ്ങൾ എത്രത്തോളം പാലിച്ചു എന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നു പറയുന്ന പ്രോഗ്രസ് കാർഡ് പുറത്തിറക്കി സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യുന്നു.

അവശതയനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകുന്ന ക്ഷേമപെൻഷനുകൾ ഇരട്ടിയാക്കി വീട്ടിലെത്തിച്ചു നൽകിയാണ് സർക്കാർ അവരോടുള്ള പ്രതിബദ്ധത പ്രകടമാക്കിയത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ആയ ഭൂമി, വീട് ,ഭക്ഷണം, ആരോഗ്യം , വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കായിരുന്നു മുൻഗണന. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ സർക്കാരാണിത്. ലൈഫ് പദ്ധതിയിലൂടെ ഒരുലക്ഷത്തിലധികം കുടുംബങ്ങളുടെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടത്. ഒന്നേകാൽ ലക്ഷത്തോളം കുടുംബങ്ങൾക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. വിശപ്പുരഹിത കേരളത്തിലേക്ക് നാം ചുവടുവച്ച് തുടങ്ങി.

നമ്മുടെ പൊതു വിദ്യാലയങ്ങൾ ഹൈടെക് ആക്കി മാറ്റി. കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്ക് അയച്ച കേരളീയ സമൂഹം സർക്കാരിന്റെ പദ്ധതി ഏറ്റെടുത്തു. മികച്ച നിലവാരത്തിലുള്ള ആശുപത്രികൾ സാധാരണക്കാരനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആർദ്രം പദ്ധതിയിലൂടെ നടത്തിയ ഇടപെടലുകൾ ആരോഗ്യമേഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിച്ചു. ജില്ലാ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സക്കായി കാത്ത് ലാബ് യുനിറ്റുകളും താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകളും സജ്ജമാക്കി മികച്ച ചികിത്സ സാധാരണക്കാരനും പ്രാപ്യമാക്കുകയായിരുന്നു സർക്കാർ ചെയ്തത്. നിപയെ ഫലപ്രദമായി പ്രതിരോധിക്കാനായതും പ്രളയാനന്തര കേരളത്തെ പകർച്ചവ്യാധികളില്ലാതെ സംരക്ഷിക്കാനായതും പൊതുജനാരോഗ്യരംഗം ശക്തമാക്കിയതു മൂലമാണ്.

ഹരിത കേരളം പദ്ധതിയിലൂടെ ഒഴുക്കു നിലച്ച പുഴകളുടെ ഒഴുക്ക് വീണ്ടെടുത്ത് തരിശിട്ട പാടങ്ങളിൽ കതിരണിയിച്ചു. വിഷമില്ലാത്ത പച്ചക്കറി കൃഷി വ്യാപിപ്പിച്ച് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് പ്രധാന ചുവടു വച്ചു. വലിയൊരു പ്രളയത്തെ നാം അഭിമുഖീകരിച്ചപ്പോൾ കൂടുതൽ വിളവുണ്ടാക്കി നമ്മുടെ കർഷകർ അതിജീവിച്ചത് സന്തോഷകരമാണ്.

അരികുവൽക്കരിക്കപ്പെട്ട ജനതയെ മുഖ്യധാരയിലേക്ക് ഉയർത്താനുള്ള വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കി. ആദിവാസി വിഭാഗങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവരിൽ നിന്നും 75 പേർക്ക് പ്രത്യേക റിക്രൂട്ട്മെന്റ് വഴി പോലീസിൽ നിയമനം നൽകി . മത്സ്യതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള 173 പേരാണ് തീരദേശ പോലീസിൽ നിയമനം നേടിയത്. പൊലീസിൽ സ്ത്രീകളുടെ പ്രത്യേക ബറ്റാലിയൻ ആരംഭിച്ചു എന്നു മാത്രമല്ല സ്ത്രീസുരക്ഷയ്ക്ക് ഉയർന്ന പരിഗണന സർക്കാർ നൽകുകയും ചെയ്തു. ക്രമസമാധാനനില ഭദ്രമാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്തു തന്നെ ആദ്യ സ്ഥാനങ്ങളിലാണ് കേരളം. അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന പദവിയും കേരളത്തിനാണ്.

ഈ മൂന്നു വർഷവും പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കുന്നതിന് വൈവിധ്യമാർന്ന പദ്ധതികൾ സർക്കാർ നടപ്പാക്കി. സ്കൂൾ കുട്ടികൾക്ക് സൗജന്യയൂണിഫോം പദ്ധതിയിലൂടെ കൈത്തറി മേഖലയിൽ തൊഴിൽ ഉറപ്പു വരുത്തി. കശുവണ്ടി മേഖലയിലും കയർ മേഖലയിലും തൊഴിൽ ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. അധികാരമേൽക്കുമ്പോൾ 130 കോടി രൂപ നഷ്ടത്തിലായിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ മൂന്നു വർഷം പൂർത്തിയാകുമ്പോൾ 240 കോടിയിലധികം രൂപ ലാഭത്തിലേക്ക് എത്തി. ഐ ടി മേഖലയിൽ വൻകിട കമ്പനികളെ കേരളത്തിലെത്തിക്കുകയും അധിക തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്തു.

വഴിമുട്ടി നിന്നിരുന്ന വികസനപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തതാണ് മൂന്നു വർഷത്തെ പ്രധാന നേട്ടം. ഗെയിൽ, ദേശീയപാതാ വികസനം, ദേശീയ ജലപാതാ വികസനം തുടങ്ങിയ പദ്ധതികളിൽ സംസ്ഥാന സർക്കാരിൻറെ ഇടപെടൽ വലിയ മാറ്റം ഉണ്ടാക്കി. കാലത്തിന് അനുയോജ്യമായ നിർമ്മാണരീതികൾ സ്വീകരിച്ച് പൊതുമരാമത്തും മുന്നോട്ടു കുതിക്കുന്നു. കിഫ് ബിയിലൂടെ കേരളത്തിലെ വികസന സ്വപ്നങ്ങൾ നിറവേറ്റാനാണ് ശ്രമം.

ഓഖിയേയും നിപയേയും പ്രളയത്തേയും നേരിട്ടവരാണ് നമ്മൾ. മലയാളികളെ ഒന്നിച്ചുനിർത്തി പ്രതിസന്ധികളെ അതിജീവിക്കാൻ ആയിരുന്നു സർക്കാർ ശ്രമിച്ചത്. പ്രളയാനന്തരം ഒരു നവകേരളം കെട്ടിപ്പടുക്കാൻ ഈ ഒരുമയാണ് സർക്കാരിന്റെ ശക്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top