18 February Monday
പുനർനിർമാണത്തിലും ഒരുമ ഉറപ്പാക്കണം

വിഭവസമാഹരണത്തിന‌് കേന്ദ്രം തടയിടുന്നു: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday Jan 22, 2019

തിരുവനന്തപുരം > പ്രളയാനന്തര കേരളത്തെ ശിക്ഷിക്കുന്ന നിലപാടുകളാണ‌് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പുനർനിർമിതിക്കാവശ്യമായ വിഭവങ്ങളില്ലാത്തതാണ‌് സംസ്ഥാനം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി. വിഭവ സമാഹരണത്തിനുള്ള എല്ലാ മാർഗങ്ങൾക്കും കേന്ദ്രം തടസ്സമാകുന്നു. ഇത്തരമൊരു നിലപാട‌് എന്തുകൊണ്ടാണെന്ന‌് മനസ്സിലാകുന്നില്ല.

കേരള സർവകലാശാല ഇന്റർ യൂണിവേഴ‌്സിറ്റി സെന്റർ ഫോർ ആൾട്ടർനേറ്റിവ‌് ഇക്കണോമിക‌്സ‌് സംഘടിപ്പിക്കുന്ന ‘കേരള സമ്പദ‌് വ്യവസ്ഥയുടെ പുനഃസംഘടന: ബദൽ കാഴ‌്ചപ്പാട‌്’ എന്ന വിഷയത്തിൽ അന്താരാഷ്ട്രസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ചരക്കുസേവന നികുതി സംസ്ഥാനങ്ങളുടെ തനത‌് വിഭവശേഷി കുറച്ചു. നികുതിനിർണയത്തിനുള്ള അവകാശം ഇല്ലാതാക്കിയതോടെ സ്വന്തം നിലയിലുള്ള വിഭവസമാഹരണം അസാധ്യമായി. വലിയതോതിലുള്ള സഹായങ്ങളാൽമാത്രമേ കേരളത്തിന‌് പ്രതിസന്ധി മറികടക്കാനാകൂ. ഇക്കാര്യത്തിൽ കേന്ദ്രനിലപാട‌്  ദൗർഭാഗ്യകരമാണ‌്. യുഎഇ സർക്കാർ വാഗ‌്ദാനം ചെയ‌്ത 700 കോടി രൂപ കേന്ദ്രം തടഞ്ഞു. ഇതോടെ മറ്റ‌് രാജ്യങ്ങളുടെ വാഗ‌്ദാനങ്ങളും സ്വീകരിക്കാനാകാതെയായി. ലോകമെമ്പാടുമുള്ള മലയാളികൾ സംഭാവന വാഗ‌്ദാനം ചെയ‌്തു. ഇത‌് സ്വീകരിക്കുന്നതിന‌്‌ മന്ത്രിമാർ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതും തടഞ്ഞു. 

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ രംഗങ്ങളിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ‌്. ഇതിന്റെ ഫലമായി കേന്ദ്ര പദ്ധതികളിൽ സംസ്ഥാനത്തിന‌് അർഹമായ വിഹിതം ലഭിക്കുന്നില്ല. വിവിധ രംഗങ്ങളിൽ കേരളം ഉണ്ടാക്കിയ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി, മാനദണ്ഡങ്ങളുടെ പേരുപറഞ്ഞ‌് അർഹതയുള്ള സഹായവും നിഷേധിക്കുന്നു. എല്ലാവർക്കും ലഭിക്കുന്ന സഹായംപോലും നിഷേധിക്കുന്ന രീതി രക്ഷിക്കലല്ല, ശിക്ഷിക്കലാണ‌്.
എല്ലാ ഭിന്നതകളും മറന്ന‌്,  കേരളത്തിന്റെ ഒരുമ ദൃശ്യമാക്കിയ രക്ഷാ–-ദുരിതാശ്വാസപ്രവർത്തനങ്ങൾ ലോകമാതൃകയായി. നവകേരള സൃഷ്ടിയജ്ഞത്തിലും ഈ ഐക്യം ഉറപ്പാക്കണം. പ്രളയ കഷ്ടനഷ്ടത്തിൽനിന്ന‌് കര കയറുന്ന പ്രവർത്തനങ്ങൾക്കൊപ്പം സ്വാഭാവികപുരോഗതി ലക്ഷ്യമിട്ട‌് സർക്കാർ തുടങ്ങിയ പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണവും ഉറപ്പാക്കണം. നവകേരള നിർമിതിക്ക‌് ലോകത്തിന്റെയാകെ അറിവും ശേഷിയും സ്വാംശീകരിക്കണം. ഇക്കാര്യത്തിൽ അക്കാദമികസമൂഹം വലിയ പങ്ക‌് വഹിക്കുന്നു.

ദുരന്തങ്ങൾക്കൊപ്പം മറ്റുചില വെല്ലുവിളികളും നാം നേരിടേണ്ടതുണ്ട‌്. പ്രവാസികൾ അയക്കുന്ന സമ്പത്തിന്റെ അളവ‌് കുറയുന്നത‌് വലിയ പ്രതിസന്ധിയിലേക്ക‌് നാട‌് പോകാൻ സാധ്യതയുള്ളതിന്റെ ലക്ഷണമായി തിരിച്ചറിയണം. വിദേശത്തെ ആശ്രയിച്ചുള്ള തൊഴിലവസരമൊരുക്കൽ പ്രയാസകരമാകുന്നു. യുവജനങ്ങളുടെ വിദ്യാഭ്യാസയോഗ്യതയ‌്ക്കും പ്രൊഫഷണൽ നൈപുണ്യത്തിന‌ും അനുസൃതമായ തൊഴിലവസരങ്ങൾ ഒരുക്കേണ്ടതുണ്ട‌്. കാർഷികോൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റണം. വ്യവസായത്തിനൊപ്പം കൃഷിയെയും വികസിപ്പിച്ചുള്ള മുന്നോട്ടുപോക്കേ സാധ്യമാകൂ. ഇക്കാര്യങ്ങളെല്ലാം നവകേരള നിർമിതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top