13 August Thursday

ഫാസിസത്തിന്‌ മുന്നിൽ രാജ്യം മുട്ടുമടക്കില്ല; ചലച്ചിത്രമേള അടിച്ചമർത്തപ്പെട്ടവർക്കൊപ്പം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

തിരുവനന്തപുരം > ഫാസിസത്തിന്‌ മുന്നിൽ രാജ്യം മുട്ടുമടക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമത ശബ്‌ദമുയർത്തുന്നവരെ നിശബ്‌ദമാക്കാനുള്ള ശ്രമം നടക്കുകയാണ്‌. അടിച്ചമർത്തപ്പെട്ടവർക്കും മർദ്ദിതർക്കുമൊപ്പമാണ്‌ ചലച്ചിത്രമേളയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ പറഞ്ഞു.

ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലെ മുഖ്യാതിഥിയായ അര്‍ജന്‍റീനിയന്‍ സംവിധായകന്‍ സോളാനസിന്‍റെ ജീവിതം ഉദ്ധരിച്ചാണ് അദ്ദേഹം സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയത്.

സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുകയും ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത സോളാനസിന് ഒരിക്കല്‍ തെരുവില്‍ വച്ച് വെടിയേറ്റു. വെടി കൊണ്ടു പരിക്കേറ്റ ആംബുലന്‍സിലേക്ക് കയറുമ്പോള്‍ സോളാനസ് വിളിച്ചു പറഞ്ഞത് അര്‍ജന്‍റീന മുട്ടുകുത്തുകയില്ല, താന്‍ നിശബ്ദനാവാനും പോകുന്നില്ല എന്നായിരുന്നു. വെടിയേറ്റു പിടയുമ്പോഴും നിലപാടുകള്‍ ഉയര്‍ത്തി പിടിക്കുന്ന ആ വിപ്ലവകാരിയാണ് ഇപ്പോള്‍ നമ്മുക്കൊപ്പം ഈ വേദിയിലുള്ളത്.

വിമതശബ്ദം ഉയര്‍ത്തിയതിന് വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്‍റേയും നരേന്ദ്ര ദാബോല്‍ക്കറുടേയും കുല്‍ബര്‍ഗിയുടേയും ശബ്ദം മുഴങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. രാഷ്ട്രീയബോധമുള്ളവര്‍ക്ക് ആവേശം പകരുന്നതാണ് അദ്ദേഹത്തിന്‍റെ സാന്നിധ്യം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ നമ്മുക്കും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ മുട്ടുകുത്തുകയില്ല.... നമ്മള്‍ നിശബ്ദരാവാനും പോകുന്നില്ല...

ഐഐഎഫ്കെ വേദിയില്‍ മുന്‍വര്‍ഷങ്ങളില്‍ വന്നു പോയ പ്രകാശ് രാജിനെ പോലുള്ളവര്‍ പറഞ്ഞത് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഒരേ ഒരിടം കേരളമാണ് എന്നാണ്. സമഗ്രാധിപത്യത്തിനും ഫാസിസത്തിനും മുന്നില്‍ മുട്ടുകുത്താതെ വഴങ്ങാതെ നിവര്‍ന്നു നില്‍ക്കാനും അഭിപ്രായം വെട്ടിത്തുറന്നു പറയാനുമുള്ള നിശ്ചദാര്‍ഢ്യം നേടാന്‍ സോളാനസിനെപ്പോലുള്ളവരുടെ സിനിമകള്‍ നമ്മളെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ എന്ന രാജ്യം ഇടുങ്ങിയ ചിന്തയുള്ള ഒന്നായി മാറുന്നതിൽ വിഷമം ഉണ്ടെന്ന് ഐഎഫ്എഫ്കെയില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി പറഞ്ഞു.

ചടങ്ങിൽ ഫെര്‍ണാന്‍ഡോ സൊളാനസിന് മുഖ്യമന്ത്രി ആജീവനാന്ത പുരസ്‌കാരം സമ്മാനിച്ചു.സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. മന്ത്രി എ കെ ബാലൻ അധ്യക്ഷനായ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായിരുന്നു. മേയർ കെ ശ്രീകുമാർ, കെ റ്റി ഡി സി ചെയർമാൻ എം വിജയകുമാർ, അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്‌സൺ ബീനപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, റാണി ജോർജ് ഐ എ എസ് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top