14 October Monday
ലഹരി ഉപയോഗം തടയാൻ ഇടപെടലുണ്ടാകും , സിനിമാ മേഖലയാകെ കുത്തഴിഞ്ഞതാണെന്ന 
അഭിപ്രായം സർക്കാരിനില്ല

റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചിട്ടില്ല; കുറ്റം ചെയ്താല്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


തിരുവനന്തപുരം
ഏത്‌ ഉന്നതനായാലും കുറ്റംചെയ്താൽ നിയമത്തിനുമുന്നിൽ എത്തിക്കുകയെന്നതാണ്‌ സർക്കാർ നിലപാടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക്‌ മൊഴിനൽകിയവർ പരാതി നൽകിയാൽ ഉചിതമായ ഇടപെടലുണ്ടാകുമെന്നതിൽ സംശയംവേണ്ട.  റിപ്പോർട്ട്‌ സർക്കാർ പൂഴ്‌ത്തിവച്ചിട്ടില്ല. പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശമുള്ളതിനാൽ റിപ്പോർട്ട്‌ പുറത്തുവിടരുതെന്ന്‌ ജസ്റ്റിസ്‌ ഹേമ തന്നെ കത്ത്‌ നൽകിയിരുന്നു–  മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. -   
 വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങളുള്ളതിനാലാണ്‌ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ വിവരാവകാശ കമീഷൻ നിരസിച്ചത്‌. സ്വകാര്യതാ ലംഘനമുള്ള ഭാഗമൊഴിവാക്കി റിപ്പോർട്ട് പരസ്യപ്പെടുത്താൻ കമീഷൻ പിന്നീട്‌ നിർദേശിച്ചു. ഇതിനൊരുങ്ങുമ്പോഴാണ്‌ കോടതിയിൽ തടസഹർജികളെത്തിയത്‌. നിയമതടസ്സം ഒഴിവായതിനുപിന്നാലെ റിപ്പോർട്ട്‌ പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവന്നതിൽ സർക്കാരിന്‌ ഒരെതിർപ്പുമില്ല.

ശുപാർശകൾ അതീവ പ്രധാന്യത്തോടെ നടപ്പാക്കാനാണ്‌  ശ്രമിച്ചത്‌. അടിയന്തരമായി പരിഗണിക്കേണ്ടതും ഉടൻ പരിഹാരംവേണ്ടതുമായ പ്രശ്നങ്ങൾക്ക്‌ ആദ്യഘട്ടത്തിൽ തീർപ്പുണ്ടാക്കി. വിശദ പരിശോധനയിലൂടെ നടപ്പാക്കേണ്ട ശുപാർശകൾ തുടർന്ന് പരിഗണിച്ചു. പൊതു മാർഗരേഖ കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടോയെന്ന പ്രശ്‌നം ചർച്ചചെയ്‌തു.

ലഹരി ഉപയോഗവും ലൈംഗികാതിക്രമങ്ങളും തടയണമെന്നതടക്കം റിപ്പോർട്ടിൽ ശുപാർശയുണ്ട്‌. ഇക്കാര്യത്തിൽ ക്രമസമാധാന ഏജൻസികൾക്ക് ഫലപ്രദമായി ഇടപെടാനാകും. ഷൂട്ടിങ്‌ സ്ഥലങ്ങളിലെ ഇ ടോയ്‌ലറ്റുകൾ,  വസ്ത്രംമാറാനുള്ള മുറികൾ, യാത്രയ്‌ക്കും താമസത്തിനും സുരക്ഷ തുടങ്ങിയവയിൽ സർക്കാരിനുമാത്രം തീരുമാനമെടുക്കാനാവില്ല. സിനിമാ കോൺക്ലേവിൽ ഇതും ചർച്ചയാകും.

സിനിമാ മേഖലയാകെ കുത്തഴിഞ്ഞതാണെന്ന അഭിപ്രായം സർക്കാരിനില്ല. എന്നാൽ അനഭിലഷണീയ പ്രവണതകളോട് സന്ധിയുണ്ടാകരുത്‌.  ചോദ്യംചെയ്യാനും മാന്യമായ വേതനമുറപ്പാക്കാനും സംഘടനകൾ മുൻകൈയെടുക്കണം. 

സിനിമയ്‌ക്കുള്ളിൽ ലൈംഗിക, സാമ്പത്തിക, മാനസിക ചൂഷണങ്ങൾ അനുഭവിക്കുന്നവർക്കൊപ്പമാണ്‌ സർക്കാർ. ഇരയ്‌ക്ക് നിരുപാധിക ഐക്യദാർഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് സർക്കാരിന്റെ മുഖമുദ്ര. അത്  പലതവണ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമാ നയം 
രൂപീകരിക്കും
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജസ്റ്റിസ്‌ ഹേമ കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങൾ സർക്കാർ നടപ്പാക്കുന്നത്‌ അതീവ ഗൗരവത്തോടെയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുകയെന്നത്‌ അടിയന്തിര സ്വഭാവത്തോടെ നടപ്പാക്കും എന്നുറപ്പാക്കിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

സിനിമാനയത്തിന്റെ കരട് തയ്യാറാക്കാൻ സംവിധായകൻ ഷാജി എൻ കരുൺ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌.  കരടുരേഖ ചർച്ച ചെയ്യുന്ന കോൺക്ലേവിൽ പ്രൊഡക്ഷൻ ബോയ്‌ മുതൽ സംവിധായകൻവരെ പങ്കെടുക്കും. സിനിമയ്‌ക്കുമുന്നിലും അണിയറയിലും ഉള്ളവരെ പങ്കെടുപ്പിച്ച്‌ വിപുലമായ ചർച്ച നടത്തിയാണ്‌ സിനിമാനയം രൂപീകരിക്കുക.

സിനിമാ, ടെലിവിഷൻ, സീരിയൽ രംഗത്തെ ചൂഷണം തടയാൻ ജുഡീഷ്യൽ ട്രൈബ്യൂണൽ വേണമെന്ന ശുപാർശയും പരിശോധിച്ചു. കേരള സിനി എപ്ലോയേഴ്സ് ആൻഡ്‌ എപ്ലോയീസ് (റെഗുലേഷൻ) നിയമം വേണമെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നുമുള്ള ശുപാർശയിൽ നടപടിയെടുക്കും.വനിതകൾക്ക്‌ പ്രൊഡക്ഷൻ മാനേജ്മെന്റ്‌, ക്യാമറ തുടങ്ങി വിവിധ മേഖലയിൽ പരിശീലനം നൽകുന്ന പദ്ധതി ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിനുശേഷം പ്രൊഫഷണൽ ഫിലിം പ്രൊഡക്ഷൻ കമ്പനികളിൽ തൊഴിലവസരമാരുക്കും. ആറുമാസം സ്റ്റൈപെന്റും അനുവദിക്കും. സിനിമയുടെ ഏതെങ്കിലും മേഖലയിൽ മികവുപുലർത്തുന്ന സ്ത്രീ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കായി 50,000 രൂപയുടെ പ്രത്യേക അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്‌.

വനിതാ സംവിധായകരും സാങ്കേതികപ്രവർത്തകരുമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്ന ശുപാർശ നടപ്പാക്കാൻ ഒന്നരക്കോടി രൂപയാണ്‌ ബജറ്റ്‌ വിഹിതം നൽകിയത്‌. നിലവിൽ നാല് സിനിമകൾ സർക്കാർ ധനസഹായത്തോടെ വനിതാ സംവിധായകരും സാങ്കേതികപ്രവർത്തകരും ചേർന്ന് പുറത്തിറക്കി. മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച നാട്ടിലാണ്‌ സ്ത്രീകൾക്ക്‌ സഹായംനൽകി സംവിധാനം ചെയ്യിച്ചതെന്നത്‌ കാനിൽപോലും ചർച്ചയായെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ലഭിച്ച പരാതികളിലെല്ലാം 
കേസെടുത്തു
ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വാങ്ങിയിട്ടും പൊലീസ്‌ നടപടിയെടുത്തില്ലെന്നത്‌ വസ്തുതകൾ വളച്ചൊടിച്ച്‌ നടത്തുന്ന പ്രചാരണമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.വനിതാ കമീഷന്റെ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ സാംസ്‌കാരിക വകുപ്പിനോട്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്‌. റിപ്പോർട്ടിലെ ഉള്ളടക്കം രഹസ്യമായി സൂക്ഷിക്കണമെന്ന ജസ്‌റ്റിസ്‌ ഹേമയുടെ കത്തിന്റെയും വിവരാവകാശ കമീഷണറുടെ ഉത്തരവും പകർപ്പുകൾക്കൊപ്പമാണ്‌ സാംസ്‌കാരിക വകുപ്പ്‌  അഡീഷണൽ സെക്രട്ടറി മറുപടി നൽകിയത്‌. റിപ്പോർട്ടിലെ ഏതെങ്കിലും വിഷയത്തിൽ കേസെടുക്കണമെന്ന്‌  ഹേമ കമ്മിറ്റിയുടെ ശുപാർശയില്ല. അതിനപ്പുറം, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യവുമുണ്ട്‌.

നടി ആക്രമിക്കപ്പെട്ട സംഭവമുൾപ്പെടെ സിനിമാ മേഖലയിൽ ഉയർന്ന ഏതുവിഷയത്തിലും നിയമനടപടിയുണ്ടായി. പീഡന പരാതികളിൽ നടിമാർ നൽകുന്ന പരാതികളിലെല്ലാം പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. അവസരം വാഗ്‌ദാനം ചെയ്‌ത്‌ സംവിധായകൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ വർഷം കേസെടുത്തു.  അഭിനയിപ്പിക്കാമെന്ന്‌  വാഗ്ദാനംചെയ്ത് പീഡിപ്പിച്ച പ്രമുഖ നടനെതിരെയും ലൈംഗിക താൽപ്പര്യത്തോടെ സമ്മർദം ചെലുത്തിയ  നടനെതിരെയും കേസെടുത്തു. അടുത്തകാലത്ത്‌ പോക്സോ കേസിൽ നടനെതിരെയും പീഡന പരാതിയിൽ സംവിധായകനെതിരെയും കേസെടുത്തിരുന്നു.

സിനിമക്കുള്ളിലെ സാമ്പത്തിക വഞ്ചന, പകർപ്പവകാശ ലംഘനം സൈബർ അധിക്ഷേപം തുടങ്ങിയ പല വിധ പരാതികളിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  പരാതി ലഭിച്ച കേസിലെല്ലാം മുഖം നോക്കാതെയുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘വില്ലന്മാർ വേണ്ട’
സിനിമയുടെ തിരക്കഥയിൽ വില്ലൻ കഥാപാത്രങ്ങളുണ്ടാകാമെങ്കിലും സിനിമാ വ്യവസായത്തിൽ വില്ലന്മാരുടെ സാന്നിധ്യം ഉണ്ടാകരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സിനിമയിൽ പുതിയ കാലഘട്ടത്തിന്റെ പ്രതിനിധികളുണ്ട്‌. അപ്രഖ്യാപിത വിലക്കുകൾകൊണ്ട് ആർക്കും ആരെയും ഇല്ലാതാക്കാനാകില്ലെന്നാണ് ഇവർ നമ്മോട്‌ പറയുന്നത്‌.

സിനിമയ്‌ക്കുള്ളിൽ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ പാടില്ല. മാന്യമായ പെരുമാറ്റവും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കാതെ മലയാളസിനിമയ്‌ക്ക് മുന്നോട്ട് പോകാനാകില്ല.  കഴിവുളള നടീനടന്മാരെ ഒറ്റപ്പെടുത്തുകയോ അവസരം നിഷേധിക്കുകയോ ചെയ്യരുത്‌. സിനിമയെ ശക്തിപ്പെടുത്താനാകണം ആശയപരമായ അഭിപ്രായഭിന്നത. ആരേയും ഫീൽഡ്‌ ഔട്ട് ആക്കാനോ കഴിവില്ലാത്തവർക്ക് അവസരം നൽകാനോ അധികാരം ഉപയോഗിക്കരുത്.കഴിവും സർഗാത്മകതയുമാകണം സിനിമയിലെ മാനദണ്ഡം. ഗ്രൂപ്പുകളോ കോക്കസുകളോ ഭരിക്കുന്നതാകരുത് സിനിമയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top