13 November Wednesday

ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും ഇക്കാലത്ത്‌ ഏറെ പ്രസക്തം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Friday Oct 11, 2019

തിരുവനന്തപുരം
ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും ഏതൊക്കെ മൂല്യങ്ങൾക്കു വേണ്ടിയായിരുന്നുവോ ആ മൂല്യങ്ങൾ ഏറെ പ്രസക്തമായ ഒരു കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടതിനാലാണ് ഗാന്ധിജിക്ക് വെടിയേറ്റത്. ലോകമേ തറവാട് എന്ന സങ്കല്പത്തിൽനിന്ന് രൂപപ്പെട്ടതാണ് അദ്ദേഹത്തിന്റെ ആദർശം. മാനവികതയിൽ ഊന്നിയ അതിവിശാലമായ ഒരു കാഴ്ചപ്പാടായിരുന്നു അത്. ഗാന്ധിജി സ്മരിക്കപ്പെട്ടുകൊണ്ടേയിരിക്കേണ്ടത് രാജ്യത്തിന്റെയും ജനതയുടെയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഖാദി വർക്കേഴ്‌സ്‌ ഫെഡറേഷനും ഖാദി ബോർഡ്‌ എംപ്ലോയീസ്‌ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഖാദിയും ഗാന്ധിജിയും സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  ഗാന്ധിജി ദേശീയസ്വാതന്ത്ര്യസമരത്തെ ഖാദികൊണ്ട്  ഓജസ്സുറ്റതാക്കി. സമരത്തെ ഖാദിയുടെ നൂലിഴകൾകൊണ്ട് ശക്തമാക്കി. അക്രമരഹിതമായ ഒരു ആയുധംകൂടിയായിരുന്നു ഖാദി. നാനാതരം ആളുകളുടെ ഐക്യത്തിന്റെ പ്രതീകമായി മാറാൻ ഖാദിക്ക് കഴിഞ്ഞു. ഖാദി എന്നത് കേവലം വസ്ത്രം മാത്രമല്ല, ഒരു സംസ്‌കാരം കൂടിയാണെന്നും ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനമാണെന്നും ഗാന്ധിജിയിലൂടെ നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. അനേകം പേർക്ക് ജീവനോപാധിയും പരിസ്ഥിതിസൗഹൃദപരവുമായ ഖാദി സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും അടയാളമാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞു. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, മാനവി കത തുടങ്ങിയ ഉന്നതമായ മൂല്യങ്ങൾ ഉൾച്ചേർന്നതായിരുന്നു ആ സന്ദേശം. പുതിയ തലമുറ അതേപ്പറ്റി കൂടുതൽ അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. കെ പി മോഹനൻ വിഷയാവതരണം നടത്തി. കേരള ഖാദി ഗ്രാമവ്യവസായബോർഡ് വൈസ് ചെയർപേഴ്സൻ ശോഭന ജോർജ്, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർപേഴ്‌സൻ സോണി കോമത്ത്‌, കേരള വില്ലേജ്‌ ഇൻഡസ്‌ട്രീസ്‌ കോർപറേഷൻ ഡെപ്യൂട്ടി സിഇഒ കെ പി ലളിതാമണി, ഖാദി ഗ്രാമവ്യവസായ ഫെഡറേഷൻ സെക്രട്ടറി കെ പി ഗോപാലപൊതുവാൾ, ഖാദി ഗ്രാമവ്യവസായ ബോർഡ്‌ ഡയറക്ടർ കെ എസ്‌ പ്രദീപ്‌കുമാർ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top