15 November Friday

പ്രളയം: പുനര്‍നിര്‍മാണം പരിസ്ഥിതി സൗഹൃദമാക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Sep 2, 2019

കണ്ണൂര്‍> പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം പൂർണമായും പരിസ്ഥിതി സൗഹൃദമാക്കാനാണ് ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയുമൊരു പ്രകൃതിക്ഷോഭം ഉണ്ടായാൽ അതിജീവിക്കാൻ പാകത്തിലുള്ള നിർമാണ രീതി അവലംബിക്കണം. ഇതിനായി ദേശീയ,- അന്തർദേശീയതലത്തിലുള്ളവരുടെ അനുഭവങ്ങളും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തും. ഹരിത കേരള മിഷന്‍ വിവിധ വകുപ്പുകളുമായിചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കടമ്പൂരിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഓരോരുത്തർക്കും തോന്നിയ പോലെ മണ്ണിൽ ഇടപെടുന്ന സ്ഥിതിക്ക് മാറ്റംവരണം. നിർമാണങ്ങൾക്കായി കല്ലും മണലും തന്നെ വേണമെന്ന വാശി ഉപേക്ഷിക്കണം. ഫാക്ടറി നിർമിത കെട്ടിടഭാഗങ്ങൾ ഒന്നിച്ചുചേർത്ത് ദിവസങ്ങൾക്കകം ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ നിർമിക്കുന്ന സാങ്കേതികവിദ്യ നിലവിലുണ്ട്. കല്ലുകളിൽ നിർമിച്ച കെട്ടിടങ്ങൾക്കു മാത്രമേ ഉറപ്പുണ്ടാവൂ എന്ന ചിന്ത മാറണം. തോന്നുന്നിടത്തെല്ലാം വീടുകൾ നിർമിക്കുന്ന രീതിയും അവസാനിപ്പിക്കണം. ഉരുൾപൊട്ടൽ ഉണ്ടാവാനിടയുള്ളതും സ്ഥിരമായി വെള്ളം കയറുന്നതുമായ സ്ഥലങ്ങളിൽ നിർമാണങ്ങൾ ഒഴിവാക്കണം. അത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർക്കായി ബദൽ സംവിധാനങ്ങൾ കണ്ടെത്തണം. 
സ്വന്തമായി സ്ഥലമില്ലാത്തവരാണെങ്കിൽ അവരെ സർക്കാർ പുനരധിവസിപ്പിക്കേണ്ടിവരും.

തോടുകളും കുളങ്ങളും മറ്റും നികത്തി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതാണ് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാവാൻ കാരണമായത്. പ്രളയം കൃഷിഭൂമിക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ഭൂമിയിലെ മേൽമണ്ണ് ഒഴുകിപ്പോയതുകാരണം അവ കൃഷിയോഗ്യമല്ലാതായി. കാർഷികമേഖലയിൽ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള മാർഗങ്ങൾ അവലംബിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top