23 January Thursday

പിഎസ്‌സി യുടെ കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാട്‌; കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

തിരുവനന്തപുരം>  കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങളൊക്കെത്തന്നെയും മാധ്യമധര്‍മ്മം മറന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ ഭാഗമായി പച്ചനുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് യാതൊരു പ്രയാസവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു മാര്‍ഗ്ഗം മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അതിനാല്‍ ഇത് പെട്ടെന്ന് ഇല്ലാതാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

 തൊഴിലുറപ്പ് പദ്ധതി എല്ലാക്കാലത്തേക്കും നടപ്പാക്കും എന്ന് ആരും വിചാരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ തന്നെ പറയാന്‍ തയ്യാറായിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ തൊഴലുറപ്പ് പദ്ധതിയെ തളര്‍ത്തുന്ന സാഹചര്യം വലിയ തോതില്‍ എതിര്‍ക്കപ്പെടേണ്ടതാണ്. കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ വിഷയം പെടുത്തി തൊഴിലുറപ്പ് പദ്ധതി തുടര്‍ന്നുപോകുന്നതിനുള്ള ശക്തമായ സമ്മര്‍ദ്ദനം ചെലുത്തുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന് ചെയ്യാനുള്ളത്.

 എല്ലാ ജില്ലകളിലും കളക്ടര്‍മാര്‍ നടത്തിയ മുന്നൊരുക്കത്തില്‍, പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ആര്‍ക്കെങ്കിലും ലഭ്യമാകാനുണ്ടെങ്കില്‍ മന്ത്രിമാര്‍ പങ്കെടുത്തുകൊണ്ട് അത് നല്ല നിലയില്‍ കഴിഞ്ഞ ദിവസം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.നഷ്ടപ്പെട്ട വീട് പുനസ്ഥാപിക്കുന്നതില്‍ പ്രശ്‌നമുണ്ടായി. സ്വയം വീട് നിര്‍മ്മിക്കുന്നവര്‍ക്ക് നിര്‍മാണം അനുസരിച്ച് സഹായം നല്‍കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. എന്നാല്‍, ചിലയിടത്ത് സ്ഥലത്തിന്റെ കൈവശാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചിലര്‍ക്കുണ്ടായി. അതാണ് ചില പ്രശ്‌നങ്ങളായി ബാക്കിയുണ്ടായത്.

പിഎസ്‌സി യുടെ കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്. ചിലവകുപ്പുകള്‍ ഒഴിവുകള്‍ കൃത്യമായി അറിയിക്കാത്ത പ്രശ്‌നമുണ്ട്. അത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനത്താണ് തങ്ങള്‍ ജീവിക്കുന്നതെന്ന് കേരളീയന് തലയുയര്‍ത്തി പറയുവാന്‍ സാധിക്കും.അഴിമതിയോട് വിട്ടുവീഴ്ചയില്ല.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കിന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സെക്രട്ടറിമാര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കി.കേരളബാങ്ക് അവസാന ഘട്ടത്തിലാണ്. ഏത് നിമിഷവും യാഥാര്‍ഥ്യമാകാം.  റിസര്‍വ് ബാങ്കിന്റെ പച്ചക്കൊടിയാണ് ഇനി കിട്ടാനുള്ളത്. അനുമതി ലഭിക്കേണ്ട തലത്തില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രവാസികളുടെ വിമാനായാത്രനിരക്ക് കഴുത്തറുപ്പന്‍ തന്നെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു മര്യാദയുമില്ലാതെ കിട്ടിയ അവസരം മുതലാക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ തെറ്റായ കാര്യങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കോളേജിനെ കൂടുതല്‍ പ്രശസ്തിയിലേക്കെത്തിക്കാന്‍ ശ്രമിക്കും. സമരം നടത്തുന്നവരുടെ ആവശ്യം എന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top