20 January Wednesday
മെയ് 19: നായനാര്‍ ദിനം

നായനാരുടെ ഓരോ വാക്കും ഭാഷയും മതസൗഹാര്‍ദ്ദത്തെ ഊട്ടിയുറപ്പിച്ചു; കേരളക്കരയെ ചുവപ്പിച്ച പോരാളി: പിണറായി

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

തിരുവനന്തപുരം> കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് നിന്ദ്യവും നീചവുമായ പൊലീസ് വേട്ടയെ ചെറുക്കാന്‍ ജനങ്ങളെ സംഘടിപ്പിച്ച് മുന്നില്‍നിന്ന് പോരാടിയ ധീര സമര നായകനാണ് ഇകെ നായാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദേശീയ പ്രസ്ഥാനത്തില്‍ തുടങ്ങി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയ സഖാവ്.

തീക്ഷ്ണപരീക്ഷണ ഘട്ടങ്ങളില്‍ നാട് അരിച്ചുപെറുക്കി നടക്കുന്ന പൊലീസിന്റെ കണ്ണ് വെട്ടിച്ച് സമര്‍ത്ഥമായി ഒളിവ് പ്രവര്‍ത്തനം നടത്തി പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയ കിടയറ്റ സംഘാടകന്‍. ജന്മി-നാടുവാഴിത്തത്തിന്റെ കുടില നീതികള്‍ക്കെതിരെ കര്‍ഷക കലാപങ്ങള്‍ നടത്തി കേരളക്കരയെ ചുവപ്പിച്ച പോരാളി- ഇതൊക്കെയായിരുന്നു സ. ഇ കെ നായനാര്‍.

എട്ടര പതിറ്റാണ്ടുകാലത്തെ ജീവിതത്തില്‍ ഏഴു പതിറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തന അനുഭവം. ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി. ദീര്‍ഘകാലം സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രസ്ഥാനത്തെ നയിച്ച നേതാവ്. അഭിനയിക്കാതെ, വടിവൊത്ത സംസാരമില്ലാതെ, വേഷപ്പകര്‍ച്ചയില്ലാതെ ഏഴുപതിറ്റാണ്ടുകള്‍ നിറസാന്നിധ്യമായി നായനാര്‍ ജനസഞ്ചയത്തിനു മുന്നില്‍നിന്നു.

 അദ്ദേഹത്തിന്റെ ഓരോ വാക്കും ഭാഷയും മലയാളിയുടെ മതസൗഹാര്‍ദ്ദത്തെ
ഊട്ടിഉറപ്പിക്കുന്നതായിരുന്നു. അനീതിക്കെതിരായ പോരാട്ടങ്ങളില്‍ ഇടിമുഴക്കങ്ങളായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തില്‍ നേതാവിനെ കണ്ടു. സ്ത്രീകളും കുട്ടികളും അദ്ദേഹത്തെ പ്രിയപ്പെട്ട സഖാവായി കണ്ടു. ന്യൂനപക്ഷ വിഭാഗങ്ങള്‍ നായനാരില്‍ തങ്ങളുടെ രക്ഷാധികാരിയെ കണ്ടു. യുവാക്കള്‍ ഊര്‍ജസ്വലനായ സംഘാടകനെ കണ്ടു.

ഒളിവിലും ജയിലിലും പാര്‍ടി ഓഫീസിലുമായി ജീവിതത്തിന്റെ മുഖ്യപങ്കും കഴിച്ചുകൂട്ടിയ ജനനേതാവാണ് നായനാര്‍. 1980ലും 87ലും 96ലും മൂന്നു ഘട്ടങ്ങളിലായി സാമൂഹ്യരംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ട, ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിട്ട സംസ്ഥാന മന്ത്രിസഭയുടെ തലവനായിരുന്നു അദ്ദേഹം. നാടിന്റെയും ജനങ്ങളുടെയും നീറുന്ന പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിച്ചുകൊണ്ടും അവയില്‍ പലതിന്റെയും പരിഹാരങ്ങള്‍ക്ക് ആവശ്യമായ നിയമനിര്‍മാണ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചും സഭയെ ജനായത്തവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ സ. നായനാര്‍ക്ക് സാധിച്ചു.

ഇതിലെല്ലാമുപരി കര്‍ഷകരുടെ, അധ്വാനിക്കുന്നവരുടെ, കഷ്ടപ്പെടുന്നവരുടെ ജീവിത പ്രാരാബ്ധങ്ങളില്‍ ആര്‍ദ്രമാകുന്ന മണ്ണിന്റെ മണമുള്ള വലിയൊരു മനസ്സിനുടമയായിരുന്നു സ. നായനാര്‍. ഒരു പച്ചമനുഷ്യന്റെ മനസ്സ്, നാട്ടിന്‍പുറത്തുകാരന്റെ നിഷ്‌കളങ്കത, കമ്യൂണിസ്റ്റുകാരന്റെ സത്യസന്ധത, ആര്‍ജവം, ശാസനയ്‌ക്കൊപ്പം സാന്ത്വനവും നല്‍കുന്ന സമീപനം, ഇതൊന്നും ആര്‍ക്കും മറക്കാവുന്നതല്ല.

ജനകോടികളെ ഹരംകൊള്ളിക്കുന്ന പ്രസംഗവേദികളിലെ നായകനായിരുന്നു നായനാര്‍. അദ്ദേഹത്തിന്റെ വാക്കില്‍ ആശയങ്ങളുടെ തെളിമയും ആത്മാര്‍ത്ഥതയും നിറഞ്ഞു നിന്നു.പ്രസംഗവേദികളിലെ ലളിതവും നര്‍മ്മമധുരവുമായ പ്രയോഗങ്ങളല്ല, പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളിലെ ചര്‍ച്ചകളില്‍ ഇടപെടുമ്പോള്‍ അദ്ദേഹത്തിനുള്ളത്.

മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പോരാടിയിട്ടുള്ള നേതാവായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളിലെ ഈ നിശ്ചയദാര്‍ഢ്യവും സംഘാടനത്തിലെ അച്ചടക്കത്തോടെയുള്ള മികവുമായിരുന്നു നായനാരുടെ പ്രത്യേകതകള്‍. ആ ഓര്‍മ്മകള്‍ മരിക്കുന്നതല്ല; മങ്ങുന്നതുമല്ല; പിണറായി പറഞ്ഞു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top