23 May Thursday

കേന്ദ്രസര്‍ക്കാരിന് കേരളത്തോട് അയിത്തം

സ്വന്തം ലേഖകന്‍Updated: Saturday Jun 23, 2018

ന്യൂഡല്‍ഹി > രാഷ്‌‌ട്രീയ വിദ്വേഷത്താല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് പലവട്ടം അനുമതി തേടിയിട്ടും നിരാകരിക്കുന്ന നിലപാട് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് പിന്തുണ നല്‍കുന്ന സമീപനമല്ല കേന്ദ്രത്തിന്റേത്. പ്രധാനമന്ത്രിയെ പലവട്ടം കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ല.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ കാരണം അര്‍ഹമായ ഭക്ഷ്യധാന്യം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. ഈ വിഷയം ചര്‍ച്ച ചെയ്യാനും നിവേദനം നല്‍കാനുമാണ് പ്രധാനമന്ത്രിയെ കാണാന്‍ എറ്റവുമൊടുവില്‍ അനുമതി തേടിയത്. എന്നാല്‍, മന്ത്രിയെ കാണാനായിരുന്നു നിര്‍ദേശം. മന്ത്രിയെ നേരത്തേ കണ്ടതാണ്. തനിക്കുമാത്രമായി ഇക്കാര്യത്തില്‍ ഒന്നും തീരുമാനിക്കാനാകില്ലെന്ന്‌ന മന്ത്രി അറിയിച്ചിരുന്നു. നയപരമായ തീരുമാനമാണ് വേണ്ടത്. അതിനാണ് പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. എന്നാല്‍, പ്രധാനമന്ത്രി വിസമ്മതിക്കുകയായിരുന്നു.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുകയാണ്ാ കേന്ദ്രം ചെയ്യേണ്ടത്ാ.വിവിധ സംസ്ഥാനങ്ങള്‍ ചേരുന്നതാണ്‌ന രാജ്യത്തിന്റെ ശക്തി. സംസ്ഥാനങ്ങള്‍ക്ക്ദ സംതൃപ്തി നല്‍കുന്ന നിലപാടുകളാണ് കേന്ദ്രത്തില്‍നിന്ന് ഉണ്ടാകേണ്ടത്. എന്നാല്‍, മോഡി സര്‍ക്കാരിന്റേത് സംസ്ഥാനങ്ങളെ അവഹേളിക്കുന്ന നിലപാടാണ്. ഇതിനുപിന്നില്‍ കൃത്യമായ രാഷ്ട്രീയമാണ്.

കേന്ദ്രം പിന്തുടരുന്ന നവ ലിബറല്‍ നയങ്ങള്‍ പൊതുവായ വികസനത്തിന് തടസ്സമാകുന്നുണ്ട്. പൊതുമേഖലയുടെ തകര്‍ച്ചയ്ക്കും തൊഴിലാളിവിരുദ്ധ നടപടികള്‍ക്കുമെല്ലാം വഴിവയ്ക്കുന്നതാണ് കേന്ദ്രനയം.  പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെങ്കില്‍ സംരക്ഷിക്കുന്ന നയമാണ് സംസ്ഥാനത്തിന്റേത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 134 കോടി നഷ്ടത്തിലായിരുന്നു സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളെങ്കില്‍ ഈ സര്‍ക്കാര്‍ വന്ന ശേഷം 100 കോടി രൂപ ലാഭത്തിലെത്തിക്കാനായി. കേന്ദ്രം അടച്ചുപൂട്ടാന്‍ തീരുമാനിച്ച പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനി സംസ്ഥാനം ഏറ്റെടുക്കും. കാസര്‍കോട് ഭെല്ലിന്റെ കാര്യത്തിലും ഈ നിലപാടാണ്. എച്ച്എഎല്‍ സ്വകാര്യവല്‍ക്കരിക്കരുതെന്നും സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

അഴിമതിവിമുക്തവും മതനിരപേക്ഷവുമായ വികസിതകേരളം എന്ന വാഗ്ദാനം നിറവേറ്റി നവകേരള സൃഷ്ടിയെന്ന ആത്മവിശ്വാസത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വ്യവസായവികസനത്തിന് പശ്ചാത്തലസൗകര്യ വികസനം അനിവാര്യമാണ്. സ്വകാര്യമേഖലയെയും വികസനപ്രക്രിയയില്‍ പങ്കാളികളാക്കും. തുറമുഖവികസനത്തിന് നടപടികള്‍ ആരംഭിച്ചു.

വിഴിഞ്ഞം തുറമുഖം 2020 ഓടെ പൂര്‍ത്തീകരിക്കും. ഇതോടൊപ്പം ഹൈവേ വികസനവുമുണ്ട്. തീരദേശ മലയോര ഹൈവേകളുടെ നിര്‍മാണനടപടികളുമായി സര്‍ക്കാര്‍ നീങ്ങുകയാണ്. മുടങ്ങിക്കിടന്നിരുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ നിലവിലെ റെയില്‍ പാതയ്ക്ക് പുറമെ രണ്ടുവരി പാതകള്‍കൂടി നിര്‍മിച്ച് അതിവേഗ ട്രെയിനുകള്‍ ഓടിക്കുന്നതിന് നടപടികളാരംഭിച്ചു.

ജലഗതാഗത വികസനത്തിന് കേരള വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി രൂപീകരിച്ചു. ശബരിമല വിമാനത്താവളനിര്‍മാണത്തിന്റെ പഠനം നടന്നുവരികയാണ്. വ്യവസായവികസനത്തിന് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വ്യവസായവികസനം കാര്യക്ഷമമാക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവന്നു. നിക്ഷേപസൗഹൃദമാക്കുന്നതിന് നിയമഭേദഗതികള്‍ കൊണ്ടുവന്നു.

നോക്കുകൂലി, നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ട്രേഡ്യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചു. പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പാക്കാനും അത് പ്രോഗ്രസ് റിപ്പോര്‍ട്ടായി ജനങ്ങള്‍ക്ക് മുമ്പാകെ വയ്ക്കാന്‍ കഴിഞ്ഞതും ജനാധിപത്യസംവിധാനത്തില്‍ പുതിയ കാല്‍വയ്പാണ്. ആരോഗ്യകരമായ രാഷ്ട്രീയസംസ്‌കാരം കൊണ്ടുവരാനായി. നവകേരളസൃഷ്ടിയുടെ പാതയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുകയാണെന്നും ഒന്നും ശരിയാകില്ലെന്ന ചിന്തയില്‍നിന്ന് എല്ലാം ശരിയാകുമെന്ന ആത്മവിശ്വാസത്തിലേക്ക് ജനങ്ങള്‍ എത്തിയിട്ടുണ്ടെന്നും മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


 

പ്രധാന വാർത്തകൾ
 Top