18 September Wednesday

മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം; ബിജെപിക്കാരനായ മുൻ കെഎസ്‌യു നേതാവിനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപവുമായി ബിജെപി പ്രവർത്തകൻ. പള്ളുരുത്തി സ്വദേശി നിബു രാജ്‌ ആണ്‌ സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്‌. ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്‌. അരൂർ സ്വദേശി കെ ബി ബിബിനാണ്‌ പരാതി നൽകിയത്‌.

മുഖ്യമന്ത്രിയുടെ ഫോട്ടോ സഹിതം ഉപയോഗിച്ച്‌ ജാതി പറഞ്ഞുകൊണ്ടായിരുന്നു സംഘപരിവാർ പ്രവർത്തകനായ നിബുവിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. ഇത്‌ ശരിയല്ലെന്ന്‌ പറഞ്ഞ്‌ കമന്റ്‌ ചെയ്‌ത പെൺകുട്ടികൾ അടക്കമുള്ളവർക്കെതിരെയും ഇയാൾ അസഭ്യമായ ഭാഷയിൽ സംസാരിച്ചു. താഴ്‌ന്നജാതിയിൽപ്പെട്ടവരോട്‌ ബിജെപിക്കാരുടെ മനോഭാവം ഇത്തരത്തിലായിരിക്കുമെന്ന്‌ സംവഭത്തിൽ നിരവധിപേർ പ്രതികരിക്കുന്നുണ്ട്‌. നേരത്തെ ശബരിമല വിഷയത്തിന്റെ മറവിലുള്ള കലാപശ്രമത്തിന്റെ സമയത്തും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി പ്രവർത്തകർ ഇത്തരത്തിൽ ജാതി അധിക്ഷേപം നടത്തിയിരുന്നു.

മഹാരാജാസ്‌ കോളേജിൽ കെഎസ്‌യു നേതാവും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായിരുന്ന ആളാണ്‌ നിബുരാജ്‌. ഇതിനൊപ്പംതന്നെ ഇയാൾ ബിജെപി പ്രവർത്തകനും ആയിരുന്നു. കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ടിൽ ഉണ്ട്‌. ഒപ്പംതന്നെ കെഎസ്‌യു സ്ഥാനാർഥിയായിരുന്ന സമയത്തെ ചിത്രങ്ങളും ഇതിൽ കാണാം.

ഇയാളുടെ ഒട്ടുമിക്ക പോസ്റ്റുകളിലും തീവ്രവര്‍ഗ്ഗീയത നിറഞ്ഞതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ കമന്റുകളുണ്ട്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്ദേശം ഷെയര്‍ ചെയ്ത പോസ്റ്റിന് താഴെ ‘കാശ്മീര്‍ പാകിസ്ഥാന് വിട്ടുകൊടുക്കണമെന്ന് പറയുന്നവരാരും ഇന്ത്യക്കാരല്ല, അവരുടെ തലയറുത്തെടുത്ത് കാശ്മീരില്‍ വയ്ക്കണം’ എന്നാണ് ഇയാള്‍ പറയുന്നത്. നാഗാലാന്‍ഡില്‍ വെടിവയ്പ്പുണ്ടാകുന്നില്ലെന്നും കാശ്മീരില്‍ വെടിവയ്പ്പുണ്ടാകുന്നത് അവിടെ മുസ്ലിങ്ങള്‍ ഉള്ളതിനാലാണെന്നുമാണ് നിബുവിന്റെ മറ്റൊരു കണ്ടെത്തല്‍. അതേസമയം മുഖ്യമന്ത്രിയെ ജാതി വിളിച്ച് അധിക്ഷേപിച്ച പോസ്റ്റ് ഇയാള്‍ നീക്കം ചെയ്തിട്ടുണ്ട്.

 


പ്രധാന വാർത്തകൾ
 Top