17 February Sunday

ഉപയോഗശൂന്യമായ അരി വിപണിയിലെത്തിക്കരുത‌്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

തിരുവനന്തപുരം > കഴിഞ്ഞ ആഗസ‌്തിലെ പ്രളയത്തിൽ നശിച്ച നെല്ലും അരിയും കഴുകി പോളിഷ്‌ ചെയ്‌ത്‌ വിപണിയിലെത്തിക്കാനുള്ള സാധ്യത തടയണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക്‌ കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ്‌ ഇടപെട്ടത്‌.

പ്രളയത്തിൽ നശിച്ചുപോയ അരിയും നെല്ലും ഒഴിവാക്കുന്നതിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ നടപടി സ്വീകരിച്ചിരുന്നു. എറണാകുളം കാലടിയിലെ സൈറസ്‌ ട്രേഡേഴ്‌സിനാണ്‌ കേടുവന്ന അരിയും നെല്ലും ലേലത്തിൽ കൊടുത്തത്‌. എന്നാൽ, ലേലം ചെയ്‌ത അരിയും നെല്ലും തൃശിനാപ്പള്ളിയിലെ ഒരു ഏജൻസിക്ക്‌ കൊടുത്തതായും അത്‌ അവിടെനിന്ന്‌ കോയമ്പത്തൂരിലേക്ക്‌ അയച്ചതായും പത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നശിച്ചുപോയ ധാന്യം വീണ്ടും വിപണിയിലെത്താൻ സാധ്യതയുണ്ടെന്നും വാർത്തകളുണ്ട്‌.

മനുഷ്യോപയോഗത്തിന്‌ പറ്റാത്ത സാധനങ്ങൾ വിപണിയിലെത്തിക്കാനുള്ള നീക്കം തടയുന്നതിന്‌ അധികൃതർക്ക്‌ നിർദേശം നൽകണമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയോട്‌ അഭ്യർഥിച്ചതായി മുഖ്യമന്ത്രി പിണറായി  അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top