24 October Thursday

വിജെടി ഹാൾ അയ്യങ്കാളി ഹാളായി; മന്ത്രിസഭ അംഗീകാരം: പ്രളയപുനർനിർമാണത്തിൽ പ്രീ ഫാബ്രിക്കേറ്റഡ്‌ നിർമാണരീതി ഉപയോഗിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

തിരുവനന്തപുരം > വിജെടി ഹാൾ അയ്യങ്കാളി ഹാൾ എന്ന്‌ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായാണ്‌ തിരുവനന്തപുരത്തെ വിജെടി ഹാളിന്‍റെ പേരു മാറ്റി അയ്യങ്കാളി ഹാൾ എന്നാക്കിയത്‌. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെ ഇന്നലെ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു. വിക്ടോറിയാ രാജ്ഞിയുടെ കിരീടധാരണത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷ സ്മരണയ്ക്കാണ് തിരുവനന്തപുരത്ത് ടൗൺഹാൾ നിര്‍മിച്ചത്. 1896ൽ ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് പണികഴിപ്പിച്ച കെട്ടിടത്തിലായിരുന്നു തിരുവിതാംകൂര്‍ നിയമനിര്‍മാണ സഭ പ്രവര്‍ത്തിച്ചിരുന്നത്. ഈ നിയമ നിര്‍മാണ സഭയിലെ അംഗമായിരുന്നു അയ്യങ്കാളി. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥം കെട്ടിടത്തിന് അയ്യങ്കാളി ഹാള്‍ എന്ന പേര് നല്‍കുന്നത്. ദുരാചാരങ്ങളെ അരക്കിട്ടുറപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സര്‍ക്കാര്‍ ചെറുക്കുമെന്നും നവോത്ഥാന ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രളയ പുനർനിർമാണത്തിൽ പുതിയ രീതികൾ ഉപയോഗിക്കേണ്ടതുണ്ട്‌. കെട്ടിടങ്ങളിൽ നിലവിലുള്ള നിർമണാരീത മാറണം. പ്രീ ഫാബ്രിക്കേറ്റഡ്‌ നിർമാണരീതി ഉപയോഗിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. മറ്റ്‌ രാജ്യങ്ങൾ ഇക്കാര്യത്തിൽ നമുക്ക്‌ മുന്നിൽ മാതൃകയായി ഉണ്ട്‌. ലൈഫ്‌മിഷൻ പദ്ധതിയിൽ പുതിയരീതി ഉപയോഗിക്കാൻ സർക്കാർ ആലോചിക്കുകയാണ്‌. പുതിയരീതി സ്വീകരിക്കാൻ മലയാളിയുടെ മനോഭാവവും മാറേണ്ടതുണ്ട്‌.

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയിക്കാനുള്ള സാധ്യതയുണ്ട്‌. അനുകൂലമായ അവസ്ഥയാണ്‌ നിലനിൽക്കുന്നത്‌. എൽഡിഎഫിന്‌ ജനങ്ങൾ വോട്ട്‌ ചെയ്യാതിരിക്കേണ്ട സാഹചര്യം ഇല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്നും സാഹചര്യം മാറിയിട്ടുണ്ട്‌. സർക്കാരിനെതിരായ പ്രചരണങ്ങളെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ശബരിമല വിഷയത്തിൽ സർക്കാരിന്‌ സുപ്രീം കോടതി പറയുന്ന നിലപാടാണ്‌ ഉള്ളത്‌. കോടതിവിധി മറിച്ചായാൽ അത്‌ നടപ്പാക്കും. നവോത്ഥാനം വിശ്വാസത്തിനെതിരല്ല. അങ്ങനെ ചിലർ പ്രചരിപ്പിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരായ നിലപാടുകളാണ്‌ നവോത്ഥാനം. ഇതെല്ലാം തമ്മിൽ വേർതിരിവുകളുണ്ട്‌ ‐ മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top