18 August Sunday

വിവാദമുണ്ടാക്കി വികസനം തടയാമെന്നത‌് ദിവാസ്വപ‌്നം; കിഫ‌്ബി പ്രവർത്തിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

മലപ്പുറം> കേരളത്തെ വിവാദങ്ങളുടെ സ്ഥലമാക്കി വികസനം തടയാമെന്നത‌് ദിവാസ്വപ‌്നമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ വർധിച്ച വികസന ആവശ്യങ്ങൾക്ക‌് പണം കണ്ടെത്താൻ സർക്കാർ നിയന്ത്രണത്തിൽ രുപീകരിച്ച കിഫ‌്ബി എല്ലാ ധന മാനദണ്ഡങ്ങൾക്കും വിധേയമായി റിസർവ‌് ബാങ്ക‌് അംഗീകാരത്തോടെയാണ‌് പ്രവർത്തിക്കുന്നത‌്.  പൊന്നാനിൽ എൽഡിഎഫ‌് സ്ഥാനാർഥ് പി  വി അൻവറിന്റെ തെരഞ്ഞെടുപ്പ‌് വിജയത്തിനായി താനൂരിൽ സംഘടിപ്പിച്ച പൊതു യോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലാകെയുള്ള പ്രശസ‌്തരായ ധന വിദഗ‌്ധർ ഉൾക്കൊള്ളുന്ന ഭരണസമിതിയും  ഉപദേശക സമിതിയും കിഫ‌്ബിയ‌്ക്കുണ്ട‌്. കിഫ‌്ബിയുടെ ഫണ്ട‌് വാങ്ങുന്നതും ചെലവിടുന്നതും കർശനമായ ധന മാനണ്ഡങ്ങൾ പാലിച്ചാണ്. ഫണ്ട‌് ലഭ്യമാക്കുന്നതിന‌് സാധാരണ ഗതിയിൽ റിസർവ‌് ബാങ്കിന്റെ അനുമതി  വേണം. ഇത്തരം കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത‌് അവരാണ‌്. ഫണ്ട‌് ലഭ്യമാക്കുന്നതിനുള്ള മാർഗങ്ങളിൽ ഒന്നാണ് മസാല ബോണ്ട‌്. ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി കിഫ‌്ബി നേരിട്ട‌് വിലപേശിയല്ല ഫണ്ട‌് ലഭ്യമാക്കുന്നത‌്. ഇതിനു നിയതമായ മാർഗങ്ങളുണ്ട‌്. സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചുകളാണ‌് ഇത്തരം ഫണ്ട‌് ലഭ്യമാക്കാനുള്ള സ്രോതസ‌്. കിഫ‌്ബി ഏതു രീതിയിൽ ഫണ്ട‌് സ്വീകരിക്കും, എത്ര ഫണ്ടു വേണം, എന്താണ് അതിനു കിഫ‌്ബി നൽകുന്ന പലിശ, ഇതൊക്കെ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിനെയാണ് അറിയിക്കുന്നത‌്. സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച് ആവശ്യമായ നടപടി സ്വീകരിക്കും‌.

ലോകത്ത‌് ഏറ്റവും മികവുറ്റതാണ് ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌്. ലണ്ടൻ സ‌്റ്റോക്ക‌് എകസ‌്ചേഞ്ചിൽ നിന്ന‌് കിഫ‌്ബിയുടെ വ്യവസ്ഥയനുസരിച്ച‌് ഫണ്ട‌് തരാൻ  കനേഡിയൻ പെൻഷൻ ഫണ്ട‌് കൈകാര്യം ചെയ്യുന്ന കമ്പനി സന്നദ്ധമായി. ലോകത്ത് ഇത്തരം ഫണ്ട‌് കൈകാര്യം ചെയ്യുന്നവയിൽ ഏറ്റവും സമ്പന്നതയിലുള്ളതിൽ ഒന്നാണ‌് ആ കമ്പനി. 300 ബില്ല്യൺ ഡോളറാണ‌് ആസ‌്തി.   21 ലക്ഷം കോടി രുപ. അവർ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഫണ്ട‌് സ്വീകരിക്കുന്നുണ്ട‌്.  ലണ്ടൻ  സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചും അവരുമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത‌്. കി‌ഫ‌്ബി നേരത്തെ പലിശ എത്രയെന്ന് വ്യക്തമായിട്ടുണ്ട‌്. കഴിഞ്ഞ വർഷം ഇതുപോലുള്ള ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന പലിശയിൽ ഏറ്റവും കുറഞ്ഞതാണ് കിഫ‌്ബി  നിശ‌്ചയിച്ച പലിശ നിരക്ക‌്. അതും റിസർവ‌് ബാങ്കുമായി ചർച്ചചെയ‌്ത‌് തീരുമാനിക്കുന്ന കാര്യമാണ‌്.

കനേഡിയൻ കമ്പനി  ഫണ്ട‌് നൽകാൻ തയ്യാറായപ്പോൾ ഉടനെ പ്രതിപക്ഷ നേതാവും ബിജെപിയുടെ ചിലരും  ഇപ്പോൾ അങ്ങനെയാണ്. ബിജെപിയും പ്രതിപക്ഷനേതവും ഒന്നിച്ചാണ് കാര്യങ്ങൾ പറയുന്നത‌്.  ഇവരിൽ നിന്ന‌് ഫണ്ട‌് വാങ്ങിയത‌് മഹാകുറ്റമാണ‌്. അവർ എസ‌്എൻസി ലാവ‌്‌ലിന‌്  ഫണ്ട‌് കൊടുത്തിരുക്കുന്നു‌ എന്നാണ‌് ആക്ഷേപം. ചിലകാര്യങ്ങൾ പറയുമ്പോൾ അതിനു അടിസ്ഥാനമായി എന്തെങ്കിലും വേണ്ടേ. സ‌്റ്റേറ്റ‌് ബാങ്ക‌് ഓഫ്‌ ഇന്ത്യയിൽ നിന്ന് ചില ഇടപാടുകൾ സംസ്ഥാന ഗവൺമെന്റ‌് നടത്തുന്നുണ്ട‌്. നീരവ‌് മോഡിക്ക‌് ഫണ്ട‌് കൊടുത്തത‌് സ‌്റ്റേറ്റ‌് ബാങ്ക‌് ഓഫ്‌ ഇന്ത്യയാണ‌്. ഈ ബാങ്കിൽ നിന്ന് സംസ്ഥാന ഗവൺമെന്റ‌് ഫണ്ട‌് വാങ്ങിയാൽ നീരവ‌് മോഡിയിൽ നിന്ന‌് പണം വാങ്ങിയതുപോലെ ആകുമോ  അത‌്? നീരവ‌് മോഡിയുമായി ബന്ധമാകുമോ?  എന്തൊരു വിതണ്ഡവാദമാണെന്നോർക്കണം.
  
സാധാരണ ഗതിയിൽ ബജറ്റ‌് മുഖേനയാണ് വികസന കാര്യങ്ങൾക്ക‌് ആവശ്യമായ പണം കണ്ടെത്തേണ്ടത‌്. നമ്മുടെ സംസ്ഥാനം വലിയ ധന ശേഷിയുള്ളതല്ല. ബജറ്റിന് അതിന്റേതായ് പരിമിതിയുണ്ട‌്. കേന്ദ്രം നൽകുന്നതിനും പരിമിതിയുണ്ട‌്. വായ‌്പയെടുക്കാനായി കർശന പരിധികളും നിയന്ത്രണങ്ങളുമുണ്ട‌്.  അതിനാൽ നമ്മുടെ ആവശ്യം നിവേറ്റാൻ കഴിയാത്ത അവസ്ഥ വരുന്നു. എന്നാൽ  വികസനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം. അതിനാണ് ഗവ. കിഫ‌്ബി എന്ന ഒരു പുതിയ ധന സ്രോതസ‌് കൊണ്ടുവരാൻ നിർബന്ധിതമായത‌്.  ഈ അഞ്ചു വർഷക്കാലം 50,000കോടി രൂപയുടെ പദ്ധതികൾക്ക‌് ആവശ്യമായ ഫണ്ട‌് കിഫ്‌ബിയിലൂടെ ലഭ്യമാക്കാനാണ‌് ഉദ്ദേശിക്കുന്നത‌്. അപ്പോൾ പ്രതിപക്ഷം അതിനെ ശക്തമായി എതിർത്തു. ഫണ്ട‌് എവിടെനിന്ന‌് കിട്ടുമെന്ന‌് പരിഹസിച്ചു.  42,000 കോടി രുപയുടെ പദ്ധതികൾക്ക‌് അംഗീകാരം നൽകി കഴിഞ്ഞു. ഗവൺമെന്റിന‌്  രണ്ട‌് വർഷം ബാക്കിയുള്ളതിനാൽ 50,000കടക്കുമെന്നതിൽ സംശയമില്ല.
 
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ‌് കിഫ‌്ബി പ്രവർത്തിക്കുന്നത‌്. കേന്ദ്ര ഗവൺമെന്റിന്റെ എൻഐഐഎഫ‌്ബി അടക്കമുള്ള ധാരാളം ഏജൻസികൾ ഈ കമ്പനിയുമായി സഹകരിക്കുന്നുണ്ട‌്. നമ്മുടെ നാടിന്റെ വികസനത്തി‌ന‌് ഉപകരിക്കുന്ന പണം വാങ്ങുമ്പോൾ അതു തടയാൻ ശ്രമിക്കുന്നതിനു പിന്നിൽ രണ്ട‌്കാര്യമുണ്ട‌്.  കേരളത്തെ എപ്പോഴുമൊരു വിവാദത്തിന്റെ സ്ഥലമാക്കി മാറ്റണം. പിന്നെ വികസനം തടയണം.  ഏതുതരത്തിലുള്ള വിവാദം ഉയർത്തിയാലും വികസനം വികസനത്തിന്റെ വഴിക്കുപോകും. നാടിന്റെ വികസനം തടയാമെന്ന‌് ആരും വിചാരിക്കേണ്ട. ഇതു നേരത്തെ ഞങ്ങൾ വ്യക്തമാക്കിയതാണ‌്. അതീ നാട‌് തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top