01 August Sunday

പൊലീസ് നിയമഭേദ​ഗതി : മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം പൗരന്റെ സ്വാതന്ത്ര്യവും മുഖ്യം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 
മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പംതന്നെ പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കാനും സർക്കാരിന് ചുമതലയുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ വ്യക്തമാക്കി.  മറ്റൊരാളുടെ മൂക്കിൻ തുമ്പു തുടങ്ങുന്നിടത്ത് ഒരുവന്റെ  സ്വാതന്ത്ര്യം അവസാനിക്കുന്നുവെന്ന പ്രശസ്തമായ സങ്കൽപ്പമുണ്ട്‌. കൈവീശാം എന്നാൽ, അത്‌ അപരന്റെ മൂക്കിൻതുമ്പിനിപ്പുറംവരെയാകാനെ സ്വാതന്ത്ര്യമുള്ളൂ. എന്നാൽ, ഇതു തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്.

വ്യക്തിത്വഹത്യ, അന്തസ്സ് കെടുത്തൽ എന്നിവ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉത്തരവാദിത്തപ്പെട്ടവർതന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ അത് അവഗണിച്ച് എന്തുമാവട്ടെ എന്ന നിലപാട് എടുക്കാൻ സർക്കാരിനാകില്ല.

വ്യക്തിയുടെ അന്തസ്സ്‌, സ്വച്ഛ ജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള ഈ നടപടിയിൽ മാധ്യമങ്ങൾക്കും പൗര സമൂഹത്തിനും ഒരുവിധ ആശങ്കയും ഉണ്ടാവേണ്ടതില്ല. മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകൾക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. -

മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥമാണ്.
ഈ സാഹചര്യത്തിലാണ് വ്യക്തിയുടെ അന്തസ്സിനെ എന്തിന്റെ പേരിലായാലും നിഷേധിക്കുന്നതിന് എതിരായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അന്താരാഷ്ട്രതലത്തിൽതന്നെ പുതിയ കാലത്ത് ഉണ്ടാവുന്നത്. അതുമായി ചേർന്നുപോകുന്ന നിയന്ത്രണങ്ങളേ പൊലീസ് നിയമഭേദഗതിയിൽ ഉള്ളൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

നിയമം നടപ്പാക്കുംമുമ്പ്‌ എസ്‌ഒപി തയ്യാറാക്കും
കേരള പൊലീസ് ആക്ടിലെ ഭേദഗതി നടപ്പാക്കുംമുമ്പ്‌ പ്രത്യേക നടപടിക്രമം (സ്‌റ്റാന്റേ‌ഡ്‌ ഓപ്പറേറ്റിങ്‌ പ്രൊസീജ്യർ–-എസ്‌ഒപി) തയ്യാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയ്യാറാക്കുക. ഓർഡിനൻസ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും ബെഹ്‌റ പറഞ്ഞു. അതിനിടെ, പുതിയ ഭേദഗതിയുടെ വിജ്ഞാപനം ഇറങ്ങി. പൊലീസ്‌ ആക്‌ടിൽ 118 എ വകുപ്പാണ്‌ കൂട്ടിച്ചേർത്തത്‌.

വകുപ്പ്‌ ഇങ്ങനെ
‘ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ  അപകീർത്തികരമായതോ ആയ ഏതെങ്കിലും കാര്യം നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിനുള്ള ശിക്ഷ–-  ഒരാളെയോ ഒരുവിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതിനോ അധിക്ഷേപിക്കുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ വേണ്ടി ഏതെങ്കിലും കാര്യമോ വിഷയമോ വ്യാജമെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധികളിലൂടെ നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുകയും അത്‌ അങ്ങനെയുള്ള ആളിന്റെയോ ഒരു വിഭാഗം ആളുകളുടെയോ അവർക്ക്‌ താൽപ്പര്യമുള്ള മറ്റേതെങ്കിലും ആളിന്റെയോ മനസ്സിനോ ഖ്യാതിക്കോ വസ്‌തുവിനോ ഹാനിയുണ്ടാക്കാനിടയാക്കുകയും ചെയ്യുന്ന ഏതൊരാളെയും കുറ്റസ്ഥാപനത്തിൻമേൽ മൂന്നുവർഷംവരെയാകാവുന്ന തടവോ പതിനായിരം രൂപവരെയാകാവുന്ന പിഴയോ ഇവ രണ്ടുംകൂടിയോ നൽകി ശിക്ഷിക്കേണ്ടതാണ്‌’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top