06 June Saturday
മതത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെ സംരക്ഷിക്കുന്നത് ബിജെപി സർക്കാരുകൾ

മോഡിയോട‌് പിണറായി .. ദൈവനാമം ഉച്ചരിച്ചതിന‌് എടുത്ത കേസേത‌്?

പ്രത്യേക ലേഖകൻUpdated: Saturday Apr 20, 2019

തിരുവനന്തപുരം> ദൈവനാമം ഉച്ചരിച്ചതിന്റെപേരിൽ കേരളത്തിൽ എടുത്ത ഒരുകേസെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട‌് മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി. പ്രധാനമന്ത്രിപദത്തിന‌് നിരക്കാത്ത അസത്യപ്രചാരണമാണ്  മോഡിയിൽനിന്നുണ്ടായത്. ലാവ‌്‌ലിൻ കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കിയതാണ‌്. എന്നാൽ, റഫേൽ കേസിൽ മോഡി ഇപ്പോഴും പ്രതിസ്ഥാനത്താണ‌്. കോടതി കുറ്റവിമുക്തനാക്കിയ ആളിനെതിരെ ആക്ഷേപം ഉയർത്തുന്നത‌് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ‌്, മുഖ്യമന്ത്രി പ്രസ‌്താവയിൽ വ്യക്തമാക്കി.  മോഡി കേരളത്തെക്കുറിച്ച‌് ബിജെപിയുടെ തെരഞ്ഞെടുപ്പ‌് യോഗത്തിൽ  ഉന്നയിച്ച ആരോപണങ്ങൾക്ക‌് മുഖ്യമന്ത്രി അക്കമിട്ട‌് മറുപടി നൽകി.

ശബരിമലയിൽ അക്രമം കാട്ടിയതിനാണ‌് കേസ‌്
ശബരിമലയിൽ അക്രമം നടത്തിയതിനാണ് കേസെടുത്തത‌്. മതത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്ക‌്  സംരക്ഷണം നൽകുന്ന രീതി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ട്. അത് കേരളത്തിൽ നടപ്പില്ല. ശബരിമല സന്നിധാനത്തുപോലും കുഴപ്പമുണ്ടാക്കാൻ  ശ്രമം നടന്നു. പൊലീസ് സംയമനം പുലർത്തിയതിനാൽ പ്രശ്നങ്ങളുണ്ടായില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ചത് സംഘപരിവാറാണ‌്. 
 
ആചാരം മുടക്കുന്നത‌് സംഘപരിവാർ
കേരളത്തിൽ പൂജാകർമങ്ങൾ അനുവദിക്കുന്നില്ലെന്നാണ‌് പ്രധാനമന്ത്രിയുടെ മറ്റൊരു ആരോപണം.  എല്ലാ ആചാരവിശ്വാസങ്ങളും നടത്താൻ ഇവിടെ കഴിയുന്നുണ്ട്. തങ്ങൾക്കിഷ്ടമില്ലാത്ത ആചാരം അനുഷ്ഠിക്കുന്നവരെ എതിർക്കാൻ ശ്രമിക്കുന്നത് സംഘപരിവാരാറാണ‌്. അത്തരം ശ്രമം വിജയിക്കാത്തതിനാലാകാം  ബിജെപിക്ക് അസ്വസ്ഥത. സുപ്രീംകോടതിയുടെ വിധി  നിയമംതന്നെയാണ്. അത് നടപ്പാക്കിയതിനെ  എതിർക്കുന്നവർ ഭരണഘടനയെയും  നിയമത്തെയും വെല്ലുവിളിക്കുകയാണ‌്.
 
റഫേൽ കേസിൽ മോഡി പ്രതിസ്ഥാനത്ത‌്
ലാവ‌്‌ലിൻ കേസിൽ  കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. റഫേൽ ഇടപാടിൽ അനിൽ അംബാനിയെ സഹായിക്കാൻ എല്ലാ നടപടിയും കാറ്റിൽപറത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട പ്രശ്നമാണ്  സുപ്രീംകോടതിയിലുള്ളത‌്. ഇത്തരം ആരോപണം നേരിടുന്ന പ്രധാനമന്ത്രിയാണ് കുറ്റവിമുക്തനാക്കപ്പെട്ടയാളെ ആക്ഷേപിക്കുന്നത‌്.
 മന്ത്രിമാർ പലരും അഴിമതിയുടെ നിഴലിലാണെന്ന ആക്ഷേപം മന്ത്രിയായാൽ അഴിമതി നടത്തിയിരിക്കുമെന്ന ബിജെപി ഭരണത്തിലെ അനുഭവം വച്ചാകണം. കേരള മന്ത്രിസഭയിലെ ആർക്കെതിരെയും അഴിമതിയാരോപണം ഉയർന്നിട്ടില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ദേശീയ അംഗീകാരവും കേരളത്തിനാണ്.

പ്രളയം: സഹായിക്കില്ലെന്ന നിലപാട് പകപോക്കൽ

പ്രളയത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദിയെന്ന‌ു പറയുന്ന  പ്രധാനമന്ത്രി  കേന്ദ്ര ജലകമീഷന്റെ  വിലയിരുത്തൽ അറിയാത്ത വ്യക്തിയാണോ. കേരളത്തിന് ലഭിക്കേണ്ട സഹായങ്ങളെല്ലാം നിഷേധിച്ചതിന്റെ പിന്നിലും ഇതേ താൽപ്പര്യമാണുള്ളത‌്. ഗുജറാത്തിൽ വിദേശസഹായം സ്വീകരിച്ച അതേ വ്യക്തിയാണ് കേരളത്തിനുള്ള സഹായം നിഷേധിച്ചത്. കേരളം തകർന്നുകിടക്കട്ടെ എന്ന പകപോക്കൽ മനോഭാവം അല്ലെങ്കിൽ മറ്റെന്താണ് ഇതിനു പിന്നിലുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

എവിടെനിന്നുകിട്ടി പ്രധാനമന്ത്രിക്ക് നൂറുകണക്കിന‌് ബിജെപി രക്തസാക്ഷികളെ

നൂറുകണക്കിനു ബിജെപി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടു എന്നാണ്  മോഡി പറഞ്ഞത്. രാഷ്ട്രീയ സംഘട്ടനങ്ങളിൽ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ മരിച്ചവരുടെ മൊത്തം സംഖ്യ നൂറിന്റെ അഞ്ചിലൊന്നുപോലും വരുന്നില്ല. എവിടെനിന്നുകിട്ടി പ്രധാനമന്ത്രിക്ക് നൂറുകണക്കിനു ബിജെപി രക്തസാക്ഷികളെ. ബിജെപിയുടെ കേരളനേതൃത്വംപോലും പറയാത്തതാണിത്. ഇതുവരെ സിപിഐ എം പ്രവർത്തകരും നേതാക്കളുമായ 209 പേരാണ് ഇവിടെ  ആർഎസ്എസ‌്  കൊലക്കത്തിക്കിരയായത്. മറ്റുപാർടികളിലുള്ള നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെട്ടതും ഇവരാലാണ‌്. രാഷ്ട്രീയക്കൊലപാതകം അവസാനിപ്പിക്കാൻ കാര്യക്ഷമമായി നടപടിയെടുത്ത സർക്കാരാണ് ഇവിടെയുള്ളത്. നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളിൽ കേരളം ഒന്നാംസ്ഥാനത്താണ്. രാഷ്ട്രീയമുതലെടുപ്പിനായി പ്രധാനമന്ത്രി യാഥാർഥ്യം  മനഃപൂർവം മറച്ചുവച്ച‌്  സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയാണ‌്. ഇത് അദ്ദേഹം വഹിക്കുന്ന പദവിക്ക‌് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top