23 January Wednesday

ശബരിമല സ‌്ത്രീപ്രവേശം: ബിജെപിക്കും കോൺഗ്രസിനും രാഷ‌്ട്രീയ ലക്ഷ്യം പിണറായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

തിരുവനന്തപുരം > ശബരിമല സ‌്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ ബിജെപിയും കോൺഗ്രസും രാഷ‌്ട്രീയ ലക്ഷ്യത്തോടെ സർക്കാരിനെതിരെ വികാരം ഇളക്കിവിടാൻ ശ്രമിക്കുകയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സുപ്രീംകോടതി വിധിക്കുശേഷം വലിയ ആക്രമണമാണ‌് ഇവർ അഴിച്ചുവിടുന്നത‌്. സുപ്രീംകോടതി വിധി വന്നഘട്ടത്തിൽ അതിനെ സ്വാഗതം ചെയ‌്തവരാണ‌് പിന്നീട‌് നിലപാട‌് മാറ്റിയത‌്.– പുത്തരിക്കണ്ടം മൈതാനിയിൽ ചേർന്ന എൽഡിഎഫ‌് രാഷ‌്ട്രീയ വിശദീകരണയോഗം ഉദ‌്ഘാടനംചെയ‌്ത‌് സംസാരിക്കുകയായിരുന്നു പിണറായി.

സുപ്രീംകോടതി വിധി വന്നപ്പോൾ ചരിത്രപരമായ വിധി എന്നാണ‌് കോൺഗ്രസ‌് ദേശീയനേതൃത്വം പ്രതികരിച്ചത‌്. ഭയ്യാജി ജോഷിയെപ്പോലുള്ള ആർഎസ‌്എസിന്റെ ദേശീയ നേതാക്കൾ വിധിയെ സ്വാഗതം ചെയ‌്തു.  മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിധിയെ സ്വാഗതം ചെയ‌്തതാണ‌്. കോടതി വിധിക്കനുസരിച്ച‌് കാര്യങ്ങൾ നടത്തണമെന്നാണ‌് വിധിവന്നപ്പോൾ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല പ്രതികരിച്ചത‌്.

ഇതൊക്കെപ്പറഞ്ഞവർ പെട്ടെന്ന‌് നിലപാട‌് മാറ്റുകയാണുണ്ടായത‌്. എന്താണ‌് ഇതിനുപിന്നിലെ താൽപ്പര്യം. ആരാണ‌് ആദ്യം നിലപാട‌് മാറ്റിയത‌് എന്നതുസംബന്ധിച്ച‌് ബിജെപിയും കോൺഗ്രസും തമ്മിൽ തർക്കമാണ‌്. പ്രഖ്യാപിത നിലപാടിൽനിന്ന‌് പിന്മാറിയ ആർഎ‌സ‌്എസ‌് വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച‌് ഒപ്പം നിർത്തി, തങ്ങൾക്ക‌് സംഭവിച്ച ക്ഷീണം പരിഹരിക്കാനാവുമോ എന്നാണ‌് നോക്കുന്നത‌്. എല്ലാം മറന്ന‌് രംഗത്തെത്തിയ ആർഎസ‌്എസ‌് അത്യന്തം പ്രകോപനപരമായ പ്രസ‌്താവനകളാണ‌് നടത്തിയത‌്.

ഉത്തരവാദപ്പെട്ടവരിൽനിന്ന‌് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒട്ടേറെ പരാമർശങ്ങൾ നമ്മൾ കേട്ടു. സ‌്ത്രീകളെ വലിച്ചുകീറും എന്നുവരെ പറഞ്ഞു. സ‌്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന വനിതാ നേതാക്കൾക്കെതിരെ സംസ‌്കാര ഹീനമായ പരാമർശങ്ങൾ ഉയർന്നുവന്നു. ഇതിനൊക്കെ കോൺഗ്രസ‌് ഒപ്പം നിൽക്കുന്ന നിലവന്നു. ഒരുഘട്ടത്തിൽ കോൺഗ്രസുകാരാകെ ഇതിനൊപ്പം നിൽക്കണം എന്ന നിലപാടുപോലും കൈക്കൊണ്ടു.
കോൺഗ്രസിന‌് എങ്ങനെയാണ‌് ആർഎസ‌്എസിന്റെ പ്ര‌‌‌‌ക്ഷോഭത്തോടൊപ്പം കൂടാൻ കഴിയുന്നത‌്. ഈ വിഷയത്തിൽ കോൺഗ്രസിൽനിന്ന‌് ആരുടെയെങ്കിലും വ്യത്യസ‌്തമായ സ്വരം കേൾക്കാനായില്ല.
കോൺഗ്രസിനുള്ളിൽ ആർഎസ‌്എസ‌് മനസ്സ‌് എത്ര രൂഢമൂലമായിക്കൊണ്ടിരിക്കുന്നു എന്നാണ‌് ഇത‌ു കാണിക്കുന്നത‌്. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമാകെ കോൺഗ്രസ‌് കളഞ്ഞുകുളിച്ചു. കോൺഗ്രസിന‌് ആർഎസ‌്എസിന്റെ മനസ്സുണ്ടാകാൻ പാടില്ലല്ലോ. ആർഎസ‌്എസിന്റെ സമരത്തിനൊപ്പം പോകുമ്പോൾ കോൺഗ്രസിന‌് എന്ത‌്സംഭവിക്കും എന്ന‌് കോൺഗ്രസിനൊപ്പം നിൽക്കുന്നവർ ചിന്തിക്കണം. ആർഎസ‌്എസ‌് സമരത്തിനൊപ്പം ചേർന്നവർക്ക‌് നാളെ ബിജെപിയാവാൻ ഒരുബുദ്ധിമുട്ടുമുണ്ടാവില്ലെന്ന‌് മനസ്സിലാക്കിക്കൊള്ളണം.

ഭരണഘടനയോടുള്ള ആർഎസ‌്എസ‌് സമീപനം കോൺഗ്രസിനൊപ്പം നിൽക്കുന്നവർ മനസ്സിലാക്കണം. ഭരണഘടനാമൂല്യങ്ങൾക്കും നിയമങ്ങൾക്കുമുള്ളതിനേക്കാൾ പ്രാധാന്യം വിശ്വാസത്തിനാണ‌് എന്നാണ‌് ആർഎസ‌്എസ‌് സമരത്തിനൊപ്പം ചേർന്നുകൊണ്ട‌് കോൺഗ്രസുകാരും ഏറ്റുപറയുന്നത‌്.  മുസ്ലിംലീഗൊക്കെ വലിയ ആവേശത്തോടെ കൈയടിക്കുന്നുണ്ടല്ലോ. ഈ വിശ്വാസം അൽപ്പം ഒന്നു നീട്ടി ബാബ‌്റിമസ‌്ജിദിന‌് ബാധകമാക്കിയാൽ എന്താവും. രാമജന്മഭൂമിയാണ‌് അത‌് എന്നല്ലേ ഒരു വിഭാഗത്തിന്റെ വിശ്വാസം. ഒരുബാബ‌്റി മസ‌്ജിദ‌് മാത്രമല്ല, ഇതര മതസ്ഥരുടെ നിരവധി ആരാധനാലയങ്ങൾ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള ആരാധനാലയങ്ങളായിരുന്നു എന്ന‌് ആർഎസ‌്എസ‌് അവകാശ വാദം ഉന്നയിക്കുന്നുണ്ട‌്. 

നിയമവാഴ‌്ചയുള്ള നാട്ടിലെ സർക്കാരിന‌് സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന നിലപാടേ സ്വീകരിക്കാനാവൂ. സർക്കാരിനെ തെറി പറഞ്ഞോ കുറ്റപ്പെടുത്തിയോ  വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച‌് വികാരം ഇളക്കിവിട്ടോ സർക്കാരിനെക്കൊണ്ട‌് വേറെ നിലപാടെടുപ്പിക്കാനാവില്ല. വിധിവന്നപ്പോൾ ശബരിമലയുമായി ബന്ധപ്പെട്ട കക്ഷികളുമായി ചർച്ചചെയ്യാനായി മുഖ്യമന്ത്രി എന്ന നിലയിൽ ക്ഷണിച്ചതാണ‌്. എന്തുകൊണ്ടോ അവർ ചർച്ചയ‌്ക്ക‌് വരാൻ തയ്യാറായില്ല. ശബരിമല വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകാനോ വിധി മറികടക്കാൻ പുതിയ നിയമനിർമാണം നടത്താനോ ഈ സർക്കാർ ഉദ്ദേശിക്കുന്നില്ല– മുഖ്യമന്ത്രി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top