18 February Monday

ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയത്‌ ജാതി മേധാവിത്വമുള്ളവരാണെന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

തിരുവനന്തപുരം> ജാതി മേധാവിത്വമുള്ളവരാണ്‌ ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോധ്യമുണ്ട്‌. സമരം സമൂഹത്തിൽ ഏശിയില്ലായെന്ന്‌ അത്‌ നടത്തിയവർ തന്നെ സമ്മതിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തിലെ വലതുപക്ഷവൽക്കരണം എന്ന വിഷയത്തിൽ ഇഎംഎസ്‌ അക്കാദമിയിൽ നടക്കുന്ന ശിൽപശാല  ഉത‌്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിശ്വാസികൾക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. പുരുഷന്‌ തുല്ല്യമായ അവകാശം സ്‌ത്രീക്കുമുണ്ട്‌. അത്‌ ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശമാണ്‌. അത്‌ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. 1991 വരെ ഈ പ്രശ്‌നമില്ലായിരുന്നു. മാസാന്ത്യ പൂജയ്‌ക്ക്‌ സ്‌ത്രീകൾ അവിടെ എത്തിയിരുന്നു. അന്നതൊരു പ്രശ്‌നമായിരുന്നില്ല. 91 ൽ ഒരു ജഡ്‌ജിയുടെ ഉത്തരവ്‌ വരുന്നു. അത്‌ നിയമ വിരുദ്ധമാണെന്ന്‌ ഇപ്പോൾ സുപ്രീം കോടതി പറഞ്ഞു. 91 മുതൽ മാത്രം നിലനിന്നിരുന്ന ഒന്ന്‌ നാടിന്റെ ആചാരമായിട്ട്‌ മാറുമോ. തെറ്റായകാര്യം ഒരു ഘട്ടത്തിൽ കേരളാ ഹൈക്കോടതി ചെയ്‌തത്‌ സുപ്രീംകോടതി തിരുത്തിയിരിക്കുന്നു. സുപ്രീംകോടതിക്കെതിരെ പറയാനാവാത്തതുകൊണ്ട്‌ സംസ്ഥാന സർക്കാരിനെതിരെ പ്രചാരണമായിട്ട്‌ വരുന്നു.

നമ്മുടെ സമൂഹത്തിൽ വിശ്വാസികൾ മഹാഭൂരിപക്ഷമാണ്‌. വിശ്വസികൾക്കെതിരെ ആരും യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. കോരളത്തിലെ രാഷ്‌ട്രീയ പാർടികളിൽ ഏറ്റവും കൂടുതൽ ബഹുജന സ്വാധീനമുള്ളത്‌ സിപിഐ എംമിനാണ്‌. അതിൽ അണിനിരന്ന മഹാഭൂരിപക്ഷം പേരും വിശ്വാസികളാണ്‌. ഇവിടെ വിശ്വാസികൾക്കെതിരായ ഒരു നടപടിയുമില്ല. എന്റെ വിശ്വാസം മാത്രമേ പാടുള്ളൂ നിന്റെ വിശ്വാസം പാടില്ല എന്നു പറഞ്ഞ്‌ ഇടപെടുന്ന ഘട്ടത്തിൽ എല്ലാ വിശ്വാസികൾക്കും പ്രവർത്തന സ്വാതന്ത്ര്യം  വേണം എന്നമട്ടിൽ ശക്തമായി ഇടപെടുന്ന നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

സ്‌ത്രീകൾക്കെതിരായ നീക്കം നമ്മുടെ സമൂഹത്തിൽ പഴകാലത്തുണ്ടായിരുന്നു. ആ സമൂഹം വല്ലാതെമാറി. അവർണ സവർണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലെ സ്‌ത്രീകളും വലിയതോതിലുള്ള  അടിമത്വം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. അത്തരത്തിലുള്ള ഒരു സമൂഹത്തെ നാം മാറ്റിയെടുത്തു. ഭരണാധികാരികളെന്ന നിലയ്‌ക്ക്‌ പുരുനോടൊപ്പം തന്നെ സ്‌ത്രീയും തുല്ല്യരായി വന്നു. അങ്ങനെയുള്ള സ്‌ത്രീയെയാണ്‌ ഇപ്പോൾ അശുദ്ധയാണെന്ന്‌ പറഞ്ഞ്‌ മാറ്റി നിർത്താൻ ശ്രമിക്കുന്നത്‌. ഒരു തരത്തിലും നമ്മുടെ സമൂഹത്തിന്‌ സ്വീകരിക്കാൻ കഴിയാത്ത നിലപാടാണത്‌. സ്‌ത്രീ പുരുഷ സമത്വം അംഗീകരിക്കാനാകാത്തവരാണ്‌ ഇതിനെതിരായ നിലപാട്‌ സ്വീകരിക്കുന്നത്‌. നമ്മുടെ സമൂഹത്തിൽ യാഥാസ്ഥിതികമായ ഇടപെടലുകൾ വരുന്നു എന്ന്‌ നാം തിരിച്ചറിയണം. അതിനെതിരായ ശക്തമായ നിലപാട്‌ നമുക്ക്‌ സ്വീകരിക്കേണ്ടതുണ്ട്‌. യാഥാസ്ഥിതികമൂല്യങ്ങളുമായി സന്ധിചെയ്‌ത്‌കൊണ്ട്‌ അവരെ ഒന്നിച്ച്‌ നിർത്താൻ ശ്രമിക്കുന്ന ശക്തികൾ കേരളത്തിലുണ്ട്‌. സമൂഹം ഇതിനെതിരെയാണ്‌ ചിന്തിക്കുന്നത്‌. എന്നാൽ ചിലർ ഇതിനോട്‌ നിഷേധാത്മക നിലപാട്‌ സ്വീകരിക്കുന്നുണ്ടാകും. അവരോടൊപ്പമല്ല സമൂഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top