Deshabhimani

സന്നിധാനത്ത് കൂട്ടംതെറ്റിയലഞ്ഞു; കുഞ്ഞിന് തുണയായി പൊലീസിന്റെ റിസ്റ്റ് ബാൻഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 07:22 PM | 0 min read

ശബരിമല> സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ കുഞ്ഞിന് തുണയായി പൊലീസിന്റെ റിസ്റ്റ്ബാന്റ്‌. ശബരിമലയിലെ തിരക്കിൽ കുരുങ്ങിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ്  പൊലിസും റിസ്റ്റ്ബാൻഡും തുണയായത്. തിരക്കിൽ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞുനടന്ന കുഞ്ഞിനെ സിവിൽ പൊലീസ് ഓഫീസറായ അക്ഷയും തൃശൂർ ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിലെ സിപിഓ ശ്രീജിത്തുമാണ് കണ്ടത്.  

തുടർന്ന് ശിവാർഥികയുടെ റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തിയിരുന്ന നമ്പറിൽ ബന്ധപ്പെട്ട് അച്ഛൻ വിഘ്നേഷിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇത്തരത്തിൽ നിരവധി കുട്ടികൾക്കാണ് പൊലീസിന്റെ പുതിയ സംവിധാനം ആശ്വാസമാകുന്നത്. 10 വയസിൽ താഴെയുള്ള 5000 ലധികം കുട്ടികൾക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാൻഡ് ധരിപ്പിച്ചത്.

പമ്പയിൽ നിന്നും വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് കരുതൽ നടപടി. വയോധികർ, തീവ്രഭിന്നശേഷിക്കാർ എന്നിവർക്കും കൂട്ടം തെറ്റിയാൽ ഒപ്പമുള്ളവരുടെ അടുത്തെത്താൻ പൊലീസ് നെക് ബാൻഡ് ധരിപ്പിക്കുന്നുണ്ട്. പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോൺ നമ്പർ എന്നിവയാണ് റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തുന്നത്. കുട്ടികളടക്കം പ്രതിദിനം അഞ്ഞൂറിലധികം പേർക്ക് ബാൻഡ് ധരിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്.



deshabhimani section

Related News

0 comments
Sort by

Home