22 September Tuesday

പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

പെട്ടിമുടി ഉരുൾപൊട്ടലിൽ പരിക്കേറ്റ്‌ മൂന്നാർ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവരെ മന്ത്രി എം എം മണി സന്ദർശിക്കുന്നു

മൂന്നാർ > രാജമല പെട്ടിമുടിയിലെ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണി അമരക്കാരനായി. ദുരന്തവിവരം അറിഞ്ഞയുടൻ തലസ്ഥാനത്തുനിന്ന്‌ അദ്ദേഹം ഇവിടേക്ക് എത്തി. പ്രതികൂല കാലാവസ്ഥയെയും ദുരിതങ്ങളെയും നേരിട്ട്‌ ശനിയാഴ്ച രാവിലെ പെട്ടിമുടിയിലെത്തിയ മന്ത്രി എം എം മണി സ്ഥിതിഗതികൾ പ്രധാന ഉദ്യോഗസ്ഥരുമായി വിലയിരുത്തി. ദുരന്തത്തിൽ അകപ്പെട്ടവരുടെ ബന്ധുക്കളെ സമാശ്വസിപ്പിച്ചു. ഉറ്റവരെ കാണാനെത്തുന്ന ബന്ധുക്കൾക്ക് സൗകര്യം ഒരുക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കറുപ്പസ്വാമിക്ക് നിർദേശം നൽകി. സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌താണ് മന്ത്രി  രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.
 
മന്ത്രിമാരായ എം എം മണിക്ക്‌ പുറമെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും സ്ഥലത്തെത്തി. മന്ത്രിമാരും എസ്‌ രാജേന്ദ്രൻ എംഎൽഎ, മുൻ എംപി ജോയ്‌സ്‌ ജോർജ്‌ എന്നിവർചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവസ്ഥലത്തുതന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കാനും സംസ്‌കാരത്തിന് സൗകര്യമൊരുക്കാനും നിർദേശം നൽകി. ശനിയാഴ്‌ച കണ്ടെത്തിയ 18 മൃതദേഹങ്ങളും കണ്ണൻ ദേവൻ കമ്പനി നയമക്കാട്‌ ഡിവിഷനിൽ സംസ്‌കരിക്കാനും മാനേജ്‌മെന്റുമായി ചർച്ച നടത്തി.
 കലക്ടർ എച്ച്‌ ദിനേശൻ, ജില്ലാ പൊലീസ്‌ മേധാവി ആർ കറുപ്പസാമി എന്നിവർക്ക്‌ ആവശ്യമായ നിർദേശങ്ങൾ നൽകി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഞായറാഴ്‌ച ഡോഗ്‌ സ്‌ക്വാഡും ഡ്രോണും ഇറക്കി. എല്ലാവരെയും സൂക്ഷ്‌മതയോടെ മണ്ണുനീക്കി കണ്ടെത്താൻ പരമാവധി ശ്രമിക്കണമെന്നും മന്ത്രി എം എം മണി നിർദേശിച്ചു. മൂന്നാർ ടാറ്റ ആശുപത്രിയിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവരെയും മന്ത്രി സന്ദർശിച്ചു. ധനസഹായമുൾപ്പെടെ അടിയന്തര സഹായവും നൽകി. മന്ത്രി എ കെ ബാലൻ, കെ രാജു എന്നിവരും ഞായറാഴ്‌ച പെട്ടിമുടിയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top