19 September Saturday

പെട്ടിമുടിയിൽ 17 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 43 ആയി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

രാജമല > ഇടുക്കി പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം 43 ആയി. ഇന്ന് 17 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. രണ്ട് മൃതദേഹങ്ങൾ സമീപത്തെ പുഴയിൽ നിന്നുമാണ് കണ്ടെത്തിയത്.  മണ്ണിനടിയിൽ പെട്ടവർക്കുവേണ്ടി എൻഡിആർഎഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. പത്ത് ഹിറ്റാച്ചികൾ ഉപയോഗിച്ച് മണ്ണും കല്ലും നീക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ സേവനം ഇന്ന് ഉപോയിഗിച്ചു.

രാജമലയിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വൈദ്യുതി, വാർത്താവിനിമയ ബന്ധം തടസ്സപ്പെട്ടു. അതിനാൽ ദുരന്തം പുറംലോകമറിയാൻ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവർത്തകർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കി. സബ് കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, അഗ്‌നിശമനസേന സംഘങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. 

മന്ത്രിമാർ രാജമലയിൽ

രാജമലയില്‍ മന്ത്രിമാരായ എം എം മണി, ഇ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌‌. സംസ്ഥാന സർക്കാർ അനുവദിച്ച ധനസഹായം ഉടൻ ലഭ്യമാക്കാനുള്ള നടപടികളുണ്ടാകും. കോവിഡ‌് മാനദണ്ഡങ്ങൾ പ്രകാരം പോസ‌്റ്റ‌്മോർട്ടം ചെയ്തതിന‌് ശേഷമേ മൃതദേഹം സംസ‌്കരിക്കു.

പ്രാണൻ ബാക്കിയായത്‌ 6 കുടുംബത്തിന്‌

മൂന്നാർ > അൽപ്പമൊന്നു മാറിയിരുന്നെങ്കിൽ.... ഉരുൾപൊട്ടലിൽ തകർന്ന സ്ഥലത്ത‌് അവശേഷിക്കുന്ന ഏക ലയത്തിലെ താമസക്കാർ  ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന്‌ ഇനിയും മുക്തരായിട്ടില്ല. ഈ ലയത്തിന‌് തൊട്ടുചേർന്നുള്ള മൂന്ന്‌ ലയങ്ങളെയും ഒലിച്ചുവന്ന മണ്ണ്‌ തൂത്തെറിഞ്ഞപ്പോൾ പോറൽപോലും ഏൽക്കാതെ എല്ലാത്തിനും സാക്ഷിയായി ഏറ്റവും മുകൾഭാഗത്തെ ലയവും ഇവിടത്തെ താമസക്കാരും.

ഈ ലയത്തിൽ ആറ്‌ കുടുംബങ്ങളാണ‌് താമസിക്കുന്നത‌്. ദുരന്തത്തിനുശേഷം ഇവരെയെല്ലാം നയമക്കാട‌്, കന്നിമല ഭാഗങ്ങളിലെ ലയങ്ങളിലേക്ക‌് സുരക്ഷിതമായി മാറ്റി. വലിയ മുഴക്കംകേട്ട‌് താമസക്കാരനായ സെൽവകുമാർ പുറത്തിറങ്ങിയപ്പോൾ കല്ലും മണ്ണും കുതിച്ചെത്തുന്നതാണ‌് കണ്ടത‌്. ലയത്തിലെ മറ്റ്‌ താമസക്കാരും ഓടിയെത്തി. അതിനകം ഇവരുടെ ലയത്തിന‌് സമീപത്തുകൂടി പുഴ രൂപപ്പെട്ടിരുന്നു. താഴെ നിരയിലുണ്ടായിരുന്ന ലയങ്ങൾക്കു മുകളിലൂടെ ആ പുഴ കുതിച്ചുപാഞ്ഞു. പാറക്കല്ലുകൾ കൂട്ടത്തോടെ താണ്ഡവമാടുന്നത‌് ഭീതിയോടെ അവർ കണ്ടു. സ‌്തബ്ധരായി നോക്കി നിൽക്കാനേ ആദ്യം കഴിഞ്ഞുള്ളു. അമ്പരപ്പ‌് വിട്ടുമാറി സ്ഥലകാലബോധം വന്നതോടെ അവർ രക്ഷാപ്രവർത്തനത്തിന‌് ശ്രമിച്ചു. പാതിയോളം വെള്ളത്തിൽ മുങ്ങി പരിക്കേറ്റവരെ കരയിലെത്തിച്ചു. ദുരന്തത്തിന്റെ വ്യാപ‌്തി അപ്പോഴും അവർ തിരിച്ചറിഞ്ഞിരുന്നില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top