19 September Saturday

‘‘അന്ത മണ്ണുക്കുകീളെ എൻ പുള്ളകൾ ഇറുക്ക‌് സാർ’’; നെഞ്ചിൽ കനലായി കറുപ്പായിയുടെ വിലാപം

കെ എസ‌് ഷൈജുUpdated: Sunday Aug 9, 2020

എങ്ങൾക്ക്‌ ഇനി യാരുമില്ലേ... ഭർത്താവും രണ്ടും പെൺമക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ നിരവധിപേർ നഷ്‌ടമായ കറുപ്പായി ദുരന്തസ്ഥലത്ത്‌ വിലപിക്കുന്നു. ഫോട്ടോ: ഷിബിൻ ചെറുകര

മൂന്നാർ > ‘‘അന്ത മണ്ണുക്കുകീളെ എൻ പുള്ളകൾ ഇറുക്ക‌് സാർ... യെനക്കവരെ തിരികെ കൊടുക്കമുടിയുമാ സാർ...’’ ഉറ്റവർ ഉറങ്ങിക്കിടക്കുന്ന ദുരന്തഭൂമിയിലേക്ക‌് കൈചൂണ്ടി നെഞ്ചത്തടിച്ച‌് വിലപിച്ച കറുപ്പായി പെട്ടിമുടിയുടെ നൊമ്പരക്കാഴ‌്ചയായി.  എഴുപതുകാരിയായ ഇവർ ഇനി ഒറ്റയ്‌ക്കാണ‌്.

ഭർത്താവ‌് ഷൺമുഖം, പെൺമക്കൾ, അവരുടെ ഭർത്താക്കന്മാർ, ചെറുമക്കൾ, സഹോദരി സരസ്വതി എന്നിവരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.   ‘‘എപ്പടിയാവത്‌ അവരെ തിരുമ്പി താങ്കേ സാർ...’’ ആ രോദനം കണ്ടു നിൽക്കാനാവാതെ പലരും കണ്ണീർ തുടച്ചു. പ്രകൃതി കിളച്ചുമറിച്ച ആ മണ്ണിൽ ഉറങ്ങിക്കിടക്കുന്നവരിൽ കറുപ്പായിയുടെ പേരക്കുട്ടികളുമുണ്ട‌്.

മലയിടിഞ്ഞിറങ്ങി വന്ന‌് ലയങ്ങൾക്ക്‌ മുകളിൽ പതിച്ചപ്പോൾ രക്ഷപ്പെട്ട ചുരുക്കം ജീവനുകളിലൊന്നാണ‌് കറുപ്പായിയുടേത‌്. ഭർത്താവ‌് ഷൺമുഖൻ കണ്ണൻദേവൻ കമ്പനിയിലെ തൊഴിലാളിയാണ‌്. തകർന്നടിഞ്ഞ മുൻനിരയിലെ ലയത്തിൽ അടുത്തടുത്ത മുറികളിലായിരുന്നു കറുപ്പായിയുടെ  പെൺമക്കളായ ശോഭന, കസ‌്തൂരി, സീതാലക്ഷ‌്മി എന്നിവരുടെ  കുടുംബങ്ങൾ കഴിഞ്ഞിരുന്നത‌്.  ‘‘ഏൻ മക കസ‌്തൂരി അഞ്ചുമാസം ഗർഭിണിയായിരുന്നു... ’ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ കറുപ്പായി തളർന്നു...

ലയത്തിന്റെ അങ്ങേയറ്റത്തെ മുറിയിലായിരുന്നു കറുപ്പായിയുടെ കുടുംബം.  ശ‌ബ‌്ദം കേട്ടാണ‌് കറുപ്പായി മുറിയിൽനിന്നും ഓടി പുറത്ത്‌ ഇറങ്ങിയത‌്. അപ്പോഴേക്കും ഭൂമി കീഴ‌്മേൽ മറിഞ്ഞു വന്നു. മലവെള്ളപ്പാച്ചിലിൽ നിന്നും രക്ഷപ്പെട്ട‌് സുരക്ഷിതസ്ഥാനത്ത‌് എത്തുമ്പോഴേക്കും ഉറ്റവരെല്ലാം അപ്രത്യക്ഷമായി. പെൺമക്കളുടെ ഭർത്താക്കന്മാരായ കണ്ണൻ, പ്രതീഷ‌്, രാജ, ചെറുമക്കളായ  വിജയലക്ഷ‌്മി, വിഷ‌്ണു(ഇരുവർക്കും ഒമ്പത‌് വയസ‌്), നദിയ(11), പ്രിയദർശിനി, ലക്ഷണശ്രീ, ധനുഷ‌്ക എന്നിവരെ ഇനിയും കണ്ടെത്താനുള്ളത‌്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top