21 September Monday

കണ്ണീർ മണ്ണിൽ ; പെട്ടിമുടിക്കുന്ന്‌ ഇടിഞ്ഞിറങ്ങി; 18 മരണം, 53 പേരെ കാണാതായി

കെ എസ്‌ ഷൈജുUpdated: Saturday Aug 8, 2020

കണ്ണീർലയം മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽപ്പെട്ടയാളുടെ മൃതദേഹം തകർന്ന ലയങ്ങളുടെ അവശിഷ്‌ടങ്ങൾക്കിടയിൽനിന്ന്‌ രക്ഷാപ്രവർത്തകർ പുറത്തേക്ക്‌ കൊണ്ടുപോകുന്നു


മൂന്നാർ
ഉരുൾപൊട്ടി കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കുന്നിടിഞ്ഞിറങ്ങി മൂന്നാർ രാജമല പെട്ടിമുടിയിൽ 18 പേർക്ക്‌ ദാരുണാന്ത്യം. കണ്ണൻ ദേവൻ കമ്പനിയുടെ രാജമല പെട്ടിമുടി ഡിവിഷനിലെ നാല്‌ ലയങ്ങളിലെ 30 തൊഴിലാളി കുടുംബങ്ങളാണ‌് മണ്ണിലടിയിലായത‌്.  കുടുങ്ങിയ 12 പേരെ നാട്ടുകാർ  അതിസാഹസികമായി രക്ഷിച്ചു. 53 പേർ മണ്ണിനടിയിൽ കുടുങ്ങിയെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ‌്. 

കണ്ണൻദേവൻ നെയ്‌മക്കാട്‌ എസ്‌റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത‌് വ്യാഴാഴ‌്ച രാത്രി 11.30നായിരുന്നു ദുരന്തം. ലയങ്ങളിലു‌ള്ളവർ ഉറക്കത്തിലായത‌് ദുരന്തവ്യാപ‌്തി കൂട്ടി. പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ഹൈറേഞ്ച‌് ആശുപത്രിയിലും കോലഞ്ചേരി മെഡിക്കൽ കോളേജ‌് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


 

രണ്ടുകിലോമീറ്റർ മുകളിൽനിന്ന്‌ കുന്നിടിഞ്ഞ്‌ താഴേക്ക്‌ പതിക്കുകയായിരുന്നു. ലയങ്ങൾ നിന്ന ഭാഗത്ത‌് കല്ലും ചെളിയും മാത്രമാണിപ്പോൾ. മൊബൈൽ ടവർ നിശ്ചലമായിരുന്നതിനാൽ വെള്ളിയാഴ്‌ച രാവിലെ എട്ടോടെയാണ‌് വിവരം പുറംലോകം അറിഞ്ഞത്‌. കണ്ണൻദേവൻ കമ്പനിയുടെ ഫീൽഡ്‌ ഓഫീസർ സെന്തിൽകുമാർ മൂന്നാറിലെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസും ഫയർഫോഴ‌്സും റവന്യൂ അധികൃതരും സ്ഥലത്തേക്ക‌് കുതിച്ചു. 

പത്തു മൃതദേഹം നാട്ടുകാരാണ‌് കണ്ടെത്തിയത‌്. രാവിലെ ഫയർഫോഴ‌്സിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ മണ്ണ‌് നീക്കി രക്ഷാപ്രവർത്തനം ആരംഭിച്ചു. പകൽ 11 ഓടെ മൂന്നാർ, മറയൂർ മേഖലകളിൽനിന്നും ജെസിബികൾ എത്തിച്ചു. മണ്ണുനീക്കി മൃതദേഹങ്ങൾ പുറത്തെടുക്കുന്ന ജോലി ഏറെ ദുഷ‌്കരമാണ‌്.മൂന്നാറിൽനിന്ന്‌ 25 കി. മീ. അകലെ
മൂന്നാറിൽ നിന്നും 25 കിലോമീറ്റർ അകലെയാണ‌് ദുരന്തസ്ഥലം. കുടുതൽ രക്ഷാപ്രവർത്തകർ അവിടേയ‌്ക്ക‌് തിരിച്ചെങ്കിലും വഴികൾ മണ്ണും മരങ്ങളും നിറഞ്ഞതോടെ യാത്ര ദുഷ്‌കരമായി. മൂന്നാർ പെരിയവരൈ താൽകാലിക പാലം കന്നിയാറ്റിലെ കുത്തൊഴുക്കിൽ ഒലിച്ചുപോയതും തിരിച്ചടിയായി. നിർമാണത്തിലുള്ള പുതിയ പാലത്തിന്റെ ഒരുവശത്ത‌് കൂടി നടന്ന‌് അക്കരെയെത്തി വേറെ വാഹനത്തിലാണ‌് രക്ഷാപ്രവർത്തകർ പോയത‌്.

പെട്ടിമുടി ഭാഗത്തെ മറ്റു ലയങ്ങളിലെ തൊഴിലാളികൾ മണിക്കൂറുകൾ പ്രയത്നിച്ചാണ്‌ വഴിയിലെ തടസമെല്ലാം നീക്കിയത്‌. എസ‌് രാജേന്ദ്രൻ എംഎൽഎ, ദേവികുളം സബ‌്കലക്ടർ എസ‌് പ്രേംകൃഷ‌്ണൻ, മൂന്നാർ ഡിവൈഎസ‌്പി എം രമേഷ‌്കുമാർ, ദേവികുളം തഹസിൽദാർ ജിജി എം കുന്നപ്പള്ളി എന്നിവർ സ്ഥലത്ത‌് ക്യാമ്പ‌് ചെയ്യുന്നു.മൃതദേഹങ്ങൾ സമീപത്തെ ലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. ശനിയാഴ്‌ച ഇവിടെ‌തന്നെ പോസ്‌റ്റുമോർട്ടം നടത്തി സംസ്‌കരിക്കും.


 

4 ലയം; 30 വീട്‌, ആകെ 83 പേർ
മണ്ണിനടിയിലായ നാല് ലയങ്ങളിൽ താമസിച്ചിരുന്നത് 83 പേരെന്ന്‌ കെഡിഎച്ച്പി തേയില കമ്പനി അധികൃതർ. രണ്ട്‌ ലയത്തിൽ 10വീതവും ഒന്നിൽ നാലും മറ്റൊന്നിൽ ആറും വീടാണ്‌‌.  ചിലതിൽ ആളുണ്ടായിരുന്നില്ല. ഒഴുകിപ്പോയതിൽ ലേബർ ക്ലബും കാന്റീനുമുണ്ട്‌.

തോട്ടം തൊഴിലാളികളായ റാണി, ഗണേഷൻ, റഫേൽ, അച്ചുതൻ, പ്രഭു, സരോജ, കുട്ടി രാജ, ചെല്ലദുരൈ, പന്നീർ, മയിൽസ്വാമി, രാജ, ഷൺമുഖയ്യ, അനന്തശിവൻ, അണ്ണാ ദുരൈ, രാജയ്യ, മുരുകൻ, കണ്ണൻ, മുരുകൻ എന്നിവരുടെ കുടുംബങ്ങളാണ്  താമസിച്ചിരുന്നത്. സ്‌കൂൾ തുറക്കാത്തതിനാൽ തമിഴ്നാട്ടിൽ പഠിക്കുന്ന  കുട്ടികൾ ഇവിടെ വീടുകളിൽ എത്തിയതായും സംശയിക്കുന്നു.

പെട്ടിമുടി പുഴ ഒഴുകുന്നത് ദുരന്തസ്ഥലത്തോട്‌ ചേർന്നാണ്‌. ആൾക്കാർ ഇവിടെ ഒഴുക്കിൽപ്പെടാനുള്ള സാധ്യതയും അധികൃതർ തള്ളുന്നില്ല. ഇതുവരെ മണ്ണിടിച്ചലുണ്ടാകാത്ത പ്രദേശത്താണ്‌ അപകടം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top