30 July Friday

പെരുമണിൽ ഉയരുന്നു പ്രതീക്ഷയുടെ പാലം; 80 പൈലുകളിൽ 38 എണ്ണം പൂർത്തിയാക്കി

സ്വന്തം ലേഖകൻUpdated: Friday Jun 25, 2021

നിർമാണം പുരോഗമിക്കുന്ന പെരുമൺ പാലം

കൊല്ലം > നാടിന്റെ പ്രതീക്ഷയും വികസനത്തിന്റെ കവാടവുമായി അഷ്‌ടമുടിക്കായലിനുകുറുകെ പെരുമൺ പാലം നിർമാണം പുരോഗമിക്കുന്നു. കോൺക്രീറ്റ്‌ തൂണ്‍ സ്ഥാപിക്കുന്നതിന്‌ ആകെ നിർമിക്കേണ്ട 80 പൈലുകളിൽ 38 പൂർത്തിയാക്കി. പൈൽ ക്യാപ്പിങ്ങും ആരംഭിച്ചു‌.
 
കൊല്ലം മണ്ഡലത്തിലെ പനയം പഞ്ചായത്തിനെ കുന്നത്തൂരിലെ മൺറോതുരുത്തുമായി ബന്ധിപ്പിക്കുന്നതാണ്‌ പെരുമൺ പാലം. പൈലിങ് ജോലികൾക്ക്‌ ആവശ്യമായ വ്യവസായ ഓക്‌സിജൻ മുടങ്ങിയത്‌ ചെറിയ കാലതാമസം വരുത്തിയിരുന്നു. എം മുകേഷ്‌ എംഎൽഎ ഉടനെ വിഷയം മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെ വ്യവസായ ഓക്‌സിജൻ എത്തി. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ ഓക്‌സിജൻ നിറയ്‌ക്കാൻ കൂടുതൽ സിലിണ്ടർ ആവശ്യമായി വന്നതാണ്‌ വ്യാവസായിക ഓക്‌സിജന്റെ കുറവിനു കാരണമായത്‌.
 
പൈലിങ്‌‌ നിർമാണത്തിന്റെ ഭാഗമായി പനയം, മൺറോതുരുത്ത്‌ പഞ്ചായത്തുകളിലെ നിലവിലെ കടവുകൾക്കും മാറ്റംവരുത്തി‌. പെരുമണിലെ കടവ്‌ തേരമ്പലത്തിനു സമീപത്തേക്കും പേഴംതുരുത്തിലേത്‌‌ പട്ടംതുരുത്തിലേക്കും മാറ്റി‌. 42 സ്‌പാനുകളിലായി 420 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ്‌ പാലം നിർമാണം. പൈലിങ്‌‌ പൂർത്തിയായശേഷം സ്‌പാൻ നിർമാണം തുടങ്ങും. ആഴ്‌ചയിൽ മൂന്ന്‌ പൈലുകളാണ്‌ നിർമിക്കുന്നത്‌. ഇതിൽ തൂണിനായി കോൺക്രീറ്റ്‌ നിറയ്‌ക്കുന്നതാണ്‌ പൈൽ ക്യാപിങ്‌. സമയബന്ധിതമായി പാലം നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്‌ കരാറുകാരും പിഡബ്ല്യുഡി ബ്രിഡ്‌ജസ്‌ വിഭാഗവും. കിഫ്‌ബിയിൽനിന്ന്‌ 45 കോടി രൂപയാണ്‌ പാലം നിർമാണത്തിന്‌ അനുവദിച്ചത്‌.
 
അതിനിടെ കല്ലടയാറിനു കുറുകെ കണ്ണങ്കാട്ടുകടവിൽ പാലം നിർമിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു‌. ഇതിനായി ഭൂമി ഏറ്റെടുക്കൽ നടപടിക്കാണ്‌ ജീവൻവച്ചത്‌. മൺറോതുരുത്തിനെ കുന്നത്തൂർ താലൂക്കിലെ പടിഞ്ഞാറെകല്ലട പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ്‌ കണ്ണങ്കാട്ടുകടവ്‌ പാലം. ഈ പാലം  യാഥാർഥ്യമായാൽ ജില്ലാ ആസ്ഥാനത്തേക്ക്‌ കുന്നത്തൂർ താലൂക്ക്‌ നിവാസികളുടെ യാത്ര എളുപ്പമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top