14 July Tuesday
കെഎസ്‌ആർടിസിയെ തകർക്കും

വാഹനനികുതിയിലും കൈയിട്ടുവാരാൻ കേന്ദ്രം ; പെർമിറ്റ്‌ അധികാരം കവരൽ തുടക്കം മാത്രം

ജി രാജേഷ‌് കുമാർUpdated: Wednesday Jan 15, 2020


സംസ്ഥാനങ്ങളുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ മോട്ടോർ വാഹന നികുതിയിലും കേന്ദ്രം നോട്ടമിടുന്നു. ഇതിന്റെ തുടക്കമായാണ്‌ ആഡംബരബസ്‌ പെർമിറ്റിനുള്ള സംസ്ഥാന അധികാരം കവരാനുള്ള നീക്കം. ബിജെപി സർക്കാരിന്റെ ‘ഒരു രാജ്യം ഒരു നികുതി’ വാദത്തിൽ മോട്ടോർ വാഹന നികുതിയും   ഉൾപ്പെടുത്താനാണ്‌ ശ്രമം.

മോട്ടോർ വാഹനനികുതി സംസ്ഥാന പട്ടികയിൽ പെടുന്നതാണ്‌. ഇത്‌ കേന്ദ്രപട്ടികയിലോ രണ്ടുകൂട്ടർക്കും അധികാരമുള്ള കൺകറന്റ്‌ ലിസ്‌റ്റിലോ ആക്കാനാണ്‌ ശ്രമം. സംസ്ഥാന ഗതാഗതമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രസർക്കാർ ഇത്‌ നിർദേശിച്ചിരുന്നു. അന്നേ കേരളം ശക്തമായി എതിർത്തു.

കേരള മോട്ടോർ വെഹിക്കിൾസ്‌ ടാക്‌സേഷൻ ആക്ട്‌ വഴിയാണ്‌ നികുതി സമാഹരിക്കുന്നത്‌. അധികാരം കേന്ദ്രം കവരുന്നതോടെ നികുതിയുടെ ഒരുഭാഗം മാത്രമായിരിക്കും ലഭിക്കുക. ഗതാഗതമേഖലയുടെ വികസനത്തിനും  ട്രാഫിക്‌ സുരക്ഷയിൽ പൊതുജനാവബോധം വളർത്തുന്നതിനുള്ള ഫണ്ട്‌ കണ്ടെത്തുന്നതും ഈ നികുതിയിലൂടെയാണ്‌.


 

സംസ്ഥാനങ്ങളുടെ അധികാരം ഒഴിവാക്കുന്നതിനുള്ള നിർദേശം ഏഴിനാണ്‌ കേന്ദ്ര റോഡ്‌ ഗതാഗതവും വിശാലപാതയും (ട്രാൻസ്‌പോർട്ട്‌ ആൻഡ്‌ ഹൈവേ) വകുപ്പ്‌ പുറത്തിറക്കിയത്‌.  ഫെബ്രുവരി എട്ടിനകം സംസ്ഥാനം അഭിപ്രായം അറിയിക്കണം. കേന്ദ്രനിയമമായ 1988-ലെ മോട്ടോർ വെഹിക്കിൾസ്‌ ആക്ട്‌ വകുപ്പ്‌ 66 (3)(എൻ) പ്രകാരം പെർമിറ്റ്‌ അനുവദിക്കുന്നതിനുള്ള അധികാരം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്കാണ്‌. ഈ വ്യവസ്ഥയിൽനിന്ന്‌ ആഡംബര ബസുകളെ ഒഴിവാക്കുകയാണെന്നാണ്‌ കേന്ദ്രത്തിന്റെ അറിയിപ്പ്‌. ഇതനുസരിച്ച്‌ സംസ്ഥാനത്തിന്റെ പെർമിറ്റ്‌ ആവശ്യമില്ലാതാകും. 22ൽ കൂടുതൽ സീറ്റുള്ള, ബസ്‌ കോഡ്‌ എഐഎസ്‌–-052 വിഭാഗത്തിൽപ്പെടുന്ന എസി ബസുകൾക്കായിരിക്കും ഇളവെന്നാണ്‌ കരടിൽ പറയുന്നത്‌.  കെഎസ്‌ആർടിസിക്കൊപ്പം, സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യബസ്‌ സംവിധാനവുമെല്ലാം പിന്തള്ളപ്പെടും.   ഓൺലൈൻ ടാക്‌സി സർവീസുകളുടെ മാതൃകയിൽ പേരിൽ ഓൺലൈൻ ഏജന്റുമാർ സജീവമാണ്‌. ഇവർ ബസ്‌ സർവീസ്‌ മേഖല കീഴടക്കും.

കെഎസ്‌ആർടിസിയെ തകർക്കും
ആഡംബര ബസുകൾക്ക്‌ പെർമിറ്റില്ലാതെ എവിടെയും സർവീസ്‌ നടത്താമെന്ന വ്യവസ്ഥ കെഎസ്‌ആർടിസിയെ തകർക്കും. സംസ്ഥാനത്ത്‌ നിലവിൽ 1400-ൽപരം ദീർഘദൂര റൂട്ടുകളിൽ കെഎസ്‌ആർടിസി സർവീസ്‌ നടത്തുന്നു. 22 സീറ്റിനുമുകളിൽ ശേഷിയുള്ള ശീതീകരിച്ച ബസുകൾക്ക്‌ പെർമിറ്റില്ലാതെ എവിടെയും സർവീസ്‌ നടത്താമെന്ന കേന്ദ്രതീരുമാനം നടപ്പായാൽ, ഈ റൂട്ടുകളെല്ലാം സമാന്തര സർവീസുകൾ കീഴടക്കും. കടവും നഷ്ടവുംമൂലം നട്ടംതിരിയുന്ന കെഎസ്‌ആർടിയെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ഇത്‌ തകർക്കും.


 

വലിയ ക്രമസമാധാന പ്രശ്‌നങ്ങൾക്കു കാരണമായ സമാന്തരസർവീസ്‌ സംവിധാനത്തിന്‌ നിയമപരമായ സാധുത നൽകുന്നതാണ്‌ കേന്ദ്രനിലപാട്‌. കൂടതെ യാത്രക്കാർ ഇവരുടെ കൊള്ളയ്‌ക്ക്‌ വിധേയമാകും. ശക്തമായ സർക്കാർ നിയന്ത്രണങ്ങളുണ്ടായിട്ടും ദീർഘദൂര സ്വകാര്യബസുകൾ തോന്നിയപടി  നിരക്ക്‌ ഈടാക്കുന്നതായി  പരാതിയുണ്ട്‌. എന്നാൽ, പെർമിറ്റ്‌ നിയന്ത്രണം ഇല്ലാതാകുന്നതോടെ നിരക്കുകളിൽ സർക്കാരിന്‌ ഒരു നിയന്ത്രണവും ഉണ്ടാകില്ല. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ നിരക്ക്‌ ഈടാക്കും.

മതിയായ യാത്രക്കാരുള്ള ഭാഗത്തേക്കുമാത്രം ബസ്‌ ഓടിക്കുന്ന അവസ്ഥയുമുണ്ടാകും കെഎസ്‌ആർടിസിയുടെ ഗ്രാമീണ സർവീസുകളെയും ഇത്‌ സാരമായി ബാധിക്കും.

17ന്‌ ഉന്നതതല യോഗം
ലക്‌ഷ്വറിബസുകൾക്ക്‌ സർവീസ്‌ നടത്തുന്നതിന്‌ പെർമിറ്റ്‌ വേണ്ടതില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെക്കുറിച്ച്‌ ചർച്ചചെയ്യാൻ 17ന്‌ തിരുവനന്തപുരത്ത്‌ ഉന്നതതലയോഗം ചേരും.  ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ്‌ യോഗം വിളിച്ചത്‌.


പ്രധാന വാർത്തകൾ
 Top