ഉയരുന്നു... വൈക്കം വീരന്റെ ചരിത്രസ്മാരകം
വൈക്കം
വൈക്കം വലിയകവലയിലെ നവീകരിച്ച പെരിയാർ ഇ വി രാമസാമി സ്മാരകത്തിന്റെ ഉദ്ഘാടനം 12ന് നടക്കുമ്പോൾ നാടെങ്ങും ആവേശത്തിലാണ്. നാടിന്റെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ പെരിയാറിന്റെ സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് നാടിന് സമർപ്പിക്കും. തമിഴ്നാട് സർക്കാർ 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്.
പെരിയാർ ചിത്രങ്ങളും മറ്റും പ്രദർശിപ്പിച്ചിരുന്ന മ്യൂസിയം പ്രവർത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനിലയാക്കുന്ന പണികളെല്ലാം പൂർത്തീകരിച്ചു. താഴത്തെ നിലയിൽ മ്യൂസിയവും മുകളിലത്തെ നിലയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമാണ് പ്രവർത്തിക്കുക. പെരിയാറിന്റെ പ്രതിമയ്ക്കു മുന്നിൽ വലിയ കവാടവും നിർമിച്ചിട്ടുണ്ട്. സമീപത്തെ പുതിയ കെട്ടിടത്തിലാണ് ലൈബ്രറി പ്രവർത്തിക്കുക. കുട്ടികൾക്കായി പാർക്കും ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. പെരിയാർ ജീവചരിത്രം, സമരചരിത്രം, പ്രധാന നേതാക്കളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും സൂക്ഷിക്കാനും സൗകര്യമുണ്ട്.
6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണ് ഒരുക്കിയത്. കേരള സർക്കാർ നൽകിയ 70 സെന്റ് സ്ഥലത്ത് 1985ലാണ് പെരിയാർ പ്രതിമ തമിഴ്‌നാട് സ്ഥാപിച്ചത്. സത്യഗ്രഹ ശതാബ്ദിവേളയിൽ വൈക്കത്തെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഖ്യാപനത്തോടെയാണ് പെരിയാർ സ്‌മാരകം നവീകരിച്ചത്.
സത്യഗ്രഹ നാൾവഴികളിൽ നായകൻ
“വൈക്കം വീരൻ” പെരിയാറുടെ ചരിത്ര സ്‌മാരകം പുനർനിർമിക്കുമ്പോൾ പോരാട്ടത്തിന്റെ രണസ്മരണകളിലാണ് വൈക്കവും.വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് നടക്കുന്നതിനുള്ള അവകാശത്തിനായി നടന്ന സത്യഗ്രഹത്തിന്റെ നാൾവഴികളിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പെരിയാർ ഇ വി രാമസാമി. "സത്യഗ്രഹത്തിൽ പങ്കെടുത്ത ഞങ്ങളെല്ലാം ജയിലിലാണ് ’ അതിനാൽ താങ്കൾ ഉടനെ വൈക്കത്തു വന്ന് സത്യഗ്രഹം നയിക്കണമെന്നാവശ്യപ്പെട്ട് ബാരിസ്റ്റർ ജോർജ് ജോസഫും കേശവമേനോനും എഴുതിയ കത്ത് ലഭിച്ചതോടെ പെരിയാർ വൈക്കത്തേക്ക് പുറപ്പെട്ടു. 1924 ഏപ്രിൽ 13ന് പെരിയാർ സമര നേതൃത്വം ഏറ്റെടുത്തു. പെരിയാറിന്റെ നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിച്ചതോടെ ജനസാഗരം സമരത്തിലേക്ക് ഒഴുകി. തിരുവിതാംകൂർ ഭരണകൂടത്തിന്റെ നിർദേശപ്രകാരം അദ്ദേഹത്തെ അറസ്റ്റുചെയ്ത് അരുക്കുറ്റിയിലെ ജയിലിലാക്കി. അതറിഞ്ഞയുടൻ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ വൈക്കത്തെത്തി. സ്ത്രീകളെ പങ്കെടുപ്പിച്ച് അവർ സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തി. ജയിൽമോചിതനായ പെരിയാർ വീണ്ടും സത്യഗ്രഹത്തിൽ സജീവമായതോടെ ഭരണകൂടം അദ്ദേഹത്തിന് ദേശഭ്രഷ്ട് കല്പിച്ചു. ഈ ഉത്തരവ് പെരിയാർ ലംഘിച്ചതോടെ തിരുവിതാംകൂർ ഭരണകൂടം ജയിലിലടച്ചു. രാജാവിന്റെ മരണത്തോടനുബന്ധിച്ചാണ് പെരിയാറിനെയും മറ്റു സത്യഗ്രഹികളെയും മോചിപ്പത്. ഈ സമയത്ത് മഹാത്മാഗാന്ധി തിരുവിതാംകൂർ മഹാറാണിയെ സന്ദർശിച്ച് സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. ക്ഷേത്ര റോഡുകളിൽ പിന്നാക്ക സമുദായക്കാർക്ക് യാത്രചെയ്യാൻ അനുവാദം നൽകിയതോടെ സത്യഗ്രഹം അവസാനിപ്പിക്കാൻ ഗാന്ധിജി ആവശ്യപ്പെടുകയായിരുന്നു.
0 comments