16 June Sunday

പെരിയയിലേത്‌ ഹീനമായ കൊലപാതകം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കാസർഗോഡ്‌ > പെരിയയിലെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ കൊലപാതകം ഹീനമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവർത്തനമാണ്‌ നല്ലനിലയിൽ പ്രവർത്തിച്ചുപോരുന്ന ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ അവസരം ഒരുക്കിയത്‌. രണ്ട്‌ കോൺഗ്രസ്‌ ചെറുപ്പക്കാരുടെത്‌ ഹീനമായ കൊലപാതകമാണ്‌. ഒരുരീതിയിലും ന്യായീകരിക്കാൻ കഴിയാത്തത്‌. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാർടിക്കില്ല. അതിനെ പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആ ദിവസംതന്നെ എതിർത്തിട്ടുണ്ട്‌. അത്‌ സിപിഐ എം ഇത്തരം കാര്യങ്ങളെ എങ്ങനെ കാണുന്നുവെന്നതിന്‌ തെളിവാണ്‌. ഹീനമായ കുറ്റം ചെയ്‌തവർക്കെതിരെ കൃത്യമായ ശിക്ഷാ നടപടി ഉണ്ടാകും. അതിന്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ അപ്പോൾതന്നെ നിർദ്ദേശം നൽകി- അദ്ദേഹം പറഞ്ഞു.

കാസർഗോഡ്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതിനുശേഷം സംസ്ഥാനത്ത്‌ നടന്ന അക്രമവും എതിർക്കപ്പെടേണ്ടതാണ്‌. എന്നാൽ കോൺഗ്രസ്‌ അക്രമത്തെ ആരും തള്ളിപ്പറുയുന്നത്‌ കാണുന്നില്ല. അതിനെ പ്രോത്സാഹിപ്പിച്ചാലും നടപടിയെടുക്കുന്നതിൽ പക്ഷഭേദമുണ്ടാകില്ല. പൊലീസ്‌ തക്കതായ നടപടി എടുക്കും. സമാധാനം ആഗ്രഹിക്കുന്ന നാടാണ്‌ കേരളം. എല്ലാ നല്ല കാര്യങ്ങൾക്കും നാടും നാട്ടുകാരും ഒപ്പം നിന്നിട്ടുണ്ട്‌. എല്ലാത്തരം അക്രമങ്ങളെയും ശക്തമായി നേരിട്ട്‌ നമ്മൾ മുന്നോട്ടുപോകും-അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിനുനേരെ അക്രമങ്ങളുണ്ടായിട്ടുണ്ട്‌. കുറേക്കാലം കോൺഗ്രസായിരുന്നു പ്രതിസ്ഥാനത്ത്‌. ഇതൊന്നും കാര്യമാക്കാതെ മാധ്യമങ്ങൾ സിപിഐ എമ്മിനുനേരെ അക്രമം നടത്തുന്ന അക്രമികളെ ദേവദൂതന്മാരായി ചിത്രീകരിക്കാറുണ്ട്‌. അതുകൊണ്ട്‌ പാർടിയെ തകർക്കാമെന്നാണ്‌ വിചാരം. അങ്ങനെയൊന്നു തകർക്കാവുന്നതല്ല ഈ പ്രസ്ഥാനമെന്ന്‌ മനസ്സിലാക്കണം. അവരുടെ നാക്കിൻ തുമ്പിലോ പേനത്തുമ്പിലോ നിലനിൽക്കുന്നതല്ല സിപിഐ എം. ജനങ്ങളെയാണ്‌ പാർടി യജമാനന്മാരായി കാണുന്നത്‌. അന്ധമായ വിരോധം വച്ചുപുലർത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാർടി ആഗ്രഹിച്ചിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top