03 July Friday
30 ലക്ഷം രണ്ട‌് ജില്ലാ നേതാക്കൾ കീശയിലാക്കിയെന്നും ആക്ഷേപം

പെരിയ കൊലപാതകം: പിരിച്ച ഒരു കോടി കുടുംബത്തിന‌് നൽകിയില്ല; കോൺഗ്രസിൽ വിവാദം

ടി കെ നാരായണൻUpdated: Thursday May 9, 2019

കാഞ്ഞങ്ങാട‌്> കല്യോട്ട‌് കൊല്ലപ്പെട്ട രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകരുടെ കുടുംബത്തിനായി ഡിസിസി നേതൃത്വം ശേഖരിച്ച ഒരു കോടി രൂപ ഇനിയും കൈമാറിയില്ല. ഇതേച്ചൊല്ലി  കോൺഗ്രസിൽ വിവാദം കൊഴുക്കുന്നു. കൊല്ലപ്പെട്ട ശരത‌് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പിരിച്ച ഒരു കോടിയോളം രൂപയാണ‌് തിരിമറി നടത്തിയത‌്. തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ‌് പണം കൈമാറാൻ കഴിയാത്തതെന്നാണ‌് ഡിസിസി നേതൃത്വം അണികളോട‌് പറഞ്ഞത‌്. എന്നാൽ, ഹൈബി ഈഡൻ കൃപേഷിന്റെ കുടുംബത്തിന‌് വീട‌് കൈമാറിയത‌് പെരുമാറ്റച്ചട്ടം നിലനിൽക്കേയാണ‌്. യുഡിഎഫ‌് സ്ഥാനാർഥി രാജ‌്മോഹൻ ഉണ്ണിത്താനും താക്കോൽദാന ചടങ്ങിൽ പങ്കെടുത്തു.

കുടുംബത്തിന‌് പണം കൈമാറാൻ യഥാർഥ തടസ്സം എന്താണെന്ന അണികളുടെ ചോദ്യത്തിന‌് നേതൃത്വം ഇതുവരെ മറുപടി നൽകിയിട്ടില്ല. ഡിസിസി പ്രസിഡന്റ‌്  ഹക്കിം  കുന്നിൽ, വൈസ‌് പ്രസിഡന്റുമാരായ കെ കെ രാജേന്ദ്രൻ,  പി കെ ഫൈസൽ എന്നിവർക്കായിരുന്നു നിധി ശേഖരിക്കാനുള്ള ചുമതല. പിരിച്ചെടുത്തത‌് 74 ലക്ഷം രൂപ മാത്രമാണെന്നാണ‌് ഡിസിസി പ്രസിഡന്റ‌് പറയുന്നത‌്. ജില്ലയിലെ വ്യാപാരികൾ, വ്യവസായികൾ, പ്രവാസികൾ, ട്രേഡ‌് യൂണിയൻ–-സർവീസ‌് സംഘടനകൾ എന്നിവരിൽനിന്നായി  രസീതില്ലാതെ പിരിച്ചെടുത്ത തുക  കണക്കിൽപ്പെടുത്തിയിട്ടില്ല. ഇത്തരത്തിൽ കെപിസിസി അറിയാതെ  സ്വരൂപിച്ച  30 ലക്ഷത്തോളം രൂപ  തൃക്കരിപ്പൂരിലെ രണ്ടു ജില്ലാ  നേതാക്കൾ കീശയിലാക്കിയെന്നും ആക്ഷേപമുയർന്നിട്ടുണ്ട‌്.

കുടുംബ സഹായനിധി സംബന്ധിച്ച  കണക്കുകൾ പുറത്തുവിടാൻ ഡിസിസി പ്രസിഡന്റ‌്  തയ്യാറാകാത്തത‌് കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയിട്ടുണ്ട‌്.  യുഡിഎഫ‌് ആഹ്വാനംചെയ‌്ത ഹർത്താൽ ദിനത്തിൽ നടന്ന അക്രമത്തിൽ ജില്ലയിൽ കോടികളുടെ നഷ്ടമാണുണ്ടായത‌്. ഹൈക്കോടതി നിർദേശ പ്രകാരം ഹർത്താൽ ആഹ്വാനം ചെയ‌്തവരിൽനിന്ന‌് നഷ്ടപരിഹാരം ഈടാക്കാൻ പൊലീസ‌് നടപടി സ്വീകരിച്ച‌ു. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ  പെരിയയിലും കല്യോട്ടും അക്രമത്തിൽ  രജിസ‌്റ്റർചെയ‌്ത 24 കേസുകളിൽ നേതാക്കളുൾപ്പെടെ  160 കോൺഗ്രസുകാർ പ്രതികളാണ‌്.  അറസ‌്റ്റിലായവരെ ജാമ്യത്തിലിറക്കാനും യുഡിഎഫ‌് ജില്ലാ ചെയർമാൻ, കൺവീനർ എന്നിവർക്കെതിരായുള്ള കേസ‌് നടത്തിപ്പിനുമായി കുടുംബ സഹായ നിധിയിൽനിന്ന‌് 20  ലക്ഷത്തോളം രൂപ എടുത്തതായും ഇതിൽ  18 ലക്ഷം രൂപ ജാമ്യത്തുകയായി ഹൈക്കോടതിയിൽ കെട്ടിവച്ചതായും ഡിസിസിയിലെ ഒരു പ്രമുഖൻ പറഞ്ഞു.

കൃപേഷിന്റെയും ശരത‌് ലാലിന്റെയും  കുടുംബത്തിന‌് ഡിസിസി ഇതിനകം 37 ലക്ഷം രൂപ വീതം കൈമാറിയെന്നാണ‌് ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പ്രചരിപ്പിക്കുന്നത‌്. എന്നാൽ കൈമാറിയത‌് കെപിസിസിയുടെ വിഹിതമായ 10 ലക്ഷവും യൂത്ത‌് കോൺഗ്രസ‌് സംസ്ഥാന കമ്മിറ്റിയുടെ 12 ലക്ഷവും കോൺഗ്രസിന്റെ വിവിധ പോഷകസംഘടനകൾ നൽകിയ സംഭാവനകളും മാത്രമാണ‌്.

കൃപേഷിന്റെ പുതിയ വീട്ടിൽ രണ്ടര ലക്ഷത്തിന്റെ ഫർണിച്ചർ നൽകിയെന്നാണ‌് മറ്റൊരു വാദം. ഇതൊക്കെ യുഡിഎഫ‌് അനുഭാവികളുടെ  ഷോറൂമുകള‌ിൽനിന്ന‌്  സൗജന്യമായി ലഭിച്ചതാണെന്നാണ‌് യൂത്ത‌് കോൺഗ്രസ‌് നേതാക്കൾ പറയുന്നത‌്. ജില്ലയിൽനിന്ന‌് സ്വരൂപിച്ച ഫണ്ട‌് കുടുംബത്തിന‌് പൂർണമായി നൽകാതിരിക്കാനുള്ള ഡിസിസി  നേതൃത്വത്തിന്റെ കുതന്ത്രങ്ങൾക്കതിരെ  ഒരു വിഭാഗം പ്രവർത്തകർ എഐസിസിക്കും രാഹുൽഗാന്ധിക്കും പരാതി അയച്ചിട്ടുണ്ട‌്. കുടുംബ സഹായനിധി സംബന്ധിച്ച‌് ചർച്ചയ‌്ക്ക‌് മറയിടാൻ കല്യോട്ട‌് ഗ്രാമത്തെ അക്രമത്തിന്റെ മുൾമുനയിൽ നിർത്താനാണ‌് ഡിസിസിയിലെ ഒരു വിഭാഗത്തിന്റെ നീക്കം.  ഇതിന്റെ ഭാഗമാണ‌് ഞായറാഴ‌്ച യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകന്റെ വീടിനുനേരെ പടക്കമെറിഞ്ഞ‌്  സിപിഐ എം  ബോംബാക്രമണമെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതും  സിപിഐ എം പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർത്തതും.


പ്രധാന വാർത്തകൾ
 Top