17 January Friday

ക്ഷേമപെൻഷൻ ഉറപ്പാക്കി 48 ലക്ഷം പേർ; മസ്‌റ്ററിങ്‌ പൂർണതയിലേക്ക്‌

ജി രാജേഷ‌്കുമാർUpdated: Monday Dec 16, 2019

തിരുവനന്തപുരം > സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ മസ്‌റ്ററിങ്‌ പൂർണതയിലേക്ക്‌. സംസ്ഥാനത്ത്‌ നിലവിലുള്ള ഗുണഭോക്‌തൃ പട്ടികയിലെ 83 ശതമാനം പേരും ബയോമെട്രിക്‌ മസ്‌റ്ററിങ്‌ നടത്തി. 57,64,336 ഗുണഭോക്താക്കളിൽ 47,73,253 പേർ മസ്‌റ്ററിങ്‌ പൂർത്തിയാക്കി.

സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്‌തൃ പട്ടികയിലെ 47,20,395 പേരിൽ 40,42,370 പേർ മസ്‌റ്ററിങ്‌ നടത്തി. ക്ഷേമനിധി ബോർഡുകളിലെ 10,43,941  പേരിൽ 7,30,883 പേർ പെൻഷൻ ഉറപ്പാക്കി. മസ്‌റ്ററിങ്ങിൽ ഗ്രാമ പഞ്ചായത്തുകളാണ്‌ മുന്നിൽ. 86.33 ശതമാനം. മുൻസിപ്പൽ നഗരസഭകൾ–- 83.78 ശതമാനം, കോർപറേഷനുകൾ–-80.77ശതമാനം, ക്ഷേമനിധി ബോർഡുകൾ–-70.01 ശതമാനം പൂർത്തീകരിച്ചു. ആധാർ രജിസ്‌ട്രേഷൻ നടത്താത്തതുമൂലം മസ്‌റ്ററിങ്ങിന്‌ കഴിയാത്ത 54,523 പേരുണ്ട്‌. ഇവരിൽ 29,082 പേർ ലൈഫ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കി പെൻഷൻ അർഹത തെളിയിച്ചു.

മസ്‌റ്ററിങ്‌ അനർഹരെ ഒഴിവാക്കാൻ

അർഹരായവർക്കെല്ലാം സാമൂഹ്യസുരക്ഷാ പെൻഷൻ ഉറപ്പാക്കാനാണ്‌ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ്‌ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ അനർഹരെ ഒഴിവാക്കാനാകും. മരിച്ചുപോയവർ, സർവീസ് പെൻഷൻ വാങ്ങുന്നവർ, സ്ഥലത്തില്ലാത്തവർ, അനർഹമായി ഇരട്ടപെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരെ തിരിച്ചറിയുകയാണ്‌ മസ്‌റ്ററിങ്ങിന്റെ പ്രധാനലക്ഷ്യം. ഇതിലൂടെ അർഹരായ മുഴുവൻ പേർക്കും കുടിശ്ശികയില്ലാതെ പെൻഷൻ നൽകണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. 57.64 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നതിന് വർഷം 8000 കോടി രൂപയാണ് ചെലവ്‌. പത്തുലക്ഷത്തോളം പേരാണ്‌ ഈ സർക്കാർ വന്നശേഷം ആദ്യമായി പെൻഷൻ വാങ്ങിയത്.

ഒരു പഞ്ചായത്തിൽ 1202 അനർഹർ

തലസ്ഥാന ജില്ലയിലെ ഒരു പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 7158 ഗുണഭോക്താക്കളെ സർവേ ചെയ്തതിൽ 1202 പേർ അനർഹമായി പെൻഷൻ വാങ്ങുന്നതായി കണ്ടെത്തി. 428 പേർ മരണപ്പെട്ടവർ, പുനർവിവാഹം ചെയ്ത 27 പേർ, മറ്റു സ്ഥലങ്ങളിലേക്ക്‌ താമസം മാറിയ 259 പേർ, സർവീസ് പെൻഷൻ വാങ്ങുന്ന 110 പേരും അനർഹരാണ്‌.

23 മുതൽ 31വരെ അവസരം

എല്ലാ ഗുണഭോക്താക്കൾക്കും മസ്റ്ററിങ്‌ പൂർത്തിയാക്കാൻ 31 വരെ അവസരം നൽകാനാണ്‌ ധന വകുപ്പ്‌ തീരുമാനം. ക്രിസ്‌മസ്‌ പ്രമാണിച്ചുള്ള പെൻഷൻ വിതരണ നടപടികൾ പൂർത്തീകരിക്കുന്നതിന്‌ സാങ്കേതിക തടസ്സം ഉണ്ടാകുമെന്നതിനാൽ 22 വരെ മസ്‌റ്ററിങ്‌ സൗകര്യമുണ്ടാകില്ല. 23 മുതൽ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സൗജന്യമായി മ‌സ്റ്ററിങ്‌ നടത്തും.


പ്രധാന വാർത്തകൾ
 Top