25 May Monday

പട്ടാമ്പിയില്‍ അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമം: കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

പട്ടാമ്പി > തൊഴിലില്ലാതെ കഴിയുന്ന അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ പട്ടാമ്പിയില്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകരുടെ ശ്രമം. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുഹമ്മദ് ഇസ്മയില്‍, ഷിജില്‍,  മുസ്ലിംലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഷഫീഖ്, സക്കീര്‍ ഹുസൈന്‍, മരയ്ക്കാര്‍, സക്കീര്‍ എന്നിവര്‍ക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു.

അതിഥി തൊഴിലാളികളോടുള്ള പട്ടാമ്പി നഗരസഭയുടെ അവഗണന ചോദ്യം ചെയ്തതിന് സിഐടിയു സിഐടിയു പട്ടാമ്പി താലൂക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ സക്കീറിനെതിരെ നഗരസഭ ചെയര്‍മാന്‍ കെഎസ്ബിഎ തങ്ങള്‍ കള്ളപ്പരാതി നല്‍കി. പരാതിയില്‍ സക്കീറിനെതിരെ കേസെടുത്തിട്ടുണ്ട്.

നഗരസഭയുടെ സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണം നഗരസഭ ഭരണസമിതിയുടെ ഇഷ്ടക്കാര്‍ക്കും അനര്‍ഹര്‍ക്കും നല്‍കുകയാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. അര്‍ഹതപ്പെട്ടവരെ കണ്ടെത്താനും അവര്‍ക്ക് ഭക്ഷണം എത്തിക്കാനും വാര്‍ഡുതല സംവിധാനം ഇനിയും ഒരുക്കിയിട്ടില്ല. ദ്രുതകര്‍മ സേനയെയും തയ്യാറാക്കിയില്ല.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ  ക്യാന്റീനിലാണ് സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ വിളിക്കുമ്പോള്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതിയും ശക്തം. തൊഴില്‍ നഷ്ടപ്പെട്ട് വീട്ടില്‍തന്നെ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ നഗരസഭ തയ്യാറാകാതിരുന്നതും ചര്‍ച്ചയായി. കുടുംബശ്രീ മിഷന്‍ ഭക്ഷണം നല്‍കാന്‍ തയ്യാറായിട്ടും നഗരസഭ ഭരണസമിതി ഇടപെട്ട് തടഞ്ഞു.

ഇക്കാര്യം ചോദ്യം ചെയ്തതിനാണ് സക്കീറിനെ കള്ളക്കേസില്‍ കുടുക്കിയത്. നാലു ദിവസമായി നഗരസഭ ഉത്തരവാദിത്തം നിറവേറ്റാന്‍ തയ്യാറാകുന്നില്ല എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്  മുഹമ്മദ് മുഹ്സിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സബ് കലക്ടറും ലേബര്‍ ഓഫീസറും സംഘവും തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നു.

മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായിരുന്നു. എടവണ്ണ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി  പത്തപ്പിരിയം തുവ്വക്കാട് പി കെ സാക്കിറും, യൂത്ത് കോണ്‍ഗ്രസ് എടവണ്ണ മണ്ഡലം മുന്‍ പ്രസിഡന്റായ മുണ്ടേങ്ങര തുവ്വക്കുത്ത് ഷരീഫുമാണ് അറസ്റ്റിലായിരിക്കുന്നത്.

പ്രചാരണം തള്ളിക്കളയണം: സിഐടിയു

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചെന്ന പേരില്‍ സക്കീര്‍ പട്ടാമ്പിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രതികാരത്തിന്റെ  ഭാഗമാണെന്ന് സിഐടിയു പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് എന്‍ പി വിനയകുമാറും സെക്രട്ടറി എ വി സുരേഷും  പ്രസ്താവനയില്‍ അറിയിച്ചു.  ചിലവ്യക്തികളുടെ വ്യക്തിവിരോധവും രാഷ്ട്രീയ വിരോധവും ഒത്തുചേര്‍ന്നതിന്റെ ഭാഗമായാണ് ഈ കേസ്. അടിസ്ഥാനരഹിതമായ പ്‌സൊരണങ്ങള്‍ തള്ളിക്കളയണമെന്നും സിഐടിയു   പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top