15 December Sunday
ഹൈക്കോടതിയിൽ സത്യവാങ്ങ്‌മൂലം

ആന്തൂര്‍ കൺവൻഷൻ സെന്റർ: കോണ്‍ക്രീറ്റ് തൂണുകളും മേല്‍ക്കൂരയും സ്റ്റീലാക്കിയത് അനുമതിക്ക് പ്രധാന തടസ്സമായെന്നു സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

കൊച്ചി > ആന്തൂരിലെ പാർഥാ കൺവൻഷൻ സെന്റർ കെട്ടിട നിർമാണത്തിൽ നഗരസഭാ ചട്ടങ്ങളിലെ അഞ്ച്‌ എണ്ണം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന്‌ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ്‌മൂലം നൽകി. കോണ്‍ക്രീറ്റ് തൂണുകളും മേല്‍ക്കൂരയും സ്റ്റീലാക്കി മാറ്റിയതാണ്‌ ഗുരുതരമായ നിയമലംഘനം. ഇതാണ്‌ അനുമതി ലഭിക്കാതിരുന്നതിന്‌ പ്രധാന കാരണമായതെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കൂടുതൽ ആളുകൾ വിവിധ കാര്യങ്ങള്‍ക്കായി കൂട്ടത്തോടെ എത്തുന്ന സ്ഥലമായതിനാലാണ് നഗരസഭ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത്. ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്‌.

കെട്ടിടത്തിന്റെ ഘടന മാറ്റിയത് നഗരസഭയെ അറിയിക്കാതെയായിരുന്നു. കോണ്‍ക്രീറ്റ് ഉപയോഗിച്ച്‌ നിർമ്മിച്ചവ സ്‌റ്റീലാക്കിയതാണ്‌  വലിയ മാറ്റം. മുന്‍കൂര്‍ അനുമതിയില്ലാതെയോ പുതുക്കിയ പ്ലാന്‍ നല്‍കാതെയോ ആര്‍ക്കിടെക്റ്റ് ഇത് ചെയ്യരുതായിരുന്നു. പ്ലാനിന് അംഗീകാരം കിട്ടുന്നത് വൈകുന്നതിലും ആര്‍ക്കിടെക്ടിന്റെ അശ്രദ്ധ വ്യക്തമാണ്. സത്യവാങ്‌മൂലത്തിൽ പറയുന്നു.

2013ൽ തളിപ്പറമ്പ്‌ മുൻസിപ്പാലിറ്റി ആയിരുന്ന കാലത്താണ്‌ ഓഡിറ്റോറിയത്തിനുള്ള നടപടികൾ തുടങ്ങുന്നത്‌. ആത്മഹത്യ ചെയ്‌ത സാജന്റെ ഭാര്യാപിതാവ്‌ പാലൊളി പുരുഷോത്തന്‍ ഒരു ഓഡിറ്റോറിയം നിര്‍മിക്കാന്‍ തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിക്ക്‌ അപേക്ഷ നൽകിയതിനുശേഷം നടന്ന പരിശോധനയിൽത്തന്നെ ന്യൂനതകൾ കണ്ടെത്തിയിരുന്നു. വസ്തുവിന്റെ അളവ് സൈറ്റ് പ്ലാന്‍ അളവുമായി ചേരുന്നില്ല, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, സര്‍വ്വെ സ്‌കെച്ച് എന്നിവ ഹാജരാക്കണം, ബില്‍ഡിങ് പ്ലാനിലെ ചില പൊരുത്തക്കേടുകള്‍ പരിഹരിക്കണം തുടങ്ങിയ കാര്യങ്ങൾ 2014 ജൂലായ്‌ 30ന് ജില്ലാ ടൗണ്‍ പ്ലാനര്‍ സ്ഥലം പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകി.

2015ല്‍ രൂപീകരിച്ച ആന്തൂര്‍ മുന്‍സിപ്പിലാറ്റിയിലാണ് നിലവില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉള്ളത്. മുമ്പ് ഇത് തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി ആയിരുന്നു. 2828 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിട നിര്‍മാണത്തിനായിരുന്നു അപേക്ഷ. 1000 ചതുരശ്ര മീറ്ററിനേക്കാള്‍ കൂടുതല്‍ ഉള്ളതിനാല്‍ ചീഫ് ടൗണ്‍ പ്ലാനറുടെ അനുമതി വേണമായിരുന്നു. മുന്‍സിപ്പിലാറ്റി ഇത് ചീഫ്‌ ടൗണ്‍ പ്ലാനര്‍ക്കു കൈമാറി. ജില്ലാ ടൗണ്‍ പ്ലാനര്‍ സ്ഥലം പരിശോധിച്ചു. തുടര്‍ന്ന് കണ്ടെത്തിയ ന്യൂനതകൾ ഉൾപ്പെടുന്ന രേഖകള്‍ തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിക്കു കൈമാറി. ബില്‍ഡിങ് പെര്‍മിറ്റിനുള്ള അപേക്ഷ മടക്കിയതിന്റെ കോപ്പി പുരുഷോത്തമനും നല്‍കി. പിന്നീട്‌ തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി ഇത് ജില്ലാ ടൗണ്‍ പ്ലാനര്‍ക്കു മുമ്പില്‍ വീണ്ടും സമര്‍പ്പിച്ചു.

പിന്നീട്‌ വിവിധ അപാകതകൾ പരിഹരിച്ച്‌ പുതിയ അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍സിപ്പാലിറ്റി ബില്‍ഡിങ് പെര്‍മിറ്റ് നല്‍കി. റീ ഇന്‍ഫോഴ്‌സ്ഡ് സെമന്റ് കോണ്‍ക്രീറ്റ് നിര്‍മാണമായിരുന്നു പറഞ്ഞിരുന്നതെങ്കിലും അവര്‍ മുന്‍സിപ്പാലിറ്റിയെ അറിയിക്കാതെ അത് സ്റ്റീല്‍ ആക്കി. നിര്‍മാണത്തില്‍ നിയമലംഘനമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്‌ ജില്ലാ ടൗൺ പ്ലാനറുടെയും നഗരസഭാ അധികൃതരുടെയും സംയുക്ത പരിശോധന നടന്നു. പരിശോധനയില്‍ പാര്‍ക്കിങ് നിലയിലെ റാമ്പിനു മുകളില്‍ ഒരു കോണ്‍ക്രീറ്റ് സ്ലാബ് കണ്ടെത്തി. ഇത് അംഗീകരിച്ച പ്ലാനിന് എതിരാണ്. ശരിയാക്കണമെന്ന് നിര്‍ദേശം നൽകി. ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ഇത് ശരിയാക്കണമെന്ന് നിര്‍ദേശിച്ചു. സംയുക്ത പരിശോധന റിപ്പോര്‍ട്ട് നഗരസഭക്കു കൈമാറി. നിർമാണത്തിന് ശേഷം അപേക്ഷകന്‍ നിര്‍മാണം പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ട്‌ നല്‍കി.

തുടര്‍ന്ന് മുന്‍സിപ്പല്‍ എൻജിനീയറും പിഡബ്ല്യുഡി ഓവര്‍സിയറും സ്ഥലം പരിശോധിച്ചു. 15 കുറവുകള്‍ നഗരസഭാ സെക്രട്ടറി അപേക്ഷകനോട്‌ വ്യക്തമാക്കി. ഇത് ഓവര്‍സിയറും എൻജിനീയറും പരിശോധിച്ചു. നഗരസഭാ സെക്രട്ടറി പറഞ്ഞ ഏഴു കാരണങ്ങള്‍ ശരിയാണെന്ന് ഇതോടെ വ്യക്തമായി.

സാജന്റെ ആത്മഹത്യക്കു ശേഷം മാധ്യമങ്ങളില്‍ പലവിധ വാര്‍ത്തകള്‍ മുന്‍സിപ്പാലിറ്റിക്ക് എതിരെ വന്നിരുന്നു. ആരോപണങ്ങള്‍ ഗൗരവത്തോടെ എടുത്ത സർക്കാർ ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. ഒരു സംഘമുണ്ടാക്കി സംയുക്ത പരിശോധന നടത്തി. അംഗീകരിക്കപ്പെട്ട കോണ്‍ക്രീറ്റില്‍ നിന്ന് സ്റ്റീല്‍ ആക്കിയതിനാല്‍ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു മുമ്പ് കെട്ടിടത്തിന്റെ ബലം സംബന്ധിച്ച റിപ്പോര്‍ട്ടും തേടാന്‍ നിര്‍ദേശിച്ചു. ഈ റിപ്പോര്ട്ട് പരിശോധിച്ച സര്‍ക്കാര്‍ ഈ നിയമലംഘനങ്ങള്‍ പരിഹരിച്ചാല് ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ആറു മാസത്തിനകം വാട്ടര്‍ ടാങ്ക്, ഇന്‍സിനേറ്റര്‍, ജനറേറ്റര്‍, എസി കംപ്രസര്‍ എന്നിവ സംബന്ധിച്ച നിയമലംഘനം ഇല്ലാതാക്കുമെന്ന ഉറപ്പില്‍ നഗരസഭ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്  നല്‍കി. ബില്‍ഡിങ് നിര്‍മാണ ചട്ടങ്ങള്‍ നോക്കുകയാണെങ്കില്‍ അപേക്ഷകന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചകളും നിയമലംഘനങ്ങളും ഉണ്ടായിട്ടുണ്ട്. ടൗണ്‍ പ്ലാനര്‍ രണ്ടു തവണ പ്ലാന്‍ മടക്കി. സ്ഥല പരിശോധന നടത്തുന്നതിനലെയും ശരിയായ പ്ലാന്‍ തയ്യാറാക്കുന്നതിലെയും ആര്‍ക്കിടെക്ടിന്റെ അശ്രദ്ധയാണ് ഇത് കാണിക്കുന്നത്. രണ്ടു തവണ നല്‍കിയ പ്ലാന്‍ മാറ്റ് പുതുക്കി നല്‍കി. അതിലും നിരവധി കുറവുകളും വീഴ്ച്ചകളും കണ്ടെത്തി വിശദീകരണം തേടി. നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് പ്ലാന്‍ അംഗീകാരം നല്‍കിയത്. സത്യവാങ്ങ്‌മൂലത്തിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top