24 August Saturday

ആലപ്പുഴയിലെ തോൽവി: സ്ഥാനാർഥിയുടെ മികവിനെച്ചൊല്ലിയും കോൺഗ്രസിൽ വിവാദം

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

ആലപ്പുഴ> ലോക‌്സഭാ തെരഞ്ഞെടുപ്പ‌ിലെ ആലപ്പുഴയിലെ തോൽവിയെ ചൊല്ലിയുള്ള കോൺഗ്രസിലെ കലഹത്തിന‌് അയവില്ല. തോൽവിയെക്കുറിച്ച‌് അന്വേഷിച്ച കെ വി തോമസ‌് കമീഷൻ റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജില്ലയിലെ കോൺഗ്രസ‌് രണ്ടുതട്ടിലാണ‌്. ബ്ലോക്ക‌് കമ്മിറ്റികൾ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച‌് കൂടുതൽപേർ രാജിക്കൊരുങ്ങുന്നത‌് തടയാനുള്ള നീക്കത്തിലാണ‌് നേത‌ൃത്വം.

അതേസമയം, സ്ഥാനാർഥിയായിരുന്ന ഷാനിമോൾ ഉസ‌്മാന്റെ മികവിനെതിരെ കമീഷൻ തെളിവെടുപ്പിൽ ചില പ്രവർത്തകർ നിലപാടുത്തെന്ന വിവരം പുറത്തുവന്നത‌് പുതിയ വിവാദത്തിന‌് വഴിയൊരുക്കി. ഷാനിമോളെ എതിർക്കുന്ന പ്രബലവിഭാഗം കെ വി തോമസ‌് കമീഷൻ റിപ്പോർട്ടിനെ അനുകൂലിക്കുന്നുണ്ട‌്. റിപ്പോർട്ടിൽ പറഞ്ഞകാര്യങ്ങളിൽ പുറത്തുപറയേണ്ടതും അല്ലാത്തതുമുണ്ടെന്ന‌് ഇക്കൂട്ടർ പറയുന്നു. സ്ഥാനാർഥിയെന്ന നിലയിൽ ഷാനിമോൾ പരാജയമാണെന്നു ഇവർ ചൂണ്ടിക്കാട്ടുന്നു.

സ്ഥാനാർഥിക്ക‌് മികവ‌് പോരെന്ന‌് നേരത്തെ വ്യക്തമാക്കിയിരുന്നതായി മണ്ഡലം, ബൂത്ത‌് ഭാരവാഹികൾ കമീഷനോട‌് പറഞ്ഞിരുന്നു. ഇക്കാര്യം റിപ്പോർട്ടിലുണ്ട‌്–- കമീഷനെ അനുകൂലിക്കുന്ന നേതാവ‌് പറഞ്ഞു. ചേർത്തല, വയലാർ, കായംകുളം നോർത്ത‌്, കായംകുളം സൗത്ത‌് ബ്ലോക്ക‌് കമ്മിറ്റികൾ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ‌്.

എന്നാൽ, നടപടി അറിയിപ്പ‌് തങ്ങൾക്ക‌് കിട്ടിയിട്ടില്ലെന്ന‌് ബ്ലോക്ക‌് പ്രസിഡന്റുമാരുടെ വാദം. ഉന്നതരെ രക്ഷിക്കാൻ താഴേത്തട്ടിലുള്ളവരെ ബലിയാടാക്കി എന്ന വികാരത്തിലാണ‌് ബ്ലോക്ക‌് ഭാരവാഹികൾ. ചേർത്തല ബ്ലോക്ക‌് കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച‌് കൊക്കോതമംഗലം മണ്ഡലം പ്രസിഡന്റ‌് വ്യാഴാഴ‌്ച രാജിവച്ചിരുന്നു. കൂടുതൽ മണ്ഡലം പ്രസിഡന്റുമാർ രാജിക്ക‌് ഒരുങ്ങിയതോടെ ഉന്നത നേത‌ൃത്വം ഇടപെട്ട‌് പിന്തിരിപ്പിക്കുകയായിരുന്നു.

മണ്ഡലം പ്രസിഡന്റുമാരെ നേതാക്കൾ പ്രീണിപ്പിച്ച‌് കൂടെ നിർത്തിയിരിക്കുകയാണെന്നാണ‌് സൂചന. അതേസമയം, വിട്ടുവീഴ‌്ചയ‌്ക്കില്ലെന്ന നിലപാടിലാണ‌് ബ്ലോക്ക‌് പ്രസിഡന്റുമാർ. 220 ഭാരവാഹികൾക്കാണ‌് സ്ഥാനം തെറിക്കുക. നടപടി അറിയിപ്പ‌് കിട്ടിയാൽ ശക്തമായി പ്രതികരിക്കുമെന്ന‌് ബ്ലോക്ക‌് പ്രസിഡന്റുമാർ പറയുന്നു.-

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top