24 September Sunday

ആശ്വാസം പകർന്ന് പരിയാരം; അടിസ്ഥാനസൗകര്യവും മോടിയും കൂട്ടി

പി സുരേശൻUpdated: Monday May 29, 2023

പരിയാരം മെഡിക്കൽ കോളേജ്

പാവപ്പെട്ട ആയിരക്കണക്കിന്‌ രോഗികളുടെ ആശ്വാസ കേന്ദ്രമാണ്‌ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌.  സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പൻ മത്സരങ്ങൾക്കിടയിൽ  ആതുരസേവന മേഖലയുടെ യഥാർഥ ധർമം തിരിച്ചറിയുന്ന സ്ഥാപനം. ഇവിടത്തെ പരിമിതികൾ പെരുപ്പിച്ച്‌ കാണിച്ചും സ്വകാര്യമേഖലയെ മഹത്വവൽക്കരിച്ചും ചിലർ  പ്രചാരണം നടത്തുന്നുണ്ടെങ്കിലും  രോഗികൾക്ക്‌  താങ്ങും തണലുമാണ്‌  സർക്കാർ ഉടമസ്ഥതയിലുള്ള ഈ ആധുനിക ചികിത്സാകേന്ദ്രം.
 
എന്നാൽ പരിയാരം സഹകരണ മെഡിക്കൽ കോളേജ്‌ സർക്കാർ ഏറ്റെടുക്കണമെന്ന്‌  മുറവിളി ഉയർത്തിയവർപോലും ഈ സ്ഥാപനത്തിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന്‌  പിന്നീട്‌ നാട്‌ സാക്ഷിയായി. ഇതെല്ലാം അതിജീവിച്ച്‌ ജനങ്ങളുടെ സ്വന്തം സ്ഥാപനമായി മെഡിക്കൽ കോളേജ്‌  കുതിക്കുകയാണ്‌.

അടിസ്ഥാനസൗകര്യവും മോടിയും കൂട്ടി

സർക്കാർ ഏറ്റെടുത്തശേഷമുള്ള  വികസന പ്രവർത്തനങ്ങളാണ്‌  പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമാക്കി ആശുപത്രിയെ മാറ്റിയത്‌. മെഡിക്കൽ കോളേജ് ആശുപത്രിയായതിനാൽ പൂർണമായും പൂട്ടിയിട്ട് നവീകരണം അസാധ്യമാണ്‌. ഘട്ടംഘട്ടമായുള്ള  പ്രവർത്തനം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ചില   പ്രയാസങ്ങൾ  ചികിത്സതേടിയെത്തുന്നവർക്കുണ്ട്.  ആശുപത്രി വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ളതാണ്‌ ഈ  അസൗകര്യങ്ങളെന്ന്‌ അറിയാം.  എന്നാൽ സ്വകാര്യ ആശുപത്രി മാഫിയകളുടെ പിന്തുണയോടെ ചില മാധ്യമങ്ങൾ  ഈ നേട്ടങ്ങളെ ഇകഴ്‌ത്തിക്കാണിക്കുകയാണ്‌. വികസനത്തിന്‌ തടയിടുകയും പാവപ്പെട്ടവരുടെ ചികിത്സാ കേന്ദ്രത്തെ തകർക്കുകയുമാണ്‌ ഇവരുടെ ലക്ഷ്യം.
 
കിഫ്‌ബി ഫണ്ടിൽ 32 കോടി രൂപയുടെ  പ്രവൃത്തിയുടെ ഭാഗമായി മെഡിക്കൽ കോളേജിന്റെ സൗകര്യവും  മോടിയും  കൂട്ടുന്നതിന്റെ ഭാഗമായുള്ള   പ്രവർത്തനങ്ങൾ  തുടരുന്നു. വാർഡുകളുടെയും  മുറികളുടെയും അറ്റകുറ്റപ്പണി നടക്കുന്നു. ശുചിമുറികൾ മാറ്റിപ്പണിയുന്നു. ഇതിനൊപ്പം സംസ്ഥാന ബജറ്റിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്  26.15 കോടി രൂപ നീക്കിവച്ചു.  ദന്തൽ കോളേജിന്‌  6.19 കോടി രൂപയും നഴ്‌സിങ്‌  കോളേജ് 5.58 കോടി രൂപയും പാരാമെഡിക്കൽ ഹോസ്റ്റലിന്‌  മൂന്നുകോടി രൂപയും അനുവദിച്ചു.

പ്ലാസ്‌റ്റിക്‌ സർജറി 
വിഭാഗവും ട്രോമാ കെയറും

പുതുതായി പ്ലാസ്‌റ്റിക്‌ സർജറി വിഭാഗം തുടങ്ങി. പ്രത്യേക ട്രോമാ കെയർ, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളുടെ പണിയും തുടങ്ങി.  വിവിധ വകുപ്പുകളിലായി 22 പുതിയ ഡോക്ടർമാരെയും നിയമിച്ചു. പുതിയ ഡിജിറ്റൽ റേഡിയോഗ്രഫി യന്ത്രം, ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ്‌  എന്നിവയും സ്ഥാപിച്ചു. 5.5 കോടി രൂപയുടെ പുതിയ കാത്ത്‌ ലാബ്‌ വാങ്ങി.  പാരാമെഡിക്കൽ ഹോസ്‌റ്റൽ  നിർമാണത്തിന്‌  22.71 കോടിയുടെയും പിജി ഹോസ്‌റ്റലിന്‌ 28.16 കോടി രൂപയുടെയും ഭരണാനുമതിയായി.
 
അതിഥി തൊഴിലാളികൾക്ക്‌  പ്രത്യേക വാർഡ്‌ നിർമിച്ചു. കല്യാശേരി, ഇരിക്കൂർ എംഎൽഎമാരുടെ ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട്‌ ആംബുലൻസും വാങ്ങി. സംസ്ഥാന സർക്കാർ അപേക്ഷയിന്മേൽ ‘ഖേലോ ഇന്ത്യ’ പദ്ധതിയിൽ ഏഴുകോടി രൂപ ചെലവിൽ 400 മീറ്റർ സിന്തറ്റിക്‌ ട്രാക്കിന്റെ പണി പൂർത്തിയാവുന്നു. ഈ സ്‌റ്റേഡിയത്തിൽ കല്യാശേരി എംഎൽഎയുടെ 2020-–-21 ആസ്‌തി വികസന ഫണ്ടിൽ 50 ലക്ഷം രൂപ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള  ഫുട്‌ബോൾ പുൽമൈതാനിയും നിർമാണം ഏറെ പൂർണമായി.
 
മെഡിക്കൽ കോളേജിൽ സൃഷ്ടിച്ച തസ്തികകളുടെ വർഗീകരണം അടിയന്തരമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്‌.  ഓപ്ഷൻ നൽകാത്ത ജീവനക്കാരുടെ വിവരങ്ങൾ നൽകും. ജീവനക്കാർക്ക് ശമ്പളം അനുവദിക്കുന്നതിൽ  കൃത്യതയുണ്ടാകും. കരാർ ജീവനക്കാർക്ക് മിനിമം വേതനം നൽകുന്നതിനുള്ള ശുപാർശയിൽ തീരുമാനമെടുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
 
മെഡിക്കൽ കോളേജ്‌ സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി  ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെകീഴിൽ 247 അധ്യാപക തസ്‌തിക സൃഷ്ടിച്ചിരുന്നു. ഇതിൽ 100 പേരെ നിയമിച്ചു. ഇതിനുപുറമെയാണ്‌ നിലവിൽ ജോലിയിലുള്ള 147 പേരെക്കൂടി സർക്കാർ സർവീസിലേക്ക്‌ മാറ്റിയത്‌. മെഡിക്കൽ കോളേജിലെ മുഴുവൻ ഡോക്‌ടർമാരും നഴ്‌സുമാരും സർക്കാർ ജീവനക്കാരായി. 247  ഡോക്‌ടർമാർ, 521 നഴ്‌സുമാർ, 772 മറ്റ്‌ ജീവനക്കാർ  എന്നിവരുടെ തസ്‌തികകൾ സൃഷ്‌ടിച്ചു.
 
2019 മാർച്ച്‌ രണ്ടിന്‌  കേരള കോ - ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ ആൻഡ്‌ സെന്റർ ഓഫ്‌ അഡ്വാൻസ്‌ഡ്‌ മെഡിക്കൽ സർവീസിൽനിന്ന്‌ (കെസിഎച്ച്‌സി) മെഡിക്കൽ കോളേജ്‌ ഏറ്റെടുക്കുമ്പോൾ ആവശ്യമായ തസ്‌തികകൾ സൃഷ്‌ടിക്കുമെന്ന്‌ സർക്കാർ ഉറപ്പുനൽകിയിരുന്നു. യുഡിഎഫ്‌ ഭരണത്തിൽ  മെഡിക്കൽ കോളേജ്‌ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല. ഒന്നാം പിണറായി സർക്കാരാണ്‌ ഇത്‌ സർക്കാർ മെഡിക്കൽ കോളേജാക്കിയത്‌. പ്രത്യേക ട്രോമാ കെയർ, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളുടെ പണിയും  തുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top