17 June Monday

പരിയാരം ഗവ.മെഡിക്കല്‍ കോളേജ്: യുവജന പ്രക്ഷോഭത്തിന്റെയും വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 6, 2019

തിരുവനന്തപുരം > പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതോടുകൂടി അത്യുജ്വലമായ യുവജന പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമാണ് നിറവേറുന്നത്. കേരളത്തിലെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ പോലെ ഇനി പരിയാരം മെഡിക്കല്‍ കോളേജിനും ഹോസ്പിറ്റലിനും പ്രവര്‍ത്തിക്കാനാകും. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സൗകര്യങ്ങള്‍ ലഭ്യമാകും.

പരിയാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസും അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. പരിയാരം മെഡിക്കല്‍ കോളേജ്, ഡന്റല്‍ കോളേജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളേജ് ഓഫ് നഴ്സിംഗ്, സ്‌കൂള്‍ ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ഈ മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറുന്നതോടെ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ സൗജന്യ ചികിത്സ ജനങ്ങള്‍ക്കും ലഭ്യമാകും. ഉത്തര മലബാറില്‍ സര്‍ക്കാര്‍ മേഖലയില്‍ മറ്റ് മെഡിക്കല്‍ കോളേജില്ലാത്തതിനാല്‍ ഇത് ഏറെ അനുഗ്രഹമാകും.

സര്‍ക്കാരിന്റെ സ്ഥലവും പണവും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ഈ സ്ഥാപനം പൂര്‍ണ്ണമായും ജനങ്ങളുടേതാകണമെന്നത് നാടിന്റെ ചിരകാല അഭിലാഷമായിരുന്നു. ഇതനുസരിച്ച് ഒരു വര്‍ഷത്തോളമായി കണ്ണൂര്‍ കളക്ടര്‍ അധ്യക്ഷനായ മൂന്നംഗ താല്‍ക്കാലിക ഭരണസമിതിയാണ് ഭരണച്ചുമതല നിവഹിക്കുന്നത്. ഇത് യാഥാര്‍ഥ്യമാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്‍ഡിഎഫ് ഉറപ്പുനല്‍കിയിരുന്നു. ആ വാഗ്ദാനമാണ് ആയിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ പിണറായി സര്‍ക്കാര്‍ പാലിച്ചത്.

പൊതുഉടമയിലായിരിക്കെ ഒരു ട്രസ്റ്റ് തട്ടിക്കൂട്ടിയുണ്ടാക്കി കെ കരുണാകരന്‍, എം വി രാഘവന്‍ തുടങ്ങിയവരുടെ സ്വകാര്യസ്വത്താക്കി പരിയാരം മെഡിക്കല്‍ കോളേജിനെ സ്വന്തമാക്കാനുള്ള നീക്കത്തിനെതിരെ ഉയിര്‍ക്കൊണ്ട പ്രക്ഷോഭത്തെ മുന്നില്‍ നിന്നും നയിച്ചത് ഡിവൈഎഫ്‌ഐയായിരുന്നു. 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ എന്നിവര്‍ സമരഭൂമിയില്‍ രക്തസാക്ഷിത്വം വരിച്ചു. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ മരണത്തെപ്പോലും തോല്‍പ്പിച്ച് ജീവിക്കുന്ന രക്തസാക്ഷിയായി.

1993 ലാണ് പരിയാരം മെഡിക്കല്‍ കോളേജ് സ്ഥാപിതമായത്. ജനങ്ങളുടെ ആവശ്യപ്രകാരം 1997 ല്‍ പരിയാരം മെഡിക്കല്‍ കോളേജ് നായനാര്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും പിന്നീട് ആന്റണിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ 2002 ല്‍ എം വി രാഘവന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് തിരികെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ 2007 ല്‍ തെരഞ്ഞെടുപ്പിലൂടെ സ്ഥാപനത്തിന്റെ നിയന്ത്രണം ഇടതുപക്ഷം തിരിച്ചുപിടിക്കുകയായിരുന്നു.

ഇടതുപക്ഷമാണ് ഇന്ന് ഈ നിലയിലേക്ക് സ്ഥാപനത്തെ എത്തിച്ചത്. എങ്കിലും കടബാധ്യത സാരമായി ബാധിച്ചിരുന്നു. ഹഡ്കോയ്ക്ക് കൊടുക്കാനുള്ള 633.26 കോടി രൂപ ഉള്‍പ്പടെ 934 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ മൊത്തം കടം. കടബാധ്യത മുഴുവന്‍ പരിഹരിച്ചുകൊണ്ടാണ് ഇപ്പോള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.


പ്രധാന വാർത്തകൾ
 Top