02 October Monday

തലശേരി ഇരട്ടക്കൊലപാതകം: മുഖ്യപ്രതി പാറായി ബാബു പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

കണ്ണൂര്‍>  തലശേരി  ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയില്‍ വച്ചാണ് പിടിയിലായത്.ബാബുവിനെ രക്ഷപ്പെടാന്‍ സഹായിച്ച തലശേരി സ്വദേശികളായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും പിടികൂടി. നേരത്തെ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജാക്‌സണ്‍, ഫര്‍ഹാന്‍ നവീന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ്  തലശേരി  സിറ്റി സെന്ററിന് സമീപം ലഹരിമാഫിയ സംഘം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത്. കുത്തേറ്റ ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചും മരിച്ചു. ലഹരി വില്‍പ്പന സംഘത്തില്‍പ്പെട്ട ജാക്‌സണും പാറായി ബാബൂവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ലഹരിവില്‍പ്പന ചോദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സണ്‍ മര്‍ദിച്ചിരുന്നു.

ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും.അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടെ, കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീര്‍, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു. ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം നടന്നത്.

ലഹരിമാഫിയാസംഘത്തിലെ ഏഴുപേരും അറസ്റ്റിൽ
രണ്ട്‌ സിപിഐ എം പ്രവർത്തകരെ കുത്തിക്കൊന്ന  ലഹരി മാഫിയാസംഘത്തിലെ ഏഴുപേരും അറസ്‌റ്റിൽ. നിട്ടൂർ ചിറക്കക്കാവ് വെള്ളാടത്ത്‌ഹൗസിൽ സുരേഷ്‌ബാബു എന്ന പാറായി ബാബു (47), വടക്കുമ്പാട്‌ പാറക്കെട്ടിലെ തേരേക്കാട്ടിൽ ഹൗസിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ കെ സന്ദീപ്‌ (38), പിണറായി പടന്നക്കര വാഴയിൽ ഹൗസിൽ സുജിത്‌കുമാർ (45),  പാറക്കെട്ട്‌ ‘സഹറാ’സിൽ മുഹമ്മദ്‌ ഫർഹാൻ എന്ന അബ്ദുൾസത്താർ (29), നെട്ടൂർ ചിറക്കക്കാവിനടുത്ത മുട്ടങ്ങൽ ഹൗസിൽ ജാക്‌സൺ വിൻസന്റ്‌ (28), വടക്കുമ്പാട് നമ്പ്യാർപീടിക വണ്ണാത്താൻവീട്ടിൽ കെ നവീൻ (32) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഏഴുപേർക്കുമെതിരെ  കൊലക്കുറ്റം ചുമത്തി.

പാറായി ബാബു, ജാക്‌സൺ വിൻസന്റ്‌, കെ നവീൻ, മുഹമ്മദ്‌ ഫർഹാൻ എന്നിവരാണ്‌ കൊല നടത്തിയത്‌. മറ്റു മൂന്നുപേർ സഹായിച്ചു. കൊലപാതകം നടന്നയുടൻ മൂന്നുപേരെ അറസ്‌റ്റു ചെയ്‌തിരുന്നു.  രക്ഷപ്പെട്ട മുഖ്യപ്രതിയടക്കം നാലുപേരെ വ്യാഴാഴ്‌ച ഉച്ചയോടെ ഇരിട്ടിയിൽനിന്നാണ്‌ കസ്‌റ്റഡിയിലെടുത്തത്‌.  കഞ്ചാവ്‌  കേസിലെ  പ്രതിയാണ്‌ ജാക്സൺ.  ജാക്സന്റെ സഹോദരീ ഭർത്താവാണ് മുഖ്യപ്രതി പാറായി ബാബു. 

കെ ഖാലിദ് (52), സഹോദരീഭർത്താവും സിപിഐ എം അംഗവുമായ പൂവനാഴി ഷെമീർ (40) എന്നിവരെയാണ്‌ ബുധനാഴ്‌ച വൈകിട്ട്‌  കുത്തിക്കൊന്നത്‌. ലഹരിസംഘത്തെ ചോദ്യംചെയ്‌തതിന്‌ ഷെമീറിൻെറ മകൻ ഷബീലിനെ (20) നെട്ടൂർ ചിറക്കക്കാവിനടുത്ത് ആക്രമിച്ചിരുന്നു. പരിക്കേറ്റ മകനെ കാണാൻ തലശേരി സഹകരണ ആശുപത്രിയിലെത്തിയ  ഇവരെ  വിളിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ  ഷാനിബ് (29) തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top