Deshabhimani

പന്തളത്ത് ബിജെപി ഭരണത്തിന് അന്ത്യം ; അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 11:45 PM | 0 min read



പന്തളം
ബുധനാഴ്‌ച അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാനിരിക്കെ, ബിജെപി ഭരിക്കുന്ന  പന്തളം നഗരസഭയിൽ അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു രമ്യയും രാജിവച്ചു. ചൊവ്വ വൈകിട്ട് 4.40ന് നഗരസഭ സെക്രട്ടറി ഇ ബി അനിതയ്‌ക്ക്‌ ഇരുവരും രാജിക്കത്ത്‌ നൽകി. കഴിഞ്ഞ 22നാണ്‌ എൽഡിഎഫ് അവിശ്വാസ പ്രമേയം നൽകിയത്‌. ബിജെപി വിട്ട  കൗൺസിലർ കെ വി പ്രഭയ്‌ക്കൊപ്പം മറ്റ് ചില ബിജെപി കൗൺസിലർമാർ കൂടി അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന്‌ മുൻകൂട്ടി കണ്ടാണ് രാജി.

2020ൽ ചുമതലയേറ്റതുമുതൽ ഭരണസമിതിക്കെതിരെ വ്യാപക അഴിമതി ആരോപണം ഉയർന്നിരുന്നു. ചേരിതിരിവ് രൂക്ഷമായപ്പോൾ ബിജെപി പാർലമെന്ററി പാർടി ലീഡർ കെ വി പ്രഭ സ്ഥാനം രാജിവച്ചു. അടുത്തിടെ പ്രഭയെ ബിജെപി പുറത്താക്കി. ഇതിന് പിന്നാലെ പ്രഭ പരസ്യമായി എൽഡിഎഫിന്റെ പ്രതിഷേധയോഗത്തിൽ പങ്കെടുത്ത് ഭരണസമിതിയുടെ അഴിമതിയും അതിൽ ബിജെപി നേതൃത്വത്തിന്റെ പങ്കും വെളിപ്പെടുത്തിയിരുന്നു. തുടർന്ന്‌ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിലും ഒപ്പിട്ടു. ഒരു സ്വതന്ത്ര കൗൺസിലറും നോട്ടീസിൽ ഒപ്പിട്ടു. 11 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസമാണ് എൽഡിഎഫ് നൽകിയത്. യുഡിഎഫ് കൗൺസിലർമാരും അവിശ്വാസത്തെ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 33 അംഗ പന്തളം നഗരസഭയിലെ കക്ഷി നില–- ബിജെപി 18, എൽഡിഎഫ്- ഒമ്പത്, യുഡിഎഫ് അഞ്ച്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ്. രാജിയെ തുടർന്ന് എൽഡിഎഫ് പന്തളത്ത് ആഹ്ലാദ പ്രകടനം നടത്തി.



deshabhimani section

Related News

0 comments
Sort by

Home