19 September Saturday

മണൽ നീക്കി , വെള്ളം പമ്പകടന്നു ; പമ്പ ശാന്തമായി ഒഴുകി , സർക്കാരിന്റ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ സഹായമായി

ടി കെ സജിUpdated: Monday Aug 10, 2020

മണൽ നീക്കം ചെയ്ത ശേഷം പമ്പാനദി. ത്രിവേണി പാലത്തിനടിയിലൂടെ വെള്ളം ഒഴുകുന്നു

ചിറ്റാർ > പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നെന്ന്‌ അറിഞ്ഞതോടെ വലിയ ഭീതിയിലായിരുന്നു തീരം. 2018 ലെ മഹാപ്രളയത്തിന്റെ ഓർമയും അവരിലുണ്ടായി. എന്നാൽ, പമ്പയിൽ അടിഞ്ഞുകൂടിയ മണൽ പൂർണമായും മുമ്പ്‌ നീക്കിയതിനാൽ ഇത്തവണ പമ്പ ശാന്തമായി ഒഴുകി .

പമ്പയിലെ മണൽ നീക്കിയതിനെതിരെ പ്രതിപക്ഷമടക്കം വലിയ ആരോപണമാണ്‌ ഉന്നയിച്ചത്‌. എന്നാൽ ഇത്തവണ പമ്പാതീരം മുങ്ങാതിരിക്കാൻ, സർക്കാരിന്റ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ സഹായമായി. ഞായറാഴ്ച പകൽ 1.30നാണ്‌ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങിയത്‌. പത്തനംതിട്ട ജില്ലയിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കരുതൽ എന്ന നിലയിലാണ് ഡാം തുറന്നത്. ഡാം തുറന്ന് ആറ്‌ മണിക്കൂറിനുശേഷം റാന്നിയിൽ വെള്ളമെത്തും എന്ന വിവരം ജനങ്ങൾ ജാഗരൂകരാക്കി. എന്നാൽ, പമ്പ ത്രിവേണി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ   വെള്ളപ്പൊക്കമുണ്ടായില്ല.

2018 ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണലാണ്‌ സർക്കാർ പൂർണമായും നീക്കംചെയ്തത്‌.  75,000 ക്യുബിക് മീറ്റർ മണലും മാലിന്യങ്ങളുമാണ്‌ പമ്പയിൽനിന്ന് നീക്കംചെയ്തത്. ഇതേതുടർന്ന് പമ്പ- ത്രിവേണി ഭാഗത്തെ 2.2 കിലോമീറ്റർ ദൂരം സുഗമമായ ഒഴുക്കിന്‌ കാരണമായി.  പമ്പയിലെ മാലിന്യം നീക്കലിനുപുറമേ പമ്പ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന നദികളിലെ 44 കടവുകളിലെ മാലിന്യങ്ങളും നീക്കിയിട്ടുണ്ട്.

2018ലെ പ്രളയത്തിനുശേഷം ത്രിവേണിമുതൽ രണ്ടുകിലോമീറ്ററിൽ അധികം സ്ഥലത്ത് അടിഞ്ഞുകൂടിയ മണലും മാലിന്യവും വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top