09 August Sunday

ബിജെപി നേതാവിന്റെ പീഡനം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; പോക്സോ അനുബന്ധമായി ചുമത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

തലശേരി> പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (2) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ കെ പത്മരാജനെതിരെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പ് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 324 വകുപ്പ് പ്രകാരവും പ്രതി കുറ്റം ചെയ്തതായി കുറ്റപത്രത്തിലുണ്ട്. പോക്സോ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും.

പാലത്തായി സ്‌കൂളിലെ ഒമ്പതുവയസ്സുകാരിയെയാണ് ഇതേ സ്‌കൂളിലെ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചത്. അവധിദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചും പലവട്ടം പീഡിപ്പിച്ചതായാണ്  ബന്ധുക്കളുടെ പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ ഉമ്മയെയും കുട്ടിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മജിസ്‌ട്രേറ്റ്  കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

ഒളിവില്‍ പോയ അധ്യാപകനെ വിളക്കോട്ടൂരിലെ  ബിജെപി കേന്ദ്രത്തില്‍നിന്നാണ്  അറസ്റ്റ് ചെയ്തത്. ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top