25 May Monday

യുഡിഎഫ്‌ സർക്കാരിന്റെ കടുംകൊള്ള; അഴിമതിയുടെ പഞ്ചവടിപ്പാലങ്ങൾ

ജി രാജേഷ്‌ കുമാർUpdated: Saturday Jun 8, 2019

കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് നിർമാണപ്രവർത്തനങ്ങളുടെ പേരിൽ കേരളം കണ്ടത‌് കടുംകൊള്ളയായിരുന്നു.  പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലായിരുന്നുവെങ്കിലും പൊതുമരാമത്ത‌് വകുപ്പിൽ അഴിമതിയും ക്രമക്കേടും അതിവേഗമായതിന്റെ ക്രെഡിറ്റ‌് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിന‌് അവകാശപ്പെട്ടതാണ‌്. വകുപ്പ‌് സെക്രട്ടറി മന്ത്രിക്കുമേൽ വളർന്നു. അഴിമതിക്കഥകൾ താലോലിക്കുന്ന സെക്രട്ടറി, മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നിയന്ത്രിക്കാൻ കഴിയാത്ത നിലയിൽ സമാന്തര സർക്കാരായി മാറി. മന്ത്രിയുടെ ഓഫീസിനോടുചേർന്ന സെക്രട്ടറിയുടെ മുറിയിലും വിജിലൻസ‌് റെയ‌്ഡിനെത്തി. മന്ത്രിയുടെ ഓഫീസിലേക്കും വിജിലൻസ‌് പരിശോധനയ‌്ക്ക‌് എത്തുന്ന നിലയിലേക്ക‌് കൊടിയ അഴിമതി നടമാടി. കേര‌ള കൺസ‌്ട്രക‌്ഷൻ കോർപറേഷൻ ചെയർമാൻ എന്ന നിലയിലുള്ള നടപടികളും സെക്രട്ടറിയെ വിജിലൻസ‌് കേസിൽ പ്രതിയാക്കി. വിജിലൻസ‌് കേസിനെത്തുടർന്ന‌് നിരത്തും പാലങ്ങളും വിഭാഗം ചീഫ‌് എൻജിനിയർ സസ‌്പെൻഷനിലായി. മന്ത്രിയുടെ പേഴ‌്സണൽ സ‌്റ്റാഫിനെ പുറത്താക്കേണ്ടിവന്നു. ഇങ്ങനെ അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്നതുപോലെ, പൊതുമരാമത്ത്‌ വകുപ്പിലെ ഭൂരിപക്ഷം ജീവനക്കാരേയും അഴിമതിക്കറ പുരണ്ടവരാക്കി. പാലാരിവട്ടം പാലം തകർന്നതിന്റെ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ അഴിമതിമുഖങ്ങളിലേക്ക‌്

ടെൻഡർ ഉറപ്പിച്ചശേഷം ഭൂമിതേടൽ

പ്രവൃത്തികളുടെ ടെൻഡർ ഉറപ്പിച്ചശേഷം ഭൂമി തേടുന്ന ഏർപ്പാടാണ‌് ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചുവർഷം മുഴുവൻ നടന്നത‌്. പദ്ധതിക്ക‌് ആവശ്യമായ തടസ്സരഹിത ഭൂമി ഉറപ്പാക്കിയശേഷമായിരിക്കണം ടെൻഡർ നടപടികൾ ആരംഭിക്കേണ്ടതെന്നാണ‌് വ്യവസ്ഥ. എന്നാൽ, കരാറുകാരൻ ആദ്യമേ ചിത്രത്തിലെത്തും. ബന്ധപ്പെട്ടവർ കമീഷൻ ഉറപ്പാക്കും. പദ്ധതി കരാറിലാക്കും. നിർമാണജോലികൾ തുടങ്ങിയശേഷം ഭൂമിതേടൽ ആരംഭിക്കും. ഇതോടെ കരാറുകാരന‌് നഷ്ടപരിഹാരത്തിനുള്ള അവകാശം ഉറപ്പാകും. ഇതിൽനിന്ന‌് ബന്ധപ്പെട്ടവർക്ക‌് കമീഷൻ ലഭ്യമാകും.

സ‌്പീഡ‌് കേരള പൊൻപണം ഇട്ട കുടുക്ക

2014 ഫെബ്രുവരി രണ്ടിനാണ‌് സ‌്പീഡ‌് കേരള എന്ന അഴിമതിയുടെ കോലാർ ഖനി തുറക്കാനുള്ള അവസരം ഒരുക്കിയത‌്. പ്രതിച്ഛായ നന്നാക്കലിന്റെ ഭാഗമായാണ‌് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയത‌്. അന്നത്തെ സർക്കാർ ഉത്തരവിലൂടെ 10 വൻകിട പദ്ധതികൾക്ക‌് ഭരണാനുമതി നൽകി. സംസ്ഥാനത്ത‌് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതഗാതക്കുരുക്കിന‌് പരിഹാരം കാണാൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഫ്ലൈഓവറുകൾ, പാലങ്ങൾ, റിങ‌് റോഡുകൾ നിർമിക്കുക എന്നതാണ‌് പദ്ധതിയുടെ ലക്ഷ്യമെന്നായിരുന്നു അവകാശവാദം. ഇതിൽ പാലാരിവട്ടം ഫ്ലൈഓവർ, രാമപുരം–-നാലമ്പലം ദർശനം റോഡ‌്, കോഴിക്കോട‌് ദേശീയപാത ബൈപാസ‌്, കഞ്ഞിക്കുഴി–-വെട്ടത്തുകവല–-കറുകച്ചാൽ റോഡ‌് എന്നിവയ‌്ക്ക‌് തുടക്കമിട്ടു. പൂർത്തീകരണത്തിന‌് പണം നൽകുന്ന ചുമതല കേരള റോഡ‌് ഫണ്ട‌് ബോർഡിനെയും ഏൽപ്പിച്ചു‌‌.

സ‌്പീഡ‌് കേരളയിൽ ഉൾപ്പെട്ട മറ്റ‌് പദ്ധതികൾക്ക‌് അന്ന‌് ധന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശക്തമായ എതിർപ്പിനെതുടർന്ന‌് ഭരണാനുമതി ലഭിച്ചില്ല. ബാർക്കോഴ വിവാദത്തിൽപ്പെട്ട‌് കെ എം മാണി ഒഴിഞ്ഞ ധന വകുപ്പ‌് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഏറ്റെടുത്തു. ഇതോടെ പ്രതിച്ഛായ നന്നാക്കലിന്റെ ഭാഗമായി താൻ പ്രഖ്യാപിച്ച സ‌്പീഡ‌് പദ്ധതിയിലെ ബാക്കി പ്രവൃത്തികൾക്ക‌് ഭരണാനുമതി ലഭ്യമാക്കാനുള്ള ചുമതല ഉമ്മൻചാണ്ടി നേരിട്ട‌് ഏറ്റെടുത്തു. ഈ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തിയത‌് ധനവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ശക്തമായ നിലപാടായിരുന്നു. അനുമതി നൽകുന്നതിന‌് കൂട്ടുനിന്നാൽ തങ്ങൾ കുടുങ്ങുമെന്ന പൂർണ ഉറപ്പുള്ളതിനാൽ ഇവർ ഒറ്റക്കെട്ടായി എതിർത്തു. അത‌് ശരിയായിരുന്നുവെന്ന‌് തെളിയിക്കുന്നതാണ‌് പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ആരംഭിച്ച അന്വേഷണം.

2014 ഡിസംബർ 9: കേരള നിയമസഭ

‘സർ, ഞാൻ ഒരു വലിയ പ്രശ‌്നം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയാണ‌്. ബഹുമാനപ്പെട്ട വകുപ്പ‌് മന്ത്രിയുടെ ഓഫീസ‌് കേന്ദ്രീകരിച്ച‌് നടക്കുന്ന കടുത്ത അഴിമതിക്ക‌് പരിഹാരമുണ്ടാകണം. മന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന മൂന്നുപേർ അഴിമതിക്ക‌് പേരുകേട്ടവരാണ‌്. അസിസ്റ്റന്റ‌് പ്രൈവറ്റ‌് സെക്രട്ടറി എ നസീമുദീൻ, സ‌്പെഷ്യൽ പ്രൈവറ്റ‌് സെക്രട്ടറി അബ്ദുൾ റാഫി, പേഴ‌്സണൽ സ‌്റ്റാഫ‌് അംഗം ഐ എം അബ്ദുൾ റഹിമാൻ എന്നിവരാണ‌് ഓഫീസ‌് ഭരിക്കുന്നത‌്. ഈ ഓഫീസ‌് കേന്ദ്രീകരിച്ച‌് കോടിക്കണക്കിന‌് രൂപയുടെ അഴിമതിയാണ‌് നടക്കുന്നത‌്.  എക‌്സിക്യൂട്ടിവ‌് എൻജിനിയറുടെ സ്ഥലംമാറ്റത്തിന‌് 30 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപവരെയാണ‌് വാങ്ങുന്നത‌്. ഇത‌് ആർക്കുവേണ്ടിയാണ‌്? അതുകൊണ്ട‌് ഒരു നിയമസഭാ സമിതിയെവച്ച‌് ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണം. സമിതി മുമ്പാകെ എല്ലാ രേഖകളും ഹാജരാക്കാം. അവ പരിശോധിച്ച‌്, ഞാൻ പറയുന്നതിൽ കഴമ്പുണ്ടെന്ന‌് തെളിയിച്ചാൽ, സിബിഐക്കോ, സമിതി നിർദേശിക്കുന്ന ഏജൻസിയെയോ അന്വേഷണം ഏൽപ്പിക്കണമെന്നാണ‌് എനിക്ക‌് അഭ്യർഥിക്കാനുള്ളത‌്’–കേരള നിയമസഭയെ ഞെട്ടിച്ച അഴിമതിയാരോപണത്തിന്റെ വെളിപ്പെടുത്തലിന്റെ തുടക്കം ഇങ്ങനെയായിരുന്നു. യുഡിഎഫ‌് സർക്കാരിനെ പിടിച്ചുകുലുക്കിയ ഈ അഴിമതിയാരോപണം ഉന്നയിച്ചത‌് ‌അന്ന‌് ഭരണപക്ഷത്തായിരുന്ന കെ ബി ഗണേശ‌്കുമാർ  എംഎൽഎ. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പൊതുമരാമത്ത‌് മന്ത്രിയുടെ ഓഫീസ‌്, മന്ത്രി വി കെ ഇബ്രഹിംകുഞ്ഞ‌് എന്നിവരായിരുന്നു ആരോപണവിധേയർ.

അന്ന‌് ലോക അഴിമതിവിരുദ്ധദിനമായിരുന്നു

ലോക അഴിമതി വിരുദ്ധദിനത്തിൽ ഗണേശ‌്കുമാർ ഉന്നയിച്ച അഴിമതിയിൽ അന്വേഷണ ആവശ്യം തടയാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക‌് ഒരു പ്രയാസവുമുണ്ടായില്ല. അന്നത്തെ പ്രതിപക്ഷ നേതാവ‌് വി എസ‌് അച്യുതാനന്ദനും ഉപനേതാവ‌് കോടിയേരി ബാലകൃഷ‌്ണനുമടക്കം പലതവണ ഗണേശ‌്കുമാറിന്റെ ആവശ്യം സഭയെയും മുഖ്യമന്ത്രിയെയും ഓർമിപ്പിച്ചു. ഭരണപക്ഷത്ത‌് ആർക്കും കുലുക്കമുണ്ടായില്ല. ആരോപണം ഉന്നയിച്ചത‌് ചട്ടവിരുദ്ധമായാണ‌് എന്ന മന്ത്രിയുടെ മറുപടിയിൽ, സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഊറിച്ചിരിച്ചു. നസീമുദിനെതിരായി നേരത്തേവന്ന പരാതി തിരുവഞ്ചൂർ രാധാകൃഷ‌്ണന്റെ പൊലീസ‌് അന്വേഷിച്ച‌് കുറ്റവിമുക്തനാക്കിയത‌ായി മന്ത്രി അവകാശപ്പെട്ടു. ഐ എം അബ്ദുറഹിമാന‌് ‘അദർ ഡ്യൂട്ടി’യാണെന്നും മന്ത്രി പറഞ്ഞുവച്ചു. ഗണേശ‌്കുമാറിനെ ആരുടെയോ പ്രേതം ആവേശിച്ചതുപോലെയാണ‌് തനിക്കുതോന്നിയതെന്ന‌് മന്ത്രിയുടെ ആക്ഷേപം‌.

പിന്നീട‌് നടന്നതെല്ലാം അലാവുദീന്റെ അത്ഭുതവിളക്കിനെയും ഭൂതത്തെയും നാണിപ്പിക്കുന്ന മാന്ത്രികവിദ്യകൾ. ഒന്നര വർഷത്തിനുള്ളിൽ കേരളത്തിന്റെ ഖജനാവ‌് ചിലർക്കുമാത്രമായി തുറന്നുകിട്ടി. സർക്കാർ കമ്പനികളെയും ഏജൻസികളെയും ശിഖണ്ഡി വേഷം കെട്ടിച്ച‌് മുന്നിൽ നിർത്തിയുള്ള കൊള്ള.  ടെൻഡറോ ധാരണപത്രമോ കരാറോപോലുമില്ലാതെ സ്വന്തക്കാരെ വിളിച്ച‌് നേരിട്ട‌് ജോലികൾ ഏൽപ്പിച്ചുകൊടുത്തു.  സ്വയം വിഹിതത്തിന്റെ വലുപ്പവും തീരുമാനിച്ചു. സംസ്ഥാനത്തിന്റെ പണം ആരൊക്കെയോ ചേർന്ന‌് വീതിച്ചെടുത്തു. ഇതിൽ വകുപ്പ‌് മന്ത്രിയുടെ ഓഫീസ‌് മാത്രമല്ല, പദ്ധതികളിലെ നിർമിതികളുടെ രൂപകൽപ്പന നടത്തിയവർ, രൂപകൽപ്പനയ‌്ക്ക‌് അംഗീകാരം നൽകിയ കിറ്റ‌്കോ, നിർമാണം ഏറ്റെടുത്ത‌് ഉപകരാറുകൾ നൽകിയ റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് ഡെവലപ‌്മെന്റ‌് കോർപറേഷൻ, കേരള സ‌്റ്റേറ്റ‌് കൺസ‌്ട്രക‌്ഷൻ കോർപറേഷൻ, ധനസമാഹരണ ചുമതല നിർവഹിക്കാൻ ഏൽപ്പിച്ച കേരള റോഡ‌് ഫണ്ട‌് ബോർഡ‌് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ, കരാറുകാർ ഉൾപ്പെടെ ഭരണനേതൃത്വംവരെ നീ‌ളുന്ന അഴിമതിയുടെ നീരാളിക്കൈകളാണ‌് പൊതുമരാമത്ത‌് വകുപ്പ‌് നിയന്ത്രിച്ചത‌്. ‘ജില്ലാ ഫ‌്ളാഗ‌്ഷിപ‌് ഇൻഫ്രാസ‌്ട്രക‌്ചർ പ്രോഗ്രാം, സ‌്പീഡ‌് കേരള’ എന്നൊക്കെയുള്ള പേരിൽ പ്രഖ്യാപിച്ച പദ്ധതികളുടെ പേരിൽ കോടികൾ ഒഴുകി. നിർമാണം എങ്ങും എത്താത്ത പദ്ധതികൾ ഉദ‌്ഘാടനം നടത്തി മേനി നടിക്കണമെന്ന വാശിയുമായി ഓടിച്ചാടി നടന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ അഴിമതികൾക്ക‌് കൂട്ടുനിന്നു. ‘സ‌്പീഡാ’യി നിർമിച്ച പാലാരിവട്ടം മേൽപ്പാലത്തിന്റെ അഴിമതിയിൽ വിജിലൻസ‌് ആരംഭിച്ച അന്വേഷണം അഴിമതിപ്പണത്തിന്റെ വിഹിതം കൈപ്പറ്റിയവർ ആരൊക്കെയെന്ന‌് അറിയാനുള്ള അവസരംകൂടിയാണ‌് തുറക്കുന്നത‌്.

നിർമാണത്തിലിരിക്കുന്നതും പൂർത്തിയാക്കിയതുമായ എല്ലാ പ്രവൃത്തികളിലും വൻക്രമക്കക്കോണ്‌  യുഡിഎഫ‌് സർക്കാർ കാട്ടിയത‌്. കരാറുകാരിൽനിന്ന‌് കൃത്യമായി മാമൂൽ കൈപ്പറ്റുന്നതിൽ ഭരണനേതൃത്വവും ഉദ്യോഗസ്ഥനേതൃത്വവും മത്സരിച്ചു. പ്രവൃത്തികളുടെ ഗുണനിലവാരംമാത്രം ആരും പരിശോധിച്ചില്ല. എറണാകുളത്ത‌് നെട്ടൂർ–-കുണ്ടന്നൂർ സമാന്തരപാലം പണിക്കിടയിൽ നിലംപൊത്തി.  തെരഞ്ഞെടുപ്പിനുമുമ്പ‌് ഉദ‌്ഘാടനം നടത്താനുള്ള സമ്മർദത്തിലാണ‌് പാലം തകർന്നതെന്നാണ‌് പിന്നാമ്പുറ കഥ. 400 ദിവസത്തിൽ നൂറുപാലമെന്ന തെരഞ്ഞെടുപ്പ‌് പ്രഖ്യാപനത്തിലൂടെ അഴിമതിക്കും തകർച്ചയ‌്ക്കും ആക്കംകൂട്ടി. തൃപ്പൂണിത്തുറ സൗത്ത‌് പറവൂറിലെ പാലം ഉമ്മൻചാണ്ടി ഉദ‌്ഘാടനം ചെയ‌്തതിന്റെ അടുത്ത ദിവസം സംരക്ഷണഭിത്തികൾ തകർന്നു. വാഹന ഗതാഗതം തുടങ്ങുന്നതിനുമുമ്പേ തകർച്ചയ‌്ക്ക‌് തുടക്കമായി.

നിയന്ത്രണത്തിന‌് ഏജന്റുമാരും

പദ്ധതിയിതര വിഹിതത്തിൽ പൊതുമരാമത്ത‌് വകുപ്പിന‌് ലഭിക്കുന്ന മുന്തിയ പരിഗണനയും അഴിമതിക്കുള്ള അവസരമാക്കി. പ്രതിവർഷം 350 മുതൽ 400 കോടി രൂപവരെയാണ‌് പദ്ധതിയിതര വിഹിതമായി ലഭിച്ചത‌്. ഇവയിൽനിന്ന‌് പ്രവൃത്തികൾക്ക‌് ഭരണാനുമതി ലഭ്യമാക്കുന്നതിന‌് എല്ലാ ജില്ലയിലും ഏജന്റുമാർ പ്രവർത്തിച്ചു. മന്ത്രി ഓഫീസുമായി അടുപ്പമുള്ള കരാറുകാർക്കായിരുന്നു ഏജൻസി ചുമതല. പ്രവൃത്തിക്കുള്ള കരാറുകാരനെ നിശ്ചയിച്ച‌്, തലവരിപ്പണമടക്കം മന്ത്രി ഓഫീസിൽ ഏജന്റ‌് എത്തിയാൽ പ്രവൃത്തിക്ക‌് ഭരണാനുമതിയാകും‌. ഇതിന‌് കൃത്യമായ കമീഷൻ നിരക്കുണ്ടായിരുന്നു.

ഒരു വിഭാഗം കരാറുകാർക്ക‌് മാത്രമായിരുന്നു ഇത്തരം പ്രവൃത്തികൾ ലഭിച്ചിരുന്നത‌്. ഇതിനെ ചോദ്യം ചെയ‌്ത കരാറുകാർക്ക‌് ബിൽ തടഞ്ഞുവയ‌്ക്കൽ ശിക്ഷ അനുഭവിക്കേണ്ടിയുംവന്നു. കമീഷൻ വാഗ‌്ദാനത്തിന്റെ എണ്ണം കൂടിയപ്പോൾ 600 മുതൽ 700 കോടി രൂപയുടെ വരെ പ്രവൃത്തികൾക്ക‌് അനുമതി നൽകി. അധികാരമൊഴിയുമ്പോൾ കരാറുകാരുടെ കുടിശ്ശിക 2000 കോടി രൂപയും കവിഞ്ഞു.

ഭരണപക്ഷം 100 കോടി ക്ലബ്ബിൽ!

ബജറ്റിലെ പണം ഉപയോഗിച്ച‌്, സുതാര്യമായി നാടിന്റെ വികസനം നടത്തേണ്ട മന്ത്രി കാട്ടിയത‌് അങ്ങേയറ്റത്തെ പക്ഷപാതിത്വമാണ‌്. അഞ്ചു വർഷത്തെ പൊതുമരാമത്ത‌് പദ്ധതി വിഹിതത്തിൽനിന്ന‌് കെ എം മാണിയുടെ പാലാ മണ്ഡലത്തിന‌് നൽകിയത‌് 373 കോടി. ധനമന്ത്രി പൊതുമരാമത്ത‌് വകുപ്പിനെ സ‌്നേഹിച്ച‌് കൊല്ലുകയാണെന്ന പൊതുമരാമത്ത‌് മന്ത്രിയുടെ നിരന്തരമുള്ള പ്രസംഗത്തിന്റെ പൊരുൾ പിന്നീടാണ‌് എല്ലാവർക്കും മനസ്സിലായത‌്. മന്ത്രിയുടെ മണ്ഡലത്തിന‌് 214 കോടി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക‌് 198 കോടി. തിരുവഞ്ചൂർ രാധാകൃഷ‌്ണന‌് 166 കോടി, റോഷി അഗസ‌്റ്റിന‌് 155 കോടി, അനൂപ‌് ജേക്കബ്ബിന‌് 145 കോടി. ലീഗ‌് മന്ത്രിമാരുടെ കണക്ക‌് എടുത്തുപറയേണ്ടതില്ല. എല്ലാ യുഡിഎഫ‌് എംഎൽഎമാരും 100 കോടി ക്ലബ‌് കടന്നു.

പൊതുമരാമത്ത‌് മന്ത്രിയുടെ മണ്ഡലത്തിൽ പദ്ധതിയിതര ഫണ്ട‌് ഉപയോഗിച്ച‌് നിർമിച്ചത‌് 394 റോഡുകളാണെന്ന‌് നിയമസഭയിൽ വ്യക്തമാക്കപ്പെട്ടു. പ്രതിപക്ഷ എംഎൽഎമാരിൽ 20 കോടി ക്ലബ‌് കടന്നവർ അപൂർവം. ഗീത ഗോപിയുടെ നാട്ടികയ‌്ക്ക‌് കിട്ടിയത‌് 2.98 കോടി. പി തിലോത്തമന‌് 2.99 കോടി. ഗുരുവായൂർ ക്ഷേത്രം നിൽക്കുന്ന മണ്ഡലത്തിന‌് കിട്ടിയത‌് 3.27 കോടി, കെ ദാസന‌് നാലു കോടി. ശബരിമല പാതകൾ നിറഞ്ഞ കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക‌് റോഡിനായി ലഭിച്ച വാർഷികവിഹിതം ശരാശരി 35 ലക്ഷം രൂപ മാത്രം.

ഉമ്മൻചാണ്ടിയുടെ "കളി'

സ‌്പീഡ‌് കേരളയുടെ തുടർച്ചയായി 2015–-16ലെ ബജറ്റ‌് പ്രസംഗത്തിൽ കെ എം മാണിയെക്കൊണ്ട‌് 1400 കോടി രൂപയുടെ മുഖ്യ അടിസ്ഥാനസൗകര്യ പരിപാടി മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചു. ജില്ലാ ഫ‌്ളാഗ‌്ഷിപ‌് പ്രോഗ്രാം എന്നു പേരിട്ട പദ്ധതിക്ക‌് പൊതുവിപണിയിൽനിന്ന‌് പണം കണ്ടെത്തുമെന്നും ബജറ്റ‌് പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ, പൊതുമരാമത്ത‌് വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽപോലും പദ്ധതികൾക്കായി ഒരു രൂപയും വകയിരുത്തിയില്ല. 2015 ജൂൺ 10ന‌് ഇറക്കിയ സർക്കുലറിൽ പദ്ധതിയിൽ 21 പ്രവൃത്തികൾക്കായി 3771 കോടി രൂപയുടെ അടങ്കലും പ്രഖ്യാപിച്ചു. പണമൊന്നും വകയിരുത്തിയതുമില്ല. 2016 ഫെബ്രുവരി 10ന‌് ഇറക്കിയ ഉത്തരവിൽ ഒന്നാംഘട്ടമായി 10 പ്രവൃത്തികൾക്ക‌് 1620.30 കോടി രൂപയുടെ മതിപ്പുചെലവിൽ ഭരണാനുമതിയും പ്രത്യേകാനുമതിയും നൽകി. ഇവയിൽ ഉൾപ്പെടുന്നതാണ‌് തൊണ്ടയാട‌് മേൽപ്പാലം-(59 കോടി), കോഴിക്കോട‌് രാമനാട്ടുകര മേൽപ്പാലം (85 കോടി), വലിയഴീക്കൽ പാലം, നടുകാണി–-വഴിക്കടവ‌്–-നിലമ്പൂർ–-എടവണ്ണ–-മഞ്ചേരി–-മലപ്പുറം–-വേങ്ങര–-തിരൂരങ്ങാടി–പരപ്പനങ്ങാടി റോഡ‌് (450 കോടി, 90 കിലോമീറ്റർ), ഹിൽ ഹൈവേ (ചെറുപുഴ–-പയ്യാവൂർ, ഉളിക്കൽ–-വള്ളിത്തോട‌്), വൈറ്റില മേൽപ്പാലം (90 കോടി), കുണ്ടന്നൂർ മേൽപ്പാലം (85 കോടി) - തുടങ്ങിയവ. ആദ്യത്തെ അഞ്ചെണ്ണത്തിന‌് കരാർ ഉറപ്പിച്ചത‌് 2016 മാർച്ച‌് നാലിനാണെന്ന‌് ഫയലുകളിൽ പറയുന്നു‌. അന്നേ ദിവസമാണ‌് നിയമസഭാ തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടവും നിലവിൽവന്നത‌്.  

ദേശീയപാതയിൽ മേൽപ്പാലം നിർമിക്കേണ്ട ചുമതല കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനാണ‌്. മേൽപറഞ്ഞ മേൽപ്പാലങ്ങൾ ചെയ്യില്ലെന്ന ഒരു അറിയിപ്പും  ദേശീയപാത അതോറിറ്റിയിൽനിന്ന‌് സംസ്ഥാന സർക്കാരിന‌് ലഭിച്ചില്ല. എന്നാൽ, ഈ പ്രവൃത്തികൾ സംസ്ഥാനം ഏറ്റെടുത്തുകൊള്ളാമെന്നുകാട്ടി മന്ത്രാലയത്തിന‌് കത്തു നൽകി.

ഇതെല്ലാം ചട്ടവിരുദ്ധവും സംസ്ഥാനത്തിന‌് വലിയ സാമ്പത്തികനഷ്ടം വരുത്തുന്നതുമായ തീരുമാനങ്ങളാണെന്നുകാട്ടി ധനവകുപ്പ‌് ഉദ്യോഗസ്ഥർ ശക്തമായ എതിർപ്പ‌് ഉയർത്തിയെങ്കിലും ധനവകുപ്പ‌് കൈകാര്യം ചെയ‌്തിരുന്ന മുഖ്യമന്ത്രി  ഉമ്മൻചാണ്ടി അവ മറികടന്നു. സംസ്ഥാനത്ത‌് വിൽക്കപ്പെടുന്ന പെട്രോളിനും ഡീസലിനും ഒരു രൂപ ക്രമത്തിൽ വിൽക്കുന്ന അധിക വിൽപ്പന നികുതിയുടെ 50 ശതമാനം വിഹിതമായി വർഷംതോറും 200 കോടി രുപ പദ്ധതിക്ക‌് ലഭിക്കുമെന്നും, ഈ തുക ഉപയോഗിച്ച‌് പദ്ധതികൾ നടപ്പാക്കുമെന്നും അന്ന‌് പറഞ്ഞു.

2015 ജൂൺ 30ന്റെ ഉത്തരവിൽത്തന്നെ അധിക വിൽപ്പന നികുതിയുടെ 50 ശതമാനം വിഹിതം പദ്ധതി നിർവഹണത്തിനായി കേരള റോഡ‌് ഫണ്ട‌് ബോർഡിന‌് നൽകണമെന്ന‌് വ്യവസ്ഥ ചെയ‌്തിരുന്നുവെങ്കിലും ഒരു രൂപപാേലും നൽകിയില്ല. പരിസ്ഥിതി അനുമതിപോലും വാങ്ങാതെ പാലം നിർമാണത്തിന‌് അനുമതി നൽകി. പദ്ധതികൾക്ക‌് ഏറ്റെടുക്കേണ്ട സ്ഥലം എത്രയെന്ന‌ തിട്ടപ്പെടുത്തൽപോലും നടത്താതെയുള്ള നിർമാണങ്ങളുടെ ബാക്കിപത്രങ്ങളിൽ ഒന്നുമാത്രമാണ‌് പാലാരിവട്ടം മേൽപ്പാലം. ബജറ്റിൽ വകയിരുത്തലില്ലാതെ, വ്യക്തമായ ഒരു ധനാഗമന മാർഗം കാട്ടാതെ 3771 കോടി രൂപയുടെ പ്രവൃത്തികൾ ഏറ്റെടുക്കുകയെന്ന സാമ്പത്തിക അധികാര ദുർവിനിയോഗം നടത്തിയത‌് ആരുടെ താൽപ്പര്യത്തിനുവേണ്ടിയായിരുന്നു?

കൺകെട്ട‌് വിദ്യയിലെ വഴിത്തിരിവുകൾ

ബജറ്റിലെ പണമുപയോഗിച്ച‌് ചെയ്യുന്ന മരാമത്ത‌് ജോലികൾ തന്ത്രപരമായി പൊതുമരാമത്ത‌് വകുപ്പിന‌് പുറത്തേക്കുകൊണ്ടുവന്നതിനുപിന്നിൽ പ്രവർത്തിച്ചത‌് കുതന്ത്രശാലികൾ ആണ‌്. ചുക്കാൻ പിടിച്ച പൊതുമരാമത്ത‌് വകുപ്പ്‌ സെക്രട്ടറി ടി ഒ സൂരജ്‌ സ‌സ‌്പെൻഷൻ അടക്കമുള്ള നടപടികൾക്ക‌് വിധേയനായി. വിരമിച്ചശേഷം നടപടികൾ നേരിടുകയാണ‌് ഇയാൾ.

പണം സമാഹരിക്കേണ്ടത‌് കേരള റോഡ‌് ഫണ്ട‌് ബോർഡ‌്. കൺസൾട്ടൻസിയെ നിയോഗിച്ച‌് പദ്ധതി രൂപകൽപ്പന നിർവഹണം നടത്തേണ്ട ചുമതലയും ബോർഡിന‌്. രൂപകൽപ്പന പരിശോധിച്ച‌് അംഗീകാരം നൽകേണ്ടത‌് സർക്കാർ സ്ഥാപനമായ കിറ്റ‌്കോ. നിർമാണ ച്ചുമതല റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് ഡെവലപ‌്മെന്റ‌് കോർപറേഷനും. ഇവിടെവരെ കാര്യങ്ങളെല്ലാം റെഡി. ഇനിയാണ‌് വഴിത്തിരിവ‌്. റോഡ‌് ഫണ്ട‌് ബോർഡിന‌് പൊതുമരാമത്ത‌് വകുപ്പിന‌് അനുവദിച്ചിട്ടുള്ള ബജറ്റ‌് വിഹിതം റോഡ‌് ഫണ്ട‌് ബോർഡുവഴി കോർപറേഷനിൽ എത്തുന്നു. ഇതിനിടയിൽ കൺസൾട്ടൻസി തയ്യാറാക്കിയ രൂപകൽപ്പന കണ്ണുമടച്ച‌് കിറ്റ‌്കോ അംഗീകരിക്കുന്നു. ഈ രൂപരേഖയിലൂടെ പ്രവൃത്തിയുടെ അടങ്കൽ അതിശയകരമായ നിലയിൽ കുതിച്ചുയരുന്നു. കോർപറേഷൻ ഇഷ്ടമുള്ള കരാറുകാർക്ക‌് ജോലി ഏൽപ്പിക്കുന്നു. ഇവിടെയാണ‌് മന്ത്രി ഓഫീസിന്റെ സാന്നിധ്യം മണക്കുന്നത‌്. ‘സ്വന്തംജനങ്ങൾ’ക്കുതന്നെ കരാർ ലഭിക്കുന്നു. അക്കാലത്ത‌് പൊതുമരാമത്ത‌് വകുപ്പുമായി ബന്ധപ്പെട്ട കരാറുകൾക്കെല്ലാം അടങ്കലിന്റെ 30 ശതമാനംമുതൽ  അധികരിച്ച തുകയ‌്ക്കായിരുന്നു കരാർ നൽകിയിരുന്നത‌്.
അടുത്ത നടപടിയായിരുന്നു സ‌്പീഡ‌് കേരളയുടെയും ജില്ലാ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെയും തുറപ്പുഗുലാൻ. കരാറുകാരന‌് പ്രവൃത്തിയുടെ കരാർ തുകയുടെ 20 ശതമാനം കോർപറേഷനിൽനിന്ന‌്  മുൻകൂറായി ലഭിക്കും.  "വിഹിതങ്ങൾ' കൃത്യമായി എല്ലായിടത്തുമെത്തും. ഇതോടെ പദ്ധതി പ്രവർത്തനം പാതിവഴിയിലാകും. 

പൊതുവിപണിയിൽനിന്ന‌് പണം കണ്ടെത്തി നടത്തുമെന്നു പ്രഖ്യാപിച്ച പദ്ധതികൾക്ക‌് ബജറ്റിലെ പണം വക തിരിച്ചുവിട്ട‌് ധൂർത്തടിച്ചു. പദ്ധതിയുടെ നിർവഹണച്ചുമതലയേൽപ്പിച്ച റോഡ‌് ഫണ്ട‌് ബോർഡും റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് കോർപറേഷനും  തങ്ങളുടെ ചുമതല നിർവഹിച്ചില്ല. എല്ലാവർക്കും "വിഹിതം' ലഭിക്കുന്നത‌് മാത്രം ഉറപ്പാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top