06 December Friday

പാലാരിവട്ടം പാലം പുനർനിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക്‌ ; ഊരാളുങ്കലിന്‌ മികച്ച യോഗ്യതയെന്ന് ഇ ശ്രീധരൻ

എം എസ‌് അശോകൻUpdated: Sunday Nov 17, 2019


കൊച്ചി
നിർമാണപ്പിഴവുമൂലം തകർന്ന പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയാനുള്ള കരാർ  വടകര  ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സഹകരണ സൊസൈറ്റിക്ക്‌. ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) വിളിച്ച ലിമിറ്റഡ്‌ ടെൻഡറിൽ പങ്കെടുത്ത അഞ്ചു കമ്പനികളിൽ നിന്നാണ്‌ ഊരാളുങ്കൽ സൊസൈറ്റിയെ തെരഞ്ഞെടുത്തത്‌.

ടെൻഡർ നടപടി അതിവേഗം പൂർത്തിയായെങ്കിലും പാലം പൊളിക്കുന്നത്‌ ഹൈക്കോടതി തടഞ്ഞതിനാൽ നിർമാണം തുടങ്ങാനാകാത്ത അവസ്ഥയാണെന്ന്‌ ഡിഎംആർസി മുഖ്യ ഉപദേഷ്‌ടാവ്‌  ഇ ശ്രീധരൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

പാലം പൊളിച്ചുപണിയാനുള്ള ചുമതല സംസ്ഥാന സർക്കാർ കൈമാറി 22 ദിവസത്തിനകമാണ്‌ ഡിഎംആർസി ടെൻഡർ നടപടി പൂർത്തിയാക്കിയത്‌. ഒക്ടോബർ 25നാണ്‌ പാലം പുനർനിർമാണച്ചുമതല ഡിഎംആർസിക്ക്‌ നൽകിയത്‌. നിർമാണമാരംഭിച്ച്‌ ഒമ്പതുമാസത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നാണ്‌ കരാർ വ്യവസ്ഥ. 18.77 കോടി രൂപയ്‌ക്കാണ്‌ പുനർനിർമാണം.

ടെൻഡറിൽ പങ്കെടുത്ത അഞ്ച്‌ കമ്പനികളിൽ മൂന്നെണ്ണം നേരത്തെ ഡിഎംആർസിയുടെ കരാറുകൾ ഏറ്റെടുത്തവയാണ്‌. ഒരെണ്ണം റെയിൽവേ കരാറുകൾ ചെയ്യുന്ന കമ്പനിയും. ഊരാളുങ്കൽ സൊസൈറ്റി ഡിഎംആർസിയുമായി സഹകരിക്കുന്നത്‌ ഇതാദ്യമാണ്‌.  അറ്റകുറ്റപ്പണിയെ ചോദ്യംചെയ്‌ത്‌  വ്യക്തികളും സ്ഥാപനങ്ങളും സമർപ്പിച്ച അഞ്ച്‌ ഹർജികളാണ്‌ ഹൈക്കോടതിയിലുള്ളത്‌.

ഊരാളുങ്കലിന്‌ മികച്ച യോഗ്യത: ഇ ശ്രീധരൻ
കൊച്ചി
ഊരാളുങ്കൽ സൊസൈറ്റി മികച്ച ട്രാക്ക്‌ റെക്കോഡുള്ള സ്ഥാപനമാണെന്നും പാലാരിവട്ടം പാലം മികച്ച രീതിയിൽ പുനർനിർമിക്കാനുള്ള എല്ലാ സംവിധാനങ്ങളും അവർക്ക്‌ ഉണ്ടെന്നും മെട്രോമാൻ ഇ ശ്രീധരൻ. ഏറ്റെടുത്ത നിർമാണങ്ങളെല്ലാം അവർ മികച്ച നിലയിൽ പൂർത്തിയാക്കിയിട്ടുണ്ട്‌. പൊന്നാനിയിലെ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയുടെ നിർമാണം ശ്രദ്ധേയമാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top