25 August Sunday

പാലാരിവട്ടം സമരം കരുത്തോടെ മുന്നോട്ട‌്; വിജിലൻസ‌് വിദഗ‌്ധസംഘം പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

കോടിയേരി ബാലകൃഷ്‌ണൻ പാലാരിവട്ടം മേൽപ്പാലം സന്ദർശിച്ചപ്പോൾ. പി രാജീവ്‌, സി എൻ മോഹനൻ തുടങ്ങിയവർ സമീപം

കൊച്ചി > പാലാരിവട്ടം മേൽപ്പാലം അഴിമതിക്ക് ഉത്തരവാദിയായ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ്ക്കുക, അഴിമതിക്ക് കാരണക്കാരായ എല്ലാ ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നീ  ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ‌് പാലാരിവട്ടത്ത് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം കൂടുതൽ ജനപിന്തുണയാർജിച്ച‌് മുന്നേറുന്നു.

ഏഴാംദിവസത്തെ സമരം ജനതാദൾ എസ‌് ജില്ലാ പ്രസിഡന്റ‌് സാബു ജോർജ‌് ഉദ‌്ഘാടനം ചെയ‌്തു. പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ അപാകതകൾ പുറത്തുവന്നതോടെ ഇബ്രാഹിംകുഞ്ഞിന്റെ പൊയ‌്‌മുഖം അഴിഞ്ഞുവീണതായി സാബു ജോർജ് പറഞ്ഞു. മെട്രോമാൻ ഇ ശ്രീധരന്റെ റിപ്പോർട്ടാണ് കേരളം കാത്തിരിക്കുന്നത്. അസംസ്കൃതവസ്തുക്കളുടെ ഉപയോഗം കുറച്ച് മേൽപ്പാലം നിർമിക്കാമെന്ന് കണ്ടെത്തിയ ഇബ്രാഹിംകുഞ്ഞിന് ഡോക്ടറേറ്റ് നൽകേണ്ടതാണെന്നും സാബു ജോർജ് അഭിപ്രായപ്പെട്ടു.

കെ എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി,  വി എ സക്കീർ ഹുസൈൻ, പി ജെ കുഞ്ഞുമോൻ, എ എം യൂസഫ്, കുമ്പളം രവി, ബേബി കുര്യൻ, എം ഇ അസൈനാർ, എം എബ്രഹാം, ഷാജി പീച്ചങ്കര, കെ എം എ ജലീൽ, ഒ എൻ ഇന്ദ്രകുമാർ,  കെ കെ സന്തോഷ് ബാബു, കെ ടി എൽദോ തുടങ്ങിയവർ സംസാരിച്ചു.

വിജിലൻസ‌് വിദഗ‌്ധസംഘം പരിശോധന നടത്തി

സ്വന്തം ലേഖകൻ

കൊച്ചി > നിർമാണത്തിലെ അഴിമതി സംബന്ധിച്ച വിജിലൻസ‌് അന്വേഷണത്തിന്റെ ഭാഗമായി വിദഗ‌്ധസംഘം പാലാരിവട്ടം മേൽപ്പാലത്തിൽ പരിശോധന നടത്തി. കേസന്വേഷിക്കുന്ന വിജിലൻസ‌് എറണാകുളം യൂണിറ്റ‌് രൂപംനൽകിയ വിദഗ‌്ധസമിതിയിലെ അംഗങ്ങളാണ‌് ചൊവ്വാഴ‌്ച വൈകിട്ട‌് സ്ഥലത്തെത്തി പരിശോധന നടത്തിയത‌്. തൃശൂർ എൻജിനിയറിങ‌് കോളേജിലെ പ്രൊഫസർ, പിഡബ്ല്യുഡിയിലെ രണ്ട‌് സൂപ്രണ്ടിങ‌് എൻജിനിയർമാർ, ഡിസൈൻ വിഭാഗത്തിലെ എക‌്സിക്യൂട്ടീവ‌് എൻജിനിയർ എന്നിവരുൾപ്പെട്ട സംഘമാണ‌് വിജിലൻസ‌് ഉദ്യോഗസ്ഥർക്കൊപ്പം പാലത്തിൽ പരിശോധന നടത്തിയത‌്. പാലത്തിന്റെ ഘടനയും ഉപയോഗിച്ച നിർമാണസാമഗ്രികളും സംഘം പരിശോധിച്ചു. പാലത്തിൽനിന്ന‌് ഈയാഴ‌്ചതന്നെ സാമ്പിളുകൾ ശേഖരിച്ച‌് വിദഗ‌്ധപരിശോധനയ‌്ക്ക‌് അയക്കുമെന്ന‌് വിജിലൻസ‌് വ്യക്തമാക്കി.

വിദഗ‌്ധസംഘത്തിന്റെ റിപ്പോർട്ട‌് പരിഗണിച്ചാവും വിജിലൻസിന്റെ തുടർനടപടികൾ. റിപ്പോർട്ട‌് ലഭിച്ചശേഷം ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കി അന്വേഷണത്തിന്റെ അടുത്തഘട്ടത്തിലേക്ക‌് കടക്കും. കേസ‌് രജിസ‌്റ്റർചെയ‌്തതിനു പിന്നാലെ കരാർ കമ്പനിയായ ആർഡിഎസ‌്, കൺസൾട്ടൻസി സ്ഥാപനമായ കിറ്റ‌്കോ, നിർവഹണ ഏജൻസിയായ ആർബിഡിസികെ, രൂപരേഖ തയ്യാറാക്കിയ നാഗേഷ‌് കൺസൾട്ടൻസി എന്നിവിടങ്ങളിൽനിന്ന‌് പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ‌്. കേരള റോഡ‌് ഫണ്ട‌് ബോർഡ‌് ആർബിഡിസികെക്ക‌് പാലം നിർമാണത്തിനായി കൈമാറിയ തുക ചെലവഴിച്ചതെങ്ങനെയെന്നും വിജിലൻസ‌് പരിശോധിക്കുന്നുണ്ട‌്.


പ്രധാന വാർത്തകൾ
 Top