02 December Wednesday
കുറ്റപത്രം ഉടൻ

പാലാരിവട്ടം പാലം അഴിമതി : മുൻകൂർ പണത്തിനും കമീഷൻ വാങ്ങി ; ഡിജിറ്റൽ തെളിവ്‌ ലഭിച്ചു

റഷീദ‌് ആനപ്പുറംUpdated: Monday Oct 12, 2020


പാലാരിവട്ടം പാലത്തിന്റെ കരാർ കമ്പനിയിൽനിന്ന്‌ മൊബിലൈസേഷൻ അഡ്വാൻസിന്റെ പേരിലും ഉന്നതർ കൈപ്പറ്റിയത്‌ ലക്ഷങ്ങളുടെ കമീഷൻ. കരാർ വ്യവസ്ഥയ്‌ക്ക്‌ വിരുദ്ധമായി 8.25 കോടി രൂപ ആർഡിഎസ്‌ പ്രോജക്ടിന്‌ കുറഞ്ഞ പലിശയ്‌ക്ക്‌ മൊബിലൈസേഷൻ അഡ്വാൻസ്‌ അനുവദിച്ചിരുന്നു. ഇതിൽ കമീഷൻ കൈപ്പറ്റിയതായായി വിജിലൻസിന്‌ ഡിജിറ്റൽ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. ആർഡിഎസ്‌ പ്രോജക്ട്‌ എംഡിയുടെ സ്വകാര്യ ലാപ്‌ടോപ്പിലാണ്‌ പണമിടപാട്‌ സംബന്ധിച്ച വിവരം‌.

മൊബിലൈസേഷൻ അഡ്വാൻസ്‌ മറ്റ്‌ പ്രവൃത്തികൾക്കുപയോഗിച്ച്‌ തിരിമറി നടത്തിയതിന്റെ തെളിവും കിട്ടി   പ്രവൃത്തി ആരംഭിക്കുംമുമ്പ്‌ കരാർ കമ്പനിക്ക്‌ മുൻകൂർ പണം നൽകുന്നതാണ്‌ ‘മൊബിലൈസേഷൻ അഡ്വാൻസ്‌. ഇത്‌ നൽകണമെങ്കിൽ കരാറിൽ രേഖപ്പെടുത്തണം. പാലാരിവട്ടം പാലം നിർമാണ കരാറിൽ ഇക്കാര്യമില്ല. കരാർ നൽകിയശേഷം മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെയടക്കം അറിവോടെയാണ്‌ 8,25,59,768 രൂപ ആർഡിഎസ്‌ പ്രോജക്ടിന്‌ അനുവദിച്ചത്‌.

പലിശ പൂർണമായും ഒഴിവാക്കാൻ നീക്കമുണ്ടായെങ്കിലും വിവാദമായതോടെ ഏഴ്‌ ശതമാനംമാത്രമാക്കി. സമാനമായ അഡ്വാൻസിന്‌ പൊതുമേഖലാ ബാങ്ക്‌ 14 മുതൽ 18 ശതമാനംവരെ‌യാണ്‌ പലിശ ഈടാക്കുന്നത്‌. സർക്കാർ പണത്തിന്‌ 11.50 മുതൽ 13.50 ശതമാനംവരെ പലിശയും ഈടാക്കിയിട്ടുണ്ട്‌. എന്നാൽ, ഇവിടെ ഏഴ്‌ ശതമാനമായതിനാൽ ഒരുവർഷം 57 ലക്ഷംരൂപ‌ സർക്കാരിന്‌ നഷ്‌ടം. ഈ തുക കരാർ കമ്പനിയുടെ പോക്കറ്റിലായി. സിഎജിയും ഈ നഷ്‌ടം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഓരോ ബില്ലിൽനിന്നും 30 ശതമാനം കുറച്ചാണ്‌ മൊബിലൈസേഷൻ അഡ്വാൻസ്‌ സർക്കാർ തിരികെ പിടിക്കുക. അത്‌ പത്ത്‌ ശതമാനമായി കുറച്ചും കരാർ കമ്പനിയെ സഹായിച്ചു.  


 

ആർഡിഎസ്‌ എംഡി സുമിത് ഗോയലിന്റെ സ്വകാര്യ ലാപ്‌ടോപ്പും കമ്പനി ഓഫീസിലെ ഡസ്‌ക്‌ടോപ്പും വിജിലൻസ്‌ പിടിച്ചെടുത്തിരുന്നു. ഇതിന്റെ  ഹാർഡ്‌ ഡിസ്‌ക്‌  സിഡാക്കിലും ഫോറൻസിക്‌ ലാബിലും പരിശോധനയ്‌ക്കയച്ചു. ആയിരത്തിലേറെ ഡാറ്റ ‌ലഭിച്ചതിൽ  പണമിടപാട്‌ വിവരങ്ങളുമുണ്ട്‌‌. കണ്ണൂരിലും മറ്റും നടത്തിയ ചില പ്രവൃത്തികൾക്കാണ്‌ മൊബിലൈസേഷൻ അഡ്വാൻസ്‌ വിനിയോഗിച്ചത്‌. 

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞും രണ്ട്‌ ഉന്നത ഐഎഎസ്‌ ഓഫീസർമാരും പ്രതിയായ കേസിൽ അടുത്തദിവസം വിജിലൻസ്‌ കുറ്റപത്രം സമർപ്പിക്കും. ഉദ്യോഗസ്ഥരിൽ ഒരാൾ വിരമിച്ചു.  ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ ഗവർണറുടെയും മറ്റുള്ളവരെ പ്രോസിക്യൂട്ട്‌ ചെയ്യാൻ സർക്കാരിൽനിന്നും അനുമതി തേടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top