20 October Tuesday

ഭാരം പരിശോധിച്ചാൽ പാലം വീഴും ; ഇന്ത്യൻ റോഡ്‌ കോൺഗ്രസ്‌ റിപ്പോർട്ട്‌ , ക്രമക്കേടിന്‌ വിജിലൻസിന്‌ കൂടുതൽ തെളിവ്‌

റഷീദ‌് ആനപ്പുറംUpdated: Saturday Sep 26, 2020


പാലാരിവട്ടം പാലം  നിർമാണത്തിലെ ക്രമക്കേടിന്‌ വിജിലൻസിന്‌ കൂടുതൽ തെളിവ്‌. ഇത്‌ വ്യക്തമാക്കുന്ന ഇന്ത്യൻ റോഡ്‌ കോൺഗ്രസ്‌ (ഐആർസി) വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്‌ വിജിലൻസിന്‌ ലഭിച്ചു. വിള്ളലിന്‌ പുറമെ പാലം നിർമാണത്തിൽ അടിമുടി ക്രമക്കേട്‌ നടന്നെന്നാണ്‌‌ റിപ്പോർട്ട്‌.

ഭാരപരിശോധന നടത്തിയാൽ
പാലം പൊളിഞ്ഞുവീഴുമെന്നും റിപ്പോർട്ടിലുണ്ട്‌. ഗർഡറുകളെല്ലാം അപകടനിലയിലാണ്‌. പലതും സ്ഥാനം തെറ്റിയ നിലയിലുമാണ്‌. ഐആർസിയുടെ  ഈ റിപ്പോർട്ട്‌  സുപ്രീംകോടതിക്ക്‌ കൈമാറിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ്‌ പാലം പൊളിച്ചുപണിയാൻ സർക്കാരിന്‌ സുപ്രീംകോടതി അനുമതി നൽകിയത്‌.  ഇ ശ്രീധരനും സമാനമായ റിപ്പോർട്ടായിരുന്നു സർക്കാരിന്‌ സമർപ്പിച്ചത്‌.

റോഡ്‌, പാലം എന്നിവയുടെ സാങ്കേതികമേന്മ പരിശോധിക്കുന്ന  എൻജിനിയറിങ്‌ വിദഗ്‌ധർ അടങ്ങിയ രാജ്യത്തെ ഏറ്റവും വലിയ   ഏജൻസിയാണ്‌ ഇന്ത്യൻ റോഡ്‌ കോൺഗ്രസ്‌. അലോക്‌ പാണ്ഡി, പരൻകർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളെടുത്ത്‌  പാലാരിവട്ടം  പാലവും രേഖകളും വിശദമായി പരിശോധിച്ചു. വിശദമായ റിപ്പോർട്ട്‌ വിജിലൻസിന്‌ കൈമാറുകയായിരുന്നു. പാലം നിർമാണസമയത്ത്‌ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷന്റെ ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന്റെ പങ്കിനും വിജിലൻസിന്‌ കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്‌. അദ്ദേഹത്തെ  ഒരു തവണകൂടി ചോദ്യം ചെയ്യാനും വിജിലൻസ്‌ ആലോചിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top