കൊച്ചി > യുഡിഎഫിന്റെ അഴിമതിയുടെ സ്മാരകമായ പാലാരിവട്ടം പാലം വെള്ളിയാഴ്ചയോടെ പൊളിച്ചുനീക്കും. ഇനി പൊളിച്ചുനീക്കാൻ മൂന്നു പിയർ ക്യാപ്പുകൾകൂടി മാത്രം. ചൊവ്വാഴ്ച രാത്രിയിൽ 17 സ്പാനുകളും ഗർഡറുകളും പൊളിച്ചുനീക്കി. ഇത് ബുധനാഴ്ചതന്നെ മുട്ടം യാർഡിലേക്ക് മാറ്റി. പാലം പൊളിക്കലിലെ പ്രധാന ജോലി ഇതോടെ പൂർത്തിയായി.
മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അരനൂറ്റാണ്ട് ആയുസ്സ് കണക്കാക്കിയാണ് 42 കോടി മുടക്കി മേൽപ്പാലം നിർമിച്ചത്. പക്ഷേ, ഭരണനേതൃത്വവും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൈയിട്ടുവാരലിൽ പാലം ദുരന്തമായി. ഗതാഗതത്തിന് തുറന്നുകൊടുത്ത് ആറു മാസത്തിനകം കുഴപ്പങ്ങൾ കണ്ടുതുടങ്ങി. രണ്ടര വർഷത്തിനകം പാലം അടച്ചു. ആകെയുള്ള 19 സ്പാനുകളിൽ 17 എണ്ണവും പൊളിച്ചുമാറ്റേണ്ടിവന്നു.
പിയർക്യാപ്പുകളും പൊളിച്ചു. പാലം നിർമാണത്തിലെ അഴിമതിക്കെതിരെ എൽഡിഎഫ് സർക്കാർ ശക്തമായ നിലപാടെടുത്തപ്പോൾ ഉന്നതോദ്യോഗസ്ഥരും കരാറുകാരനും ഒടുവിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ കഴിയുമ്പോഴാണ് പാലം പൊളിക്കൽ പൂർത്തിയാകുന്നത്.
പൊളിക്കുന്നതിന് സമാന്തരമായി നിർമാണവും പുരോഗമിക്കുകയാണ്. പെരുമ്പാവൂർ പള്ളാശേരി എർത്ത് വർക്സാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കുവേണ്ടി ഡിഎംആർസിയുടെ മേൽനോട്ടത്തിൽ പാലം പൊളിക്കുന്നത്. ആറ് ഡയമണ്ട് കട്ടറുകൾ ഉപയോഗിച്ചാണ് ഡെക്ക് സ്ലാബുകളും ഗർഡറുകളും മുറിച്ചത്. നവംബർ അവസാനവാരത്തോടെ പൊളിക്കൽ പൂർത്തിയാക്കുമെന്നാണ് പള്ളാശേരി എർത്ത് വർക്സ് അധികൃതർ അറിയിച്ചിരുന്നത്. തിരക്കേറിയ ജങ്ഷനിൽ ഗതാഗതക്കുരുക്കില്ലാതെ സമയക്രമം പാലിച്ചുതന്നെയാണ് പൊളിക്കൽ പൂർത്തിയാക്കുന്നത്. പുതിയ പാലം മേയിൽ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് കൃത്യതയോടെ പുരോഗമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..