08 August Saturday

പാലാരിവട്ടം മേൽപ്പാലം: യുഡിഎഫ‌് സർക്കാർ കരാർ നൽകിയതിൽ ദുരൂഹത

ഇ എസ‌് സുഭാഷ‌്Updated: Thursday Jun 6, 2019

കൊച്ചി> പാലാരിവട്ടം മേൽപാലത്തിന്റെ നിർമാണം ആർഡിഎസ‌് എന്ന കമ്പനിക്ക‌് അന്നത്തെ യുഡിഎഫ‌് സർക്കാർ കരാർനൽകിയതിൽ ദുരൂഹതയുണ്ടെന്ന‌് വിജിലൻസ‌് റിപ്പോർട്ട‌്.  കരാർ നൽകിയിട്ടും നിർമാണം ശരിയായ രീതിയിലാണോ നടക്കുന്നതെന്ന‌് പരിശോധിക്കാനുള്ള ഉത്തരവാദിത്തവും സർക്കാർ നിർവ്വഹിച്ചിട്ടില്ല.  മേലപ്പാലം നിർമാണം സംബന്ധിച്ച അന്വേഷണം നടത്തിയ വിജിലൻസ‌് മുവ്വാറ്റുപുഴ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അവസാനഭാഗത്താണ‌് യുഡിഎഫ‌് സർക്കാരിന്റെ വീഴ‌്ച എടുത്ത‌്പറഞ്ഞിട്ടുള്ളത്‌.

പാലം ഡിസൈൻ ചെയ‌്തത‌് കുറഞ്ഞ ചിലവിൽ കൂടതൽ ലാഭമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ‌്. ഇതിൽ പണം കൈപറ്റിയത‌് മാത്രമല്ല ഗൂഡാലോചനയും അന്വേഷിക്കണം. നിർമാണ കരാർ നൽകിയത‌് ടെണ്ടർ നടപടികളിലൂടെയാണ‌്. എന്നാൽ ഇത‌് ശരിയായ  രീതിയിലാണോ എന്ന‌ും പരിശോധിക്കേണ്ടതുണ്ട‌്.

പാലത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വിളളൽ വന്നിട്ടുണ്ട‌്. പാലത്തെ ഉറപ്പിച്ച‌് നിർത്തുന്ന ജങ‌്ഷനുകൾ ആകെ ഇളകിയിട്ടുണ്ട‌്. ഇത‌് പാലത്തെ മൊത്തം ദുർബലപ്പെടുത്തിയതായി ആശങ്കയുണ്ട‌്. അറ്റകുറ്റ പണി നടത്തിയാൽ പാലത്തിന‌് പൂർണ്ണബലം കിട്ടുമോ എന്ന പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ  കരാറുകാരന്റെ ചിലവിൽ പാലം പുനർനിർമിക്കുന്നതിനെ കുറിച്ച‌് ആലോചിക്കണം.

2016–-ൽ ഉദ‌്ഘാടനം ചെയ‌്ത പാലം രണ്ട‌് വർഷത്തിനിടെ തകരുന്നു എന്നത‌് ചെറിയ കാര്യമല്ല. ഇത്തരത്തിൽ നിർമിക്കുന്ന പാലങ്ങൾ 400–-500 വർഷംവരെ ഒരു കുഴപ്പവുമില്ലാതെ നിലനിൽക്കുന്നതാണ‌്. വളരെ കുറഞ്ഞതോതിലാണ് കോൺക്രീറ്റ‌് മിശ്രിതം ഉപയോഗിച്ചിരിക്കുന്നത‌്. ആവശ്യത്തിന‌് കമ്പി ഉപയോഗിച്ചിട്ടില്ല. ഇത‌് ആർബിഡിസികെ, കിറ്റ‌്കോ തുടങ്ങിയ സ്ഥാപനങ്ങൾ  വേണ്ട വിധം പരിശോധിച്ചിട്ടില്ല.  ഇത‌് ബോധപൂർവ്വമാണോ എന്ന‌് സംശയക്കേണ്ടിയിരിക്കുന്നു.

പാലവും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കായി 72 കോടി രൂപയുടെ  എസ‌്റ്റിമേറ്റാണ‌് തയ്യാറാക്കിയിരുന്നത‌്. ഇതിൽ  പാലത്തിന‌് മാത്രം 47 കോടി രൂപയ‌ാണ‌് ചിലവ‌്. ഇതിൽ 37 കോടി രൂപ ചിലവഴിച്ചു. 34 കോടി രൂപ സർക്കാരിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട‌്. ഇതുമായി ബന്ധപ്പെട്ട‌് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി  ആർബിഡിസികെയുടെ അന്നത്തെ എം ഡി ഉൾപ്പെടെയുള്ളവരിൽ നിന്നും മൊഴിയെടുത്തു. ഇനി കേസ‌് അന്വേഷണത്തിന്റെ ഭാഗമായി വിശദമായ  ചോദ്യം ചെയ്യും.

പാലാരിവട്ടം പാലം  നിർമാണത്തിന‌് മുമ്പുള്ള കീഴ‌്വഴക്കങ്ങൾ എല്ലാം സർക്കാർ  ലംഘിച്ചിരുന്നു. ദേശീയപാതയിൽ സാധാരണ സംസ്ഥാന സർക്കാർ വലിയ നിർമാണ പ്രവർത്തികൾ നടത്താറില്ല. നാഷണൽ ഹൈവേ അതോറിറ്റി  നിർമാണം നടത്തി  ടോൾ പിരിച്ച‌് മുടക്കിയപണം കണ്ടെത്തുകയാണ‌്  പതിവ‌്. എന്നാൽ ഇതിന‌്  വിപരീതമായി  സർക്കാർ തന്നെ മുഴുവൻ പണവും മുടക്കി നിർമാണം നടത്തുകയാണ‌് ഇവിടെ ചെയ‌്തത‌്.

അതുപോലെ  കേരള റോഡ‌്സ‌് ആൻറ‌് ബോർഡിന‌്  സ്വയം ഫണ്ട‌് കണ്ടെത്തി നിർമാണം നടത്താൻ ആവശ്യപ്പെട്ടതിലും ദൂരൂഹതയുണ്ട‌്. ഇതിലടക്കമുള്ള ഗൂഡാലോചനകൾ അന്വേഷിക്കണമെന്നും വിജിലൻസ‌് നിർദ്ദേശമുണ്ട‌്. പൂർണമായും അപാകത നിറഞ്ഞ രൂപരേഖ  കിറ്റ‌്കോ അതേപടി അംഗീകരിച്ചു മദ്രാസ‌് ഐടിഐയുടെ അന്വേഷണത്തിലും  ഈ അപാകത കണ്ടെത്തിയിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top