19 November Tuesday

കോടതി വ്യവഹാരങ്ങളും അനാവശ്യ പരാതികളും നീളുന്നു ; പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപ്പണി വൈകും

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


സ്വന്തം ലേഖകൻ
കോടതി വ്യവഹാരങ്ങളും അനാവശ്യ പരാതികളും കുമിഞ്ഞുകൂടിയതോടെ പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപ്പണി വൈകുമെന്ന്‌ ആശങ്ക. പാലം സഞ്ചാരയോഗ്യമാക്കാൻ 18.71 കോടി രൂപയുടെ അറ്റകുറ്റപ്പണി ഇ എം ശ്രീധരനെയും ഡൽഹി മെട്രോ റെയിൽ കോർപറേഷനെയും (ഡിഎംആർസി) ഏൽപ്പിച്ച്‌ ഉത്തരവായെങ്കിലും നിർമാണം തുടങ്ങാനായില്ല. 

തകരാറിലായ ഭാഗം പൊളിച്ചുള്ള അറ്റകുറ്റപ്പണിയെ ചോദ്യംചെയ്‌ത്‌  വ്യക്തികളും സ്ഥാപനങ്ങളും നൽകിയ അഞ്ചു ഹർജി ഹൈക്കോടതിയിലെത്തിയതാണ്‌ കാരണം. പാലം അടച്ചിട്ട്‌ ആറുമാസം പിന്നിടുമ്പോൾ കൊച്ചിനഗരം കനത്ത ഗതാഗതക്കുരുക്കിലാണ്‌. ഒക്‌ടോബർ ആദ്യവാരം പണി ആരംഭിച്ച്‌ പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കി പാലം ഗതാഗതത്തിന്‌ തുറക്കാനായിരുന്നു പദ്ധതി. അതനുസരിച്ച്‌ ജൂലൈ മൂന്നിന്‌ ഇ ശ്രീധരൻ പരിശോധനാ റിപ്പോർട്ടും അറ്റകുറ്റപ്പണിയുടെ നിർദേശവും സമർപ്പിച്ചു. അറ്റകുറ്റപ്പണിക്കുള്ള ഐഐടിയുടെ റിപ്പോർട്ടുകൂടി പരിശോധിച്ച്‌ അന്തിമ തീരുമാനമെടുത്താൽ മതിയെന്നും ശ്രീധരൻ ആവശ്യപ്പെട്ടിരുന്നു.

സെപ്‌തംബർ ആദ്യവാരം ഐഐടി നിർദേശം സർക്കാരിന്‌ കിട്ടി.  ഒക്‌ടോബർ അവസാനത്തോടെ അറ്റകുറ്റപ്പണി തുടങ്ങാനാകുമെന്ന്‌ പ്രതീക്ഷിച്ചു. അറ്റകുറ്റപ്പണിക്ക്‌ താൻ നിർദേശിച്ച തുകയുടെ പകുതി  ഐഐടിയുടെ പദ്ധതിക്ക്‌ വരുമെങ്കിൽ തന്റെ നിർദേശമാകും നല്ലതെന്നാണ്‌ ശ്രീധരൻ സർക്കാരിനെ അറിയിച്ചിരുന്നത്‌.

ഐഐടി നിർദേശത്തിലെ പോരായ്‌മകളും ശ്രീധരൻ  ശ്രദ്ധയിൽപ്പെടുത്തി. അറ്റകുറ്റപ്പണി തുടങ്ങാനിരിക്കെയാണ്‌ അനാവശ്യ വിവാദങ്ങളും ചർച്ചകളും  ഉയർന്നതും കാര്യങ്ങൾ കൂടുതൽ സങ്കീർണമായതും.


 

ശ്രീധരന്റെയും ഐഐടിയുടെയും നിർദേശങ്ങൾ പരിശോധിക്കാൻ സർക്കാർ രണ്ടു വിദഗ്‌ധരെക്കൂടി ഉൾപ്പെടുത്തി വിദഗ്‌ധസമിതി വിപുലീകരിച്ചു. ശ്രീധരന്റെ പദ്ധതി നടപ്പാക്കാനുള്ള ശുപാർശ ഒക്‌ടോബർ പത്തിന് സർക്കാരിന്‌ സമർപ്പിക്കുകയും ചെയ്‌തു. ഇതിനിടെ സ്‌ട്രക്‌ചറൽ എൻജിനിയർമാരുടെ സംഘടന ഇ ശ്രീധരന്റെ ഇടപെടലിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തു. പാലം പൊളിച്ചുപണിയേണ്ടതില്ലെന്നും അറ്റകുറ്റപ്പണിക്ക്‌ മുമ്പ്‌ ഭാരപരിശോധന നടത്തണമെന്നുമായിരുന്നു ആവശ്യം. പാലം നിർമിച്ച ആർഡിഎസ്‌ കമ്പനിയും ഇതേ ആവശ്യമുന്നയിച്ച്‌ കോടതിയിലെത്തി. ഈ ഹർജി 12ന്‌ വീണ്ടും പരിഗണിക്കുന്നുണ്ട്‌. പാലം പൊളിക്കരുതെന്നാവശ്യപ്പെടുന്ന ഹർജികൾ രണ്ട്‌ വ്യക്തികളും ഫയൽ ചെയ്‌തിട്ടുണ്ട്‌. ഉത്തരവുണ്ടാകുംവരെ പാലം പൊളിക്കരുതെന്നും കോടതി നിർദേശിച്ചു. ഹർജികളിലൊന്നും കോടതിയുടെ തീർപ്പുണ്ടായിട്ടില്ല. പൊളിച്ച്‌ അറ്റകുറ്റപ്പണി  നടത്തിയാൽ പാലം   നൂറുവർഷം നിലനിൽക്കുമെന്ന ശ്രീധരന്റെ ഉറപ്പാണ്‌ സർക്കാർ മുഖവിലയ്‌ക്ക്‌ എടുത്തത്‌. പാലം പുനർനിർമാണത്തെ പൊതുസമൂഹവും സ്വാഗതം ചെയ്‌തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top